രോഗികളെന്ന പേരിൽ ആശുപത്രി സഹഉടമയുടെ മുറിയിലേക്ക്, വെടിയൊച്ച, രക്ഷപ്പെട്ട് യുവാക്കൾ, യുവതിക്ക് ദാരുണാന്ത്യം
ആറ് പേരാണ് രോഗികളെന്ന പേരിലാണ് സുർഭിയുടെ ഓഫീസ് മുറിയിലേക്ക് എത്തിയത്. മുറിക്കുള്ളിൽ എത്തിയതിന് പിന്നാലെ തുരുതുരാ വെടിയുതിർത്ത ശേഷം അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.

പട്ന: രോഗികൾ ചമഞ്ഞ് ആശുപത്രിയിലേക്കെത്തിയ ആറംഗ സംഘം ആശുപത്രി സഹഉടമയെ ഓഫീസ് മുറിയിൽ വച്ച് വെടിവച്ചുകൊന്നു. ബീഹാറിലെ പട്നയിലാണ് സംഭവം. പട്നയിലെ ഏഷ്യ ആശുപത്രി സഹ ഉടമയായ സുർഭി രാജാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ആറ് പേരാണ് രോഗികളെന്ന പേരിലാണ് സുർഭിയുടെ ഓഫീസ് മുറിയിലേക്ക് എത്തിയത്. മുറിക്കുള്ളിൽ എത്തിയതിന് പിന്നാലെ തുരുതുരാ വെടിയുതിർത്ത ശേഷം അക്രമികൾ ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.
അക്രമികളെയോ, ആക്രമണത്തിന് പിന്നിലെ കാരണമോ ഇനിയും വ്യക്തമായിട്ടില്ല. പട്നയിലെ അഗം കോൻ മേഖലയിലാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രി ഡയറക്ടറുടെ ഭാര്യ കൂടിയാണ് സുർഭി. വെടിയൊച്ച കേട്ട് ജീവനക്കാർ എത്തുമ്പോൾ രക്തത്തിൽ കുളിച്ച് സ്വന്തം മുറിക്കുള്ളിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു സുർഭിയുണ്ടായിരുന്നത്. ഉടനെ തന്നെ സുർഭിയ്ക്ക് ചികിത്സ ലഭ്യമാക്കി, പിന്നീട് ഇവരെ പട്ന ഐഐഎമ്മിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് വെടിവയ്പുണ്ടായത്. സംഭവത്തിൽ സാധ്യമായ എല്ലാ കോണുകളിലേക്കും അന്വേഷണം എത്തുമെന്നാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്. നാല് ബുള്ളറ്റുകളാണ് സുർഭിയുടെ ശരീരത്തിൽ നിന്ന് നീക്കിയത്. ഓഫീസ് മുറിയിൽ നിന്ന് ആറ് വെടിയുണ്ടയുടെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഫൊറൻസിക് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
