ഏഷ്യാനെറ്റ് ന്യൂസ് സീഫോര്‍ സര്‍വേ: മധ്യകേരളത്തിൽ യുഡിഎഫിന് ലീഡ്, വോട്ടുവ്യത്യാസം ഒരു ശതമാനം മാത്രം

By Web Team  |  First Published Mar 29, 2021, 7:57 PM IST

കോട്ടയം ജില്ലയിലെ ഒൻപതും ഇടുക്കിയിലെ അഞ്ചും എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളും തൃശ്ശൂരിലെ 13 മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് മധ്യകേരളത്തിലെ സീറ്റുകൾ.


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് ജില്ലകൾ ഉൾപ്പെട്ട മധ്യകേരളത്തിൽ യുഡിഎഫിന് മേൽക്കൈ പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ രണ്ട് ഫലം. മധ്യകേരളത്തിൽ ആകെ 41 മണ്ഡലങ്ങളുള്ളതിൽ 21 മുതൽ 24 വരെ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് 17 മുതൽ 20 സീറ്റ് വരെയാവും പരമാവധി വിജയിക്കുക. എൻഡിഎ പരമാവധി ഒരു സീറ്റിൽ മാത്രമേ വിജയിക്കൂവെന്നും സർവേ പ്രവചിക്കുന്നു.

കോട്ടയം ജില്ലയിലെ ഒൻപതും ഇടുക്കിയിലെ അഞ്ചും എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളും തൃശ്ശൂരിലെ 13 മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് മധ്യകേരളത്തിലെ സീറ്റുകൾ. ഇവിടെ 39 ശതമാനം ജനപിന്തുണയാണ് എൽഡിഎഫിന് സർവേ പ്രവചിക്കുന്നത്. യുഡിഎഫ് 40 ശതമാനം ജനപിന്തുണ നേടി മുന്നിലെത്തും. എൻഡിഎയ്ക്ക് 18 ശതമാനം ജനപിന്തുണ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

Latest Videos

ക്രിസ്ത്യൻ സഭകൾക്ക് മുസ്ലീം ലീഗിനോടുള്ള അകൽച്ച മറികടന്ന് ക്രിസ്ത്യൻ വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്യുമോയെന്നതായിരുന്നു മധ്യകേരളവുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യം. 48 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്യും എന്നാണ് അഭിപ്രായപ്പെട്ടത്. 31 ശതമാനം പേർ ഇല്ലെന്നും 21 ശതമാനം പേർ അറിയില്ലെന്നും പ്രതികരിച്ചു.

ഇതേ ചോദ്യത്തോട് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരുടെ അഭിപ്രായവും സർവേയിലൂടെ തേടിയിരുന്നു. 45 ശതമാനം പേർ വോട്ട് ചെയ്യുമെന്ന നിലപാടെടുത്തപ്പോൾ 40 ശതമാനം പേർ ചെയ്യില്ലെന്നും 15 ശതമാനം പേർ അറിയില്ലെന്നും പറഞ്ഞു. യാക്കോബായ സഭാ നേതൃത്വത്തെപ്പോലെ ചിലർ പിന്തുണക്കുമെന്ന് നൽകുന്ന സൂചനകൾ ബിജെപിക്ക് ഗുണമോയെന്ന ചോദ്യത്തിന് ഗുണം ചെയ്യുമെന്നായിരുന്നു 48 ശതമാനം പേരുടെ മറുപടി. 35 ശതമാനം പേർ ഗുണം ചെയ്യില്ലെന്ന നിലപാടുകാരാണ്. 17 ശതമാനം പേർക്ക് ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.

സർവേയിൽ പങ്കെടുത്ത 43 ശതമാനം പേർ എൽഡിഎഫാണ് ഏറ്റവും നന്നായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേർ യുഡിഎഫാണെന്നും 21 ശതമാനം എൻഡിഎ ആണെന്നും പറഞ്ഞു. ഇടതുമുന്നണിയിലെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയായി ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മാറുന്നത്, മുന്നണിക്ക് നല്ലതാണോയെന്ന ചോദ്യത്തോട് ആണെന്ന് പ്രതികരിച്ചവർ 47 ശതമാനമാണ്. 43 ശതമാനം എതിരഭിപ്രായം രേഖപ്പെടുത്തി. 10 ശതമാനം പേർക്ക് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.
 

click me!