നിയമസഭാംഗമാവുകയോ നിയമസഭയെ അഭിമുഖീകരിക്കുകയോ ചെയ്യാതെ മന്ത്രിയായ വ്യക്തിയെന്ന ഖ്യാതി സാക്ഷാല്‍ കെ മുരളീധരന് സ്വന്തം. മാത്രമല്ല കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയെന്ന പേരിനുടമയും കെ മുരളീധരൻ തന്നെ. ആ കഥകള്‍ ഇങ്ങനെ
വീണ്ടുമൊരു നിയമസഭാ തെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. ആറു പതിറ്റാണ്ടിന്റെ ചരിത്രമുള്ള കേരളത്തിന്‍റെ നിയമസഭാ ചരിത്രം നിരവധി തിരഞ്ഞെടുപ്പുകള്‍ കണ്ടുകഴിഞ്ഞു. അതോടപ്പം 1957 ലെ ആദ്യ ഇ.എം.എസ്. മന്ത്രി സഭ മുതല്‍ 2016 മുതല്‍ അധികാരത്തില്‍ തുടരുന്ന പിണറായി വിജയന്‍ മന്ത്രിസഭവരെയുള്ള കേരള നിയമസഭയില്‍ ചില കൗതുകങ്ങളും ഉണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ നിയമസഭ, ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ വ്യക്തി, ഏറ്റവും വലിയ ഭൂരിപക്ഷം, ഏറ്റവുമധികം തവണ മുഖ്യമന്തിയായ ആള്‍, ഏറ്റവുമധികം കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി തുടങ്ങി വിരലില്‍ എണ്ണിയാല്‍ ഒതുങ്ങാത്ത അനവധി നിരവധി കൌതുക സംഭവങ്ങളുടെ നേര്‍സാക്ഷ്യം കൂടിയാണ് നമ്മുടെ നിയമസഭാ ചരിത്രം.
ഈ കൌതുകങ്ങളില്‍ വേറിട്ടൊരു വിശേഷണത്തിന് ഉടമയാണ് കോണ്‍ഗ്രസ് നേതാവും വടകര എംപിയും ഇപ്പോള്‍ നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍. നിയമസഭാംഗമാവുകയോ നിയമസഭയെ അഭിമുഖീകരിക്കുകയോ ചെയ്യാതെ മന്ത്രിയായ വ്യക്തിയെന്ന ഖ്യാതിയാണ് മുരളിക്ക് സ്വന്തമായിട്ടുള്ളത്. മാത്രമല്ല കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയെന്ന പേരിനുടമയും സാക്ഷാല്‍ കെ മുരളീധരൻ തന്നെ.
ആ കഥ ഇങ്ങനെയാണ്. 2001-2004 കാലഘട്ടം. വമ്പന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ എ കെ ആൻറണി സര്‍ക്കാരിന്‍റെ കാലം. കെ മുരളീധരനായിരുന്നു അന്ന് കെപിസിസി പ്രസിഡണ്ട്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റും തമ്മിലുള്ള പോരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞ കാലം. ഗ്രൂപ്പു പോരാട്ടങ്ങളും വിഴുപ്പലക്കലുകളും. ഒടുവില്‍ സമവായമെന്നപോലെ മൂന്നു വയസായ സര്‍ക്കാരില്‍ മന്ത്രിയായി കെ മുരളീധരൻ ചുമതലയേറ്റു. 2004 ഫെബ്രുവരി 11-നായിരുന്നു വൈദ്യുതി വകുപ്പ് മന്ത്രിയായി മുരളീധരന്‍റെ മന്ത്രിസഭാ പ്രവേശനം. അന്ന് നിയമസഭാംഗം അല്ലായിരുന്നു മുരളി.
undefined
എംഎൽഎ അല്ലാത്തതുകൊണ്ടു തന്നെ ആറ് മാസത്തിനകം തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കണമായിരുന്നു മുരളീധരന്. എവിടെ മത്സരിക്കുമെന്ന് ചോദ്യം വന്നു. അപ്പോള്‍ മുരളിക്ക് മത്സരിക്കാനായി വടക്കാഞ്ചേരിയിലെ സിറ്റിംഗ് എംഎല്‍എ വി ബാലറാം രാജിവച്ച് ഒഴിഞ്ഞു. കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയായിരുന്നു പഴയ വടക്കാഞ്ചേരി മണ്ഡലം. 2001ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ആയിരുന്നു കെ കരുണാകരന്‍റെ വിശ്വസ്‍തനായിരുന്ന വി ബാലറാം ഇവിടെ നിന്നും ജയിച്ചുകയറിയത്. ആ നേട്ടമാണ് പ്രിയ ലീഡറുടെ മകനുവേണ്ടി ബാലറാം ത്യജിച്ചത്. അങ്ങനെ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പിനെ നേരിട്ടു മുരളീധരന്‍.
(കെ മുരളീധരന്‍ - പഴയ ചിത്രം)
സിപിഎമ്മിലെ എ സി മൊയ്‍തീനായിരുന്നു മുഖ്യ എതിരാളി. ബിജെപിക്കു വേണ്ടി ശോഭാ സുരേന്ദ്രന്‍ കളത്തിലിറങ്ങി. കേരള പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് വേണ്ടി നടന്‍ ദേവനും അന്ന് വടക്കാഞ്ചേരിയില്‍ വോട്ടുചോദിച്ചിരുന്നു. പ്രചരണ സമയത്തും വിവാദങ്ങള്‍ പുകഞ്ഞുകത്തി. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരു തന്നെയായിരുന്നു അതില്‍ ഭൂരിഭാഗവും. പ്രവീണ്‍ തൊഗാഡിയ പോസ്റ്റര്‍ വിവാദമൊക്കെ ഈ സമയത്തായിരുന്നു. മുരളിയെ കുടുക്കാന്‍ എ വിഭാഗം മനപ്പൂര്‍വമാണ് പോസ്റര്‍ വിവാദം ഉണ്ടാക്കിതെന്ന് ഐ ഗ്രൂപ്പ് വാദിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ആന്റണി തൊഗാഡിയയെ തൊഴുന്ന പോസ്റര്‍ ആന്റണി തന്നെ വാര്‍ത്താസമ്മേളനത്തില്‍ കൊണ്ടുവന്നത് എന്തിനെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ സിപിഎമ്മിനെ ആയിരുന്നു ഈ സംഭവത്തില്‍ ആന്‍റണി കുറ്റപ്പെടുത്തിയത്. പക്ഷേ ആന്‍റണിയുടെ ഉന്നം മുരളിയെ കുടുക്കലാണെന്ന് ഐ ഗ്രൂപ്പ് ഉറപ്പിച്ചു പറഞ്ഞു. അതിനിടെ ഈ പോസ്റര്‍ തയ്യാറാക്കിയത് ആരെന്ന് തങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ് മുരളിയുടെ പഴയ സുഹൃത്തുക്കളായ ശരത്ചന്ദ്രപ്രസാദും രാജ് മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. എന്തായാലും വിവാദവും ഇലക്ഷന്‍ പ്രചണവും ഒരുപോലെ കൊഴുത്തു.
(ചിത്രം - ഏ കെ ആന്‍റണി)
ആന്‍റണിയുടെ ഭരണം ഭരണം തികഞ്ഞ പരാജയമാണെന്ന മുരളീധരന്‍റെ തന്നെ മുന്‍ പ്രസംഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു എല്‍ഡിഎഫ് പ്രചാരണം കൊഴുപ്പിച്ചത്. മന്ത്രിയെന്ന നിലയില്‍ മുരളീധരന്‍ അധികാരം പ്രചാരണത്തില്‍ ദുരുപയോഗം ചെയ്യുന്നതായും വോട്ടര്‍മാരെ സ്വാധീനിയ്ക്കാന്‍ സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്‍കുന്നതായുമൊക്കെ എതിരാളികള്‍ ആരോപിച്ചു. എന്നാല്‍ ഇടതുപക്ഷം തന്നെ സ്വഭാവഹത്യചെയ്യുകയാണ് എന്നായിരുന്നു മുരളിയുടെ ആരോപണം. വടക്കാഞ്ചേരിയുടെ വികസനത്തിന് ഈ മന്ത്രിയ്ക്ക് വോട്ട് ചെയ്യൂ എന്നതായിരുന്നു യുഡിഎഫിന്‍റെ മുദ്രാവാക്യം. കേരളത്തില്‍ കോണ്‍ഗ്രസിനുള്ളിലെ പൊരുത്തക്കേടുകള്‍ നിരത്തിയും വാജ്പേയി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞുമായിരുന്നു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പോരിനിറങ്ങിയത്.
അങ്ങനെ 2004ലെ ലോകസഭാ തെരെഞ്ഞെടുപ്പിനൊപ്പം വിഖ്യാതമായ വടക്കാഞ്ചേരി ഉപതെരെഞ്ഞെടുപ്പും നടന്നു. 2004 മെയ് 10നായിരുന്നു ഉപതെരെഞ്ഞെടുപ്പ്. ഒടുവില്‍ മുരളിയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച് മെയ് 14ന് ആ ഫലം വന്നു. എ സി മൊയ്‍തീനോട് മന്ത്രി കെ മുരളീധരന്‍ ദയനീയമായി തോറ്റു. അങ്ങനെ ഉപതെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മന്ത്രി എന്ന പേരും സ്വന്തമാക്കി 2004 മെയ് 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു.
(ചിത്രം - എ സി മൊയ്‍തീന്‍)
കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരു തന്നെയായിരുന്നു ഉരുക്കുകോട്ടയിലെ ഈ പരാജയത്തിനു മുഖ്യകാരണമായി രാഷ്‍ട്രീയ നിരീക്ഷകര്‍ അന്നുചൂണ്ടിക്കാട്ടിയത്. കുടുംബരാഷ്ട്രീയം, ആന്റണിയുടെ ഭരണം, അതിനെതിരെ പറഞ്ഞവര്‍ തന്നെ ആന്റണിയുടെ കീഴില്‍ മന്ത്രിയായിരിക്കുന്നത് തുടങ്ങി മുരളീധരനെതിരെ ഇടതുപക്ഷത്തിന്‍റെ പല ആരോപണങ്ങളും വിജയിച്ചുവെന്ന് ചുരുക്കം. മാത്രമല്ല ഈ ഉപതെരെഞ്ഞെടുപ്പ് തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഒന്നായി വടക്കാഞ്ചേരിയിലെ ജനങ്ങള്‍ കരുതിയതും മുരളീധരന് വിനയായതായി നിരീക്ഷകര്‍ പറയുന്നു. മുരളിയുടെ മന്ത്രിമോഹത്തെ തൃപ്‍തിപ്പെടുത്താന്‍ മാത്രം തങ്ങള്‍ പോളിംഗ് ബൂത്തിലേയ്ക്ക് പോകേണ്ടിവരുന്നു എന്ന ഇവിടുത്തെ ജനങ്ങളിലെ വികാരത്തെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ എതിരാളികള്‍ക്കു കഴിഞ്ഞന്നു ചുരുക്കം.
വടക്കാഞ്ചേരി ഉപതെരെഞ്ഞടുപ്പോടെ കെ മുരളീധരന് ഇനിയൊരു തിരിച്ചുവരവില്ലെന്ന് എതിരാളികളും നിരീക്ഷകരുമൊക്കെ വിധിയെഴുതി. പക്ഷേ അതത്ര ശരിയല്ലെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ വടക്കാഞ്ചേരി ഉപതെരെഞ്ഞെടുപ്പ് മറ്റൊരാളുടെ തലവര തെളിയിച്ചു. മന്ത്രിയെത്തന്നെ തറപറ്റിച്ച് അപ്രതീക്ഷിതമായി കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടപിടിച്ചടക്കിയ എ സി മൊയ്‍തീന്‍റെ. അന്നുമുതല്‍ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി.