നെല്ലു കുത്തുന്ന മില്ലിൽനിന്നു ലഭിക്കുന്ന ഉമിച്ചാരം രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന സിലിക്കോൺ അടങ്ങിയതായതിനാൽ അടുക്കളത്തോട്ടത്തിൽ സമൃദ്ധമായി ഉപയോഗിക്കാം.
വീട്ടിൽ ഒരു കൃഷിത്തോട്ടം അത് എല്ലാവരുടെയും ആഗ്രഹമാണ്. സ്വന്തമായി കൃഷി സ്ഥലം ഇല്ലാത്തവർ ടെറസിലും ബാൽക്കണിയിലും ഒക്കെ അടുക്കളത്തോട്ടങ്ങൾ ഒരുക്കാറുണ്ട്. തൈകൾ നട്ടതുകൊണ്ട് മാത്രം കാര്യമില്ല. അടുക്കളത്തോട്ടത്തിൽ നിന്ന് നല്ല വിളവ് കിട്ടണമെങ്കിൽ നല്ല പരിപാലനം ആവശ്യമാണ്. ബാക്ടീരിയൽ വാട്ടം, ദ്രുതവാട്ടം, കരിവള്ളിക്കേട്, ഇലപ്പുള്ളി എന്നിങ്ങനെ വിവിധങ്ങളായ രോഗങ്ങൾ നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ വില്ലന്മാരായി എത്താറുണ്ട്. എന്നാൽ, ഈ രോഗങ്ങളെ എല്ലാം ചില ജൈവ നിയന്ത്രണ മാർഗങ്ങളിലൂടെ പ്രതിരോധിക്കാനാകും.
ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ജൈവവളം അടിസ്‌ഥാന വളമായി നൽകിയാൽ കീടങ്ങളുടെ ആക്രമണത്തിൽ പച്ചക്കറികളെ മികച്ച രീതിയിൽ സംരക്ഷിക്കാൻ ആകും. ഒരു സെന്റിന് 100 കിലോ വേണ്ടി വരും. അടിവളമായി നൽകാൻ കഴിഞ്ഞില്ലെങ്കിൽ പല തവണയായി മേൽവളമായും നൽകാം. കേരള കാർഷിക സർവകലാശാലാകേന്ദ്രങ്ങളിൽ ട്രൈക്കോഡെർമ ലഭ്യമാണ്.
നെല്ലു കുത്തുന്ന മില്ലിൽനിന്നു ലഭിക്കുന്ന ഉമിച്ചാരം രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന സിലിക്കോൺ അടങ്ങിയതായതിനാൽ അടുക്കളത്തോട്ടത്തിൽ സമൃദ്ധമായി ഉപയോഗിക്കാം. അടിസ്ഥാനവളത്തോടൊപ്പം സെന്റൊന്നിന് 50 കിലോ വരെ ചേർക്കാം.
വിളകളുടെ ആരോഗ്യം ഉറപ്പു വരുത്താൻ ആഴ്‌ചയിലൊരിക്കൽ എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവ സ്ലറി, ഹരിതകഷായം എന്നിവ മാറി മാറി തളിക്കാം.
ഇലയുടെ അടിയിൽ കാണുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണി അവിടവിടെയായി തൂക്കുക. അടുക്കളത്തോട്ടത്തെ നശിപ്പിക്കുന്ന പച്ചത്തുള്ളൻ, മുഞ്ഞ എന്നിവയെ നശിപ്പിക്കാൻ വേപ്പെണ്ണ എമൽഷൻ ആഴ്‌യിലൊരിക്കൽ തളിക്കാം.
മിത്രകീടമായ ചിലന്തികളുണ്ടെങ്കിൽ നിയന്ത്രണം എളുപ്പമാക്കാം. ഇതിനായി പുതയെന്ന നിലയിൽ വൈക്കോൽ നിക്ഷേപിക്കാം. പാവലും പടവലവും കൃഷി ചെയ്യുമ്പോൾ പന്തലിൽ തന്നെ വൈക്കോൽ വച്ചു കൊടുക്കാം
പയറിലെ ചാഴിയെ അകറ്റാനുള്ള വെളിച്ചക്കെണിയായി പന്തം വൈകുന്നേരം 6 മുതൽ 7 മണി വരെ വയ്ക്കാം.