ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ഒമ്പത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എട്ട് കിലോഗ്രാം കഞ്ചാവ് ബാഗിൽ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒമ്പത് വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. തൃശ്ശൂർ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്, അനസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2018 ഫെബ്രുവരി 22ന് പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ എം സുരേഷും സംഘവും ചേർന്നാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് കഞ്ചാവുമായി ഇവരെ അറസ്റ്റ് ചെയ്തത്.
പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന രാകേഷ് എം കേസിന്‍റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി സുധീർ ഡേവിഡാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
അതേസമയം, പാലക്കാട്ട് അഞ്ച് കിലോഗ്രാം കഞ്ചാവ് ബാഗിൽ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതിക്ക് കഴിഞ്ഞ ദിവസം എട്ട് വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പാലക്കാട് തെങ്കര സ്വദേശി സഹാദിനെയാണ് കോടതി ശിക്ഷിച്ചത്. 2017 ജൂലൈ 31ന് പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഡി ശ്രീകുമറും സംഘവും ചേർന്നാണ് കൂട്ടുപാത ജംഗ്ഷനിൽ വച്ച് കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി മണ്ണാർക്കാട് സ്വദേശി മുഹമ്മദ് അലി വിചാരണ വേളയിൽ ഒളിവിൽ പോയി. പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന രാകേഷ് എം ആണ് കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം