Administrative stalemate in Kozhikode Collectorate
Video Icon

NGO Union Protest : കോഴിക്കോട് കളക്ട്രേറ്റില്‍ ഭരണസ്തംഭനം

കോഴിക്കോട് കളക്ട്രേറ്റില്‍ ഭരണസ്തംഭനം. സ്ഥലംമാറ്റ ഉത്തരവിനെതിരെ ആയിരത്തിലേറെ ജീവനക്കാര്‍ സമരത്തില്‍. ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാർ അണിനിരന്ന് സമരം നടക്കുന്നത്. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫീസർമാരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാർ കൂട്ടത്തോടെ സമരത്തിനിറങ്ങിയത്. രണ്ട് ഭരണാനുകൂല സംഘടനകളായ സിപിഎമ്മിന്‍റെ എൻജിഒ യൂണിയനും സിപിഐയുടെ ജോയന്‍റ് കൗൺസിലും തമ്മിലുള്ള ഉൾപ്പോരാണ് യഥാർത്ഥത്തിൽ സമരത്തിന് പിന്നിൽ എന്നതാണ് ശ്രദ്ധേയം.പ്രതിഷേധവിവരം അറിഞ്ഞതിനാലാകാം ഉച്ച വരെ ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി കളക്ടറേറ്റിൽ എത്തിയിട്ടില്ല. വസതിയിൽ വച്ച് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ചില യോഗങ്ങൾ നടത്തിയത്. കളക്ടറെ തടയില്ലെന്നും എന്നാൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും നേരത്തേ തന്നെ സംഘടനാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.ഒമ്പത് ദിവസമായി സമരത്തിലാണെന്നും, സംഘടന എന്ന നിലയിൽ നിയമവിരുദ്ധമായി സ്ഥലം മാറ്റിയ ഉത്തരവ് പിൻവലിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതാണെന്നും എൻജിഒ യൂണിയൻ നേതാക്കൾ പറയുന്നു. മുഖ്യമന്ത്രിയുമായി അടക്കം നടത്തിയ ചർച്ചയിൽ സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം തീരുമാനിച്ച് 2017-ൽ ഉത്തരവിറക്കിയതാണ്. അത് ലംഘിച്ചാണ് ഇപ്പോൾ 16 റവന്യൂ ഓഫീസർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്.ഒരു തസ്തികയിൽ മൂന്ന് വർഷം ഇരിക്കുക പോലും ചെയ്യാത്തവരെ ഒരുമിച്ച് സ്ഥലം മാറ്റിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് പ്രതികാരനടപടിയെന്നോണം സ്ഥലംമാറ്റിയെന്നാണ് യൂണിയൻ ആരോപിക്കുന്നത്.ഒരാഴ്ച അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കോഴിക്കോട് കളക്ടർ തേജ് ലോഹിത് റെഡ്ഡിക്കും, എഡിഎമ്മിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. സിവിൽ സ്റ്റേഷൻ പ്രവർത്തനം പൂർണമായി സ്തംഭിച്ചതോടെ, പല ആവശ്യങ്ങൾക്കായി കളക്ടറേറ്റിൽ അടക്കം എത്തിയ പൊതുജനങ്ങൾ വലഞ്ഞു.