കൈക്കൂലി വാങ്ങി ആഡംബരമായി ജീവിച്ച സർക്കാർ ഉദ്യോഗസ്ഥനും ഭാര്യക്കും ശിക്ഷ,നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈകോടതി
കൈക്കൂലിയിലൂടെ ആഡംബരജീവിതം നയിച്ചെങ്കിൽ പ്രത്യാഘാതവും അനുഭവിക്കണം

ചെന്നൈ:
സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അർഹയെന്ന് മദ്രാസ് ഹൈക്കോടതി . വഴിവിട്ട മാർഗത്തിലൂടെ സാമ്പാദിച്ച പണം കൊണ്ടു ആഡംബരജീവിതം നയിച്ചെങ്കിൽ, പ്രത്യാഘാതവും അനുഭവിക്കണം എന്നും ഹൈക്കോടതിയുടെ മധുര ബഞ്ച് വ്യക്തമാക്കി . അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് ഗോവിന്ദസ്വാമിയെയും ഭാര്യ ഗീതയെയും വെറുതെവിട്ട സിബിഐ പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രധാന വിധി. ഇരുവർക്കും 4 വർഷത്തെ കഠിന തടവ് വിധിച്ച് ഹൈക്കോടതി, ഗോവിന്ദസ്വാമിക്ക് 75 ലക്ഷം രൂപയും ഗീതയ്ക്ക് 25 ലക്ഷം രൂപയും പിഴയും ചുമത്തി.
ഭാര്യയും കൈക്കൂലി ആസ്വദിക്കാൻ തുടങ്ങിയാൽ സമൂഹത്തെ ബാധിക്കുന്ന ശാപത്തിന് അവസാനം ഉണ്ടാകില്ല എന്ന് കോടതി നിരീക്ഷിച്ചു . കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പങ്കാളിയെ പിന്തിരിപ്പിക്കണം . കൈക്കൂലി വാങ്ങുന്നവരുടെ കുടുംബം തകരുമെന്നാണ് വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നതെന്നും ജസ്റ്റിസ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഗോവിന്ദസ്വാമി ഒരു കോടി 10ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ചു 2012ൽ ആണ് സിബിഐ, കേസെടുത്തത്
