കൂന്തളിന്റെ വൈവിധ്യം തേടി കേരളത്തിൽ നിന്ന് കടൽമാർ​ഗം അന്റാർട്ടിക്കയിലേക്ക് സിഎംഎഫ്ആർഐ സംഘം

47 ദിവസത്തെ പര്യവേഷണത്തിൽ 36 ദിവസം പിന്നിട്ടു. ഡേറ്റ ശേഖരണം തുടർന്നുവരികയാണ്. ശേഖരിച്ച കൂന്തൾ കുഞ്ഞുങ്ങളെ (പാരാ ലാർവെ) സിഎംഎഫ്ആർഐയിൽ കൊണ്ടുവന്ന് വിശദ പരിശോധനക്ക് വിധേയമാക്കും.

CMFRI team travels from Kerala to Antarctica to search the diversity of Squid

കൊച്ചി: ചുഴലിക്കാറ്റുകളെയും ഉയർന്ന തിരമാലകളെയും ചെറുത്ത് അന്റാർട്ടിക്കയിലെ കൂന്തൽ ജൈവവൈവിധ്യത്തെ പഠിക്കാനുള്ള ഗവേഷണ സർവേയുമായി സിഎംഎഫ്ആർഐ (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) സംഘം. ദക്ഷിണദ്രുവ സമുദ്രത്തിലേക്കുള്ള 12ാമത് ഇന്ത്യൻ ശാസ്ത്രപര്യവേഷണത്തിന്റെ ഭാഗമായാണ് സിഎംഎഫ്ആർഐ സംഘത്തിന്റെ ഗവേഷണം. ഷെൽ ഫിഷ് ഫിഷറീസ് വിഭാഗത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ. കെ.കെ. സജികുമാറുമാണ് പര്യവേഷണത്തിന്റെ ഭാഗമായുള്ള സിഎംഎഫ്ആർഐ ഗവേഷകർ. പ്രധാനമായും കൂന്തളിന്റെ ലഭ്യതയും അന്റാർട്ടിക്കൻ ആവാസവ്യവസ്ഥയിൽ അവയുടെ പങ്കും പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി സാമ്പിളുകൾ ശേഖരിക്കുകയാണിപ്പൾ.  

47 ദിവസത്തെ പര്യവേഷണത്തിൽ 36 ദിവസം പിന്നിട്ടു. ഡേറ്റ ശേഖരണം തുടർന്നുവരികയാണ്. ശേഖരിച്ച കൂന്തൾ കുഞ്ഞുങ്ങളെ (പാരാ ലാർവെ) സിഎംഎഫ്ആർഐയിൽ കൊണ്ടുവന്ന് വിശദ പരിശോധനക്ക് വിധേയമാക്കും. ദക്ഷിണദ്രുവ പ്രദേശങ്ങളിൽ ഇവയുടെ ജൈവവൈവിധ്യം ശാസ്ത്രീയമായി മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. കൂടാതെ, ഇവയടെ ചെവിക്കല്ല് വിശകലനം ചെയ്ത് ഈ കൂന്തൾ ഇനങ്ങളുടെ വയസ്സും വളർച്ചയും കണ്ടെത്താനുമാകും.

Latest Videos

ഈ പഠനങ്ങൾ, അന്റാർട്ടിക് സമുദ്രത്തിൽ ഇവയുടെ സമൃദ്ധിയും ശാസ്ത്രീയ സ്വഭാവവും മേഖലയിൽ അവയുടെ പാരിസ്ഥിതിക പ്രാധാന്യവും മനസ്സിലാക്കാൻ സഹായിക്കും. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസർച്ച് സംഘടിപ്പിക്കുന്ന പര്യവേഷണത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 16 ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലകളും പങ്കാളികളാണ്.

ദക്ഷിണദ്രുവ സമുദ്രത്തിലെ പറക്കും കൂന്തളിന്റെ ലഭ്യതയും പഠനവിധേയമാക്കുന്നുണ്ട്. സമുദ്ര ആവാസവ്യവസ്ഥയെ കൂടുതൽ കൃത്യമായി മനസ്സിലാക്കാനും സമുദ്രസമ്പത്തിന്റെ സുസ്ഥിര മാനേജ്മെന്റ് രീതികളെ സഹായിക്കാനും ഈ പഠനങ്ങൾ വഴിതുറക്കുമെന്ന് ഡോ. ഗീത ശശികുമാർ പറഞ്ഞു. പര്യവേഷണത്തിൽ 42 ഗവേഷകരാണുള്ളത്. മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ഗവേഷണ കപ്പൽ നിർത്തിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. എന്നാൽ, ചുഴലിക്കാറ്റിന്റെ വരവും അതിശക്തമായ കാറ്റും കാരണം ഇളകി മറിയുന്ന കടലിൽ പലപ്പോഴും സാമ്പിൾ ശേഖരണം അതീവ ദുഷ്കരമാണ്.

ഇതുവരെ, സഞ്ചാരപാതയിൽ മൂന്ന് ചുഴലിക്കാറ്റുകളെ നേരിടേണ്ടി വന്നു. താഴ്ന്ന മർദ്ദവും ഭീമൻ തിരമാലകളും ശക്തമായ കാറ്റോടെയുള്ള അതിശൈത്യവും അവഗണിച്ചാണ് സർവേ നടത്തിവരുന്നത്. -22 ഡിഗ്രി വരെ താഴ്ന്ന താപനിലയിൽ മഞ്ഞുമലകൾക്കിടയിലൂടെയും പൊങ്ങിക്കിടക്കുന്ന ഐസ് പാളികളിലൂടെയും സഞ്ചരിച്ച് ഡേറ്റ ശേഖരണം നടത്തൽ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ഡോ. സജികുമാർ പറഞ്ഞു.

ദക്ഷിണദ്രുവ മേഖലയിലേക്ക് അടുക്കുമ്പോഴുള്ള അതീവ ദുഷകരമായ സമുദ്രഭാഗങ്ങളിലൂടെ (റോറിങ് ഫോർട്ടീസിലൂടെയും ഫ്യൂരിയസ്‍ ഫിഫ്റ്റീസിലൂടെയും) കടന്നുപോകുമ്പോൾ ഉയർന്ന തിരമാലകളലാൽ കപ്പൽ ആടിയുലയുന്നത് കാരണം അടിസ്ഥാന ആവശ്യനിർവഹണത്തിന് പോലും ബുദ്ധിമുട്ടനുഭവപ്പെട്ടു.  ശക്തമായ കാറ്റും തണുപ്പുമുള്ളതിനാൽ വളരെ കുറഞ്ഞ സമയം മാത്രമേ കപ്പലിന് പുറത്ത് ചിലവഴിക്കാനാകൂ. എങ്കിലും പഠനത്തിന് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കാനായതിന്റെ സന്തോഷത്തിലാണ് സിഎംഎഫ്ആർഐ ഗവേഷകർ.

തിമിംഗലങ്ങൾ, വിവിധയിനം കടൽപക്ഷികൾ, പെൻഗ്വിൻ തുടങ്ങി വൈവിധ്യമാർന്ന സമുദ്രജന്തുജാലങ്ങളുടെ കാഴ്ചകളാണ് യാത്രയിലെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണിപ്പോൾ. എന്ന് തിരിച്ചെത്താനാകുമെന്നത് കടലിന്റെ സ്വാഭാവത്തെയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കും. 

tags
vuukle one pixel image
click me!