റയീസിന്റെ പാൻ കാർഡ് ആദായനികുതി വകുപ്പിന്റെ സെർവറിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐടിഒ നൈൻ സിംഗ് പിന്നീട് വ്യക്തമാക്കി.
സാധാരണക്കാരനായ ഒരു ജ്യൂസ് വിൽപ്പനക്കാരന് 7.79 കോടി രൂപയുടെ ഇൻകം ടാക്സ് നോട്ടീസ്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. അലിഗഡിൽ നിന്നുള്ള ജ്യൂസ് വിൽപ്പനക്കാരനായ മുഹമ്മദ് റയീസിനാണ് 7.79 കോടി രൂപയുടെ ഇൻകം ടാക്സ് നോട്ടീസ് ലഭിച്ചത്.
റയീസിന്റെ പാൻ കാർഡ് ഉപയോഗിച്ച് 7.79 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതായും
ആരോപിക്കപ്പെട്ടു. ഇതോടെ വലിയ ഞെട്ടലിലാണ് റയീസിന്റെ കുടുംബം. ദിവാനി കച്ചേരിയിൽ ഒരു ജ്യൂസ് നടത്തുകയാണ് റയീസ്. താർ വാലി ഗലിയിലാണ് താമസം. റയീസിന് ആദായനികുതി വകുപ്പിന്റെ സെക്ഷൻ 3 -ലെ ഐടിഒ നൈൻ സിങ്ങിൽ നിന്നാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 7.79 കോടി രൂപയുടെ കണക്കിൽപ്പെടാത്ത ഇടപാട് നടത്തി എന്ന് കാണിച്ചാണ് നോട്ടീസ് വന്നത്.
റയീസിന്റെ പാൻ കാർഡ് ആദായനികുതി വകുപ്പിന്റെ സെർവറിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐടിഒ നൈൻ സിംഗ് പിന്നീട് വ്യക്തമാക്കി. 2021–22 സാമ്പത്തിക വർഷത്തിൽ റയീസിന്റെ പാൻ കാർഡുമായി ബന്ധപ്പെട്ട് 7.79 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത് എന്നും ഉദ്യോഗസ്ഥർ പറയുന്നു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനിടെ റയീസിന്റെ പാൻ കാർഡ് ദുരുപയോഗം ചെയ്തതായിട്ടാണ് കരുതുന്നത്. ദീപക് ശർമ്മ എന്നൊരാളുടെ സാന്നിധ്യവും ഇതിൽ സംശയിക്കപ്പെടുന്നുണ്ട്. അധികൃതർ റയീസിനോട് തന്റെ പാൻ കാർഡ് വിവരങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തിയതിന് കേസ് കൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെ തുടർന്ന് സംഭവം അന്വേഷിക്കുകയും തട്ടിപ്പിന് പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരികയും ചെയ്യും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.