ദേശീയ പ്രസ്ഥാനത്തിന്റെ നാവായ പത്രാധിപർ-ഹോണിമാൻ|സ്വാതന്ത്ര്യസ്പർശം|India@75

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യ നടത്തിയ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യക്കൊപ്പം നിന്ന ബ്രിട്ടീഷുകാരടക്കമുള്ള ചില വെള്ളക്കാരുണ്ട്.  യഥാർത്ഥ ദേശീയത എന്നാൽ രാജ്യത്തിന്റെയോ മതത്തിന്റെയോ അതിരുകൾക്കുള്ളിൽ മാത്രം നിലനിൽക്കുന്നതല്ലെന്ന് തെളിയിച്ചവരാണിവർ. ഇവരിൽ പ്രമുഖനാണ് ബെഞ്ചമിൻ ഗൈ ഹോണിമാൻ എന്ന വിഖ്യാത പത്രാധിപർ. 

First Published Jun 16, 2022, 9:55 AM IST | Last Updated Jun 16, 2022, 9:55 AM IST

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യ നടത്തിയ സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യക്കൊപ്പം നിന്ന ബ്രിട്ടീഷുകാരടക്കമുള്ള ചില വെള്ളക്കാരുണ്ട്.  യഥാർത്ഥ ദേശീയത എന്നാൽ രാജ്യത്തിന്റെയോ മതത്തിന്റെയോ അതിരുകൾക്കുള്ളിൽ മാത്രം നിലനിൽക്കുന്നതല്ലെന്ന് തെളിയിച്ചവരാണിവർ. ഇവരിൽ പ്രമുഖനാണ് ബെഞ്ചമിൻ ഗൈ ഹോണിമാൻ എന്ന വിഖ്യാത പത്രാധിപർ. 

1873 ൽ ബ്രിട്ടനിലെ സസക്സിൽ ജനിച്ച ഹോണിമാൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് കൽക്കത്തയിലെ സ്റ്റേറ്റ്‌സ്മാൻ പാത്രത്തിൽ ചേരാനായി ഇന്ത്യയിൽ എത്തുന്നത്. 1913 ൽ ബോംബെയിൽ എത്തി ബോംബെ ക്രോണിക്കിൾ എന്ന പത്രത്തിന്റെ  തലവനായി ചുമതല ഏൽക്കുന്നതോടെയാണ് ഹോണിമാന്റെ ഐതിഹാസികമായ അധ്യായത്തിന്റെ ആരംഭം.  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്ന ഫിറോസ് ഷാ മേത്തയുടെ ഉടമസ്ഥതയിലായിരുന്ന ഈ പത്രത്തെ ദേശീയപ്രസ്ഥാനത്തിന്റെ നാവായി മാറ്റി ഹോണിമാൻ. 

അമൃത്സറിൽ ജാലിയൻവാലാ ബാഗിൽ ബ്രിട്ടീഷ് സൈനികാധികാരികൾ  നടത്തിയ  കൂട്ടക്കൊലയുടെ ഭീകരത ലോകത്തെ അറിയിച്ചത് ഹോണിമാനും അദ്ദേഹത്തിന്റെ പത്രത്തിന്റെ റിപ്പോർട്ടർ ഗോവർദ്ധൻ ദാസുമായിരുന്നു.  സർക്കാരിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് ഹോണിമാൻ ജാലിയൻവാലയിലെ കൂട്ടക്കുരുതിയുടെ ചിത്രങ്ങളും വാർത്തകളും ബ്രിട്ടനിലേക്ക് കടത്തി. അത് ബ്രിട്ടീഷ് ജനതയുടെ മനസാക്ഷിയെ ഞെട്ടിച്ചു. റിപ്പോർട്ടർ ഗോവർദ്ധൻ ദാസിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.  ഹോണിമാനെ ഇന്ത്യയിൽ നിന്ന് നാടുകടത്തി, പത്രം പൂട്ടി. ഗാന്ധി അടക്കം ഇന്ത്യൻ ദേശീയവാദികൾ ഹോണിമാനെ നാടുകടത്തിയതിൽ നാടാകെ പ്രതിഷേധമുയർത്തി. ബ്രിട്ടനിലെത്തിയ ഹോണിമാൻ  അവിടെയും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ  പിന്തുണച്ചു. ജാലിയൻവാല ബാഗ് അതിക്രമം അന്വേഷിച്ച ഹണ്ടർ കമിഷൻ അതിന്റെ ഉത്തരവാദിയായ കേണൽ റെജിനാൾഡ് ഡയറിനെ കുറ്റവിമുക്തനാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം നയിച്ചു. 

1926 ൽ ഹോണിമാൻ  ഇന്ത്യയിൽ  തിരിച്ചെത്തി ക്രോണിക്കിളിന്റെ പത്രാധിപത്യം ഏറ്റെടുത്തു. 1929 ൽ ഇന്ത്യൻ നാഷണൽ ഹെറാൾഡ്, സെന്റിനൽ എന്നിങ്ങനെ സ്വന്തമായി പത്രങ്ങൾ  ആരംഭിച്ച് ദേശീയപ്രസ്ഥാനത്തെ കലവറയില്ലാതെ പിന്തുണച്ചു. 1941 ൽ റൂസി കറാഞ്ചിയയുമായി ചേർന്ന് ബ്ലിറ്റ്സ് വാരിക ആരംഭിച്ചു. ഹോം റൂൾ ലീഗിന്റെ ഉപാധ്യക്ഷനായ അദ്ദേഹത്തെ ഗാന്ധിജി റൗലറ്റ് നിയമവിരുദ്ധ സത്യാഗ്രഹസഭയുടെയും വൈസ് പ്രസിഡന്റ് ആയി നിയോഗിച്ചു. 

ഇന്ത്യയിൽ വർക്കിങ് ജേർണലിസ്റ്റുകളുടെ ആദ്യ സംഘടന സ്ഥാപിച്ചതും ഹോണിമാൻ ആണ്. ഇന്ത്യൻ പ്രസ് അസോസിയേഷൻ. പത്രസ്വാതന്ത്ര്യത്തിനു വേണ്ടിയും അദ്ദേഹം നിരന്തരം ശബ്ദമുയർത്തി. പോത്തൻ ജോസഫിനെപ്പോലെയുള്ള വിഖ്യാത മലയാളി പത്രാധിപരുടെ ഗുരു ആയിരുന്നു അദ്ദേഹം.  1948 ല്‍ ഹോണിമാൻ നിര്യാതനായി.

Read More...