ലൈവായി മൃഗങ്ങളെ പീഡിപ്പിച്ച് കൊന്നു, എല്ലാം സബ്സ്ക്രൈബർമാരെ കൂട്ടാൻ, 28 -കാരിയുടെ ക്രൂരത, ഞെട്ടി പൊലീസും
'ഇത് തികച്ചും പ്രാകൃതവും മനുഷ്യത്വമില്ലായ്മയുമാണ്' എന്നാണ് അപ്പർ ഡാർബി പൊലീസ് സൂപ്രണ്ട് തിമോത്തി ബെർണാർഡ് പറഞ്ഞത്.

മനുഷ്യർ കാണിക്കുന്ന ചില ക്രൂരതകൾ കാണുമ്പോൾ നമ്മൾ അമ്പരന്ന് പോകും. എങ്ങനെയാണ് ഒരാൾക്ക് ഇത് സാധിക്കുന്നത് എന്നും സ്വാഭാവികമായി ചിന്തിച്ച് പോകും. അതുപോലെ യുഎസ്സിൽ ഒരു യുവതി ചെയ്ത ക്രൂരതയാണ് ഇപ്പോൾ വാർത്തയാവുന്നത്. മൃഗങ്ങളെ പീഡിപ്പിച്ച് ലൈവായി കൊന്നതിന് അറസ്റ്റിലായിരിക്കുകയാണ് പെൻസിൽവാനിയയിൽ നിന്നുള്ള അനിഗർ മോൻസി എന്ന 28 -കാരി. എല്ലാം അവൾ ചെയ്തത് തന്റെ യൂട്യൂബ് ചാനലിൽ ആളുകളെ കൂട്ടാൻ വേണ്ടിയാണ്.
കോഴി, പ്രാവ്, മുയൽ, തവള എന്നിവയെയാണ് അവൾ ലൈവായി കൊന്നത്. സ്വന്തം യൂട്യൂബ് ചാനലിൽ ഇതിന്റെ നാല് ലൈവ് സ്ട്രീം വീഡിയോകളും അവൾ പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് അനിഗറിനെതിരെ കേസെടുത്തത്. 20,000 സബ്സ്ക്രൈബർമാരാണ് അവൾക്കുണ്ടായിരുന്നത്. പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്നും അവൾ അഭ്യർത്ഥിച്ചു. 'ഇത് തികച്ചും പ്രാകൃതവും മനുഷ്യത്വമില്ലായ്മയുമാണ്' എന്നാണ് അപ്പർ ഡാർബി പൊലീസ് സൂപ്രണ്ട് തിമോത്തി ബെർണാർഡ് പറഞ്ഞത്.
'നിങ്ങൾ ഇത്തരം ഒരു കാര്യം ചെയ്യുന്നു എന്ന് മാത്രമല്ല, ആളുകൾ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതും കൂടുതൽ അസ്വസ്ഥാജനകമായ കാര്യമാണ്' എന്നും അദ്ദേഹം പറഞ്ഞു. ABC7 റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അവസാനം അവൾ പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് 'കുക്കിംഗ് ലക്കി' എന്നായിരുന്നു. അതിൽ ഒരു കോഴിയെ കൊല്ലുന്നതാണ് കാണിച്ചിരുന്നത്. കോഴി അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നുമുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിന് തൊട്ടുമുമ്പാണ് അവൾ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
അവൾ ആഗ്രഹിക്കുന്ന അത്രയും കാഴ്ചക്കാരുണ്ടാകുന്നത് വരെ അവൾ കോഴിയെ കൊന്നില്ല. അതിനെ പീഡിപ്പിച്ച് രസിക്കുകയായിരുന്നു. അവൾ കരുതിവച്ചിരുന്ന അത്രയും കാഴ്ചക്കാരായ ശേഷമാണ് അവൾ കോഴിയെ കൊന്നത് എന്നും പൊലീസുദ്യോഗസ്ഥൻ പറയുന്നു. ഒട്ടും മൂർച്ചയില്ലാത്ത കത്തിയെടുത്ത് ഇഞ്ചിഞ്ചായി ക്രൂരമായിട്ടാണ് അവൾ മുയലിനെ കൊന്നത്. നിരവധി തവളകളെയും പ്രാവുകളെയും ഇതുപോലെ കൊന്നുവെന്നും പൊലീസ് പറയുന്നു.
മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പെറ്റ(People for Ethical Treatment of Animals)യാണ് വീഡിയോയുടെ വിവരം പൊലീസിന് കൈമാറിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
