എംഎല്‍എയായി വെറും 10 ദിവസം; ആ അപൂര്‍വത അന്നുമിന്നും റെക്കോര്‍ഡ്

By Web Team  |  First Published Mar 18, 2021, 9:45 AM IST

അടിയന്തരാവസ്ഥയ്‌ക്ക് ശേഷമുള്ള 1977ലെ തെരഞ്ഞെടുപ്പിന് സമാനമായി സംഭവബഹുലമായിരുന്നു 80ലെ തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ ഇക്കാലളവിലുണ്ടായി എന്നതാണ് സവിശേഷത.


മലപ്പുറം: വെറും 10 ദിവസം നിയമസഭയില്‍! അങ്ങനെയൊരു അത്യപൂര്‍വ ചരിത്രം പറയാനുണ്ട് കേരള നിയമസഭയിലെ ഒരംഗത്തിന്. നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 1980ല്‍ തെരഞ്ഞെടുക്കപ്പെട്ട സി ഹരിദാസാണ് പത്ത് ദിവസം മാത്രം എംഎല്‍എയായി ചരിത്രത്തില്‍ ഇടംപിടിച്ചത്. 

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലൂടെ മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ സജീവമായ സി ഹരിദാസ് ആന്‍റണി പക്ഷക്കാരനായിരുന്നു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് ആന്‍റണിയും കൂട്ടരും കോണ്‍ഗ്രസ് വിട്ടപ്പോള്‍ സി ഹരിദാസ് 1980ല്‍ ഇടത് ടിക്കറ്റില്‍ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് അങ്കത്തിനിറങ്ങി. അന്ന് കോണ്‍ഗ്രസിലായിരുന്ന ഇന്നത്തെ സിപിഎം നേതാവ് ടി കെ ഹംസയായിരുന്നു എതിരാളി. 

Latest Videos

ചിത്രം- ടി കെ ഹംസ

അതേസമയം നേരത്ത പാര്‍ലമെന്‍റിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ആര്യാടന്‍ മുഹമ്മദിനെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍-വനം വകുപ്പ് മന്ത്രിയാക്കി ഇടതുമുന്നണി. ഇതോടെ ആറ് മാസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്ന ആര്യാടന്‍ മുഹമ്മദിന് വേണ്ടി ഹരിദാസ് തന്‍റെ സ്ഥാനം ഫെബ്രുവരി 25ന് രാജിവയ്‌ക്കുകയായിരുന്നു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട് വെറും 10 ദിവസത്തിന് ശേഷം സി ഹരിദാസ് എംഎല്‍എ അല്ലാതായി. 

കേരളത്തില്‍ ഏറ്റവും കുറഞ്ഞ കാലയളവ് നിയമസഭാംഗമായിരുന്നയാള്‍ എന്ന റെക്കോര്‍ഡ് അന്നുമിന്നും സി ഹരിദാസിന്‍റെ പേരിലാണ്. എന്നാല്‍ നിയമസഭാഗത്വം രാജിവയ്‌ക്കേണ്ടിവന്ന 1980ല്‍ തന്നെ ഹരിദാസ് രാജ്യസഭയിലെത്തിയെന്നത് കൗതുകം. 1986 വരെ അവിടെ തുടരുകയും ചെയ്തു. പിന്നീടും സജീവ രാഷ്‌ട്രീയത്തില്‍ തുടര്‍ന്ന സി ഹരിദാസ് ഒരിക്കല്‍ പോലും നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിലും 2000 മുതൽ 2005 വരെ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായിരുന്നു. 

ചിത്രം- ആര്യാടന്‍ മുഹമ്മദ്

എന്നാല്‍ പിന്നീട് ആറ് തവണ കൂടി ആര്യാടന്‍ മുഹമ്മദ് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഗതാഗത, വൈദ്യുത വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1977ല്‍ ആദ്യമായി നിയമസഭയിലെത്തിയ ആര്യാടന്‍ മുഹമ്മദ് 1980, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളില്‍ നിലമ്പൂർ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലെത്തി. 

'വെൽഫെയർ ബന്ധം വേണ്ടിയിരുന്നില്ല, കോൺഗ്രസ് മതേതരത്വം കാക്കണം', തുറന്നടിച്ച് ആര്യാടൻ
 

click me!