മികച്ച പേസര്‍മാരുടെ അസാന്നിധ്യം മറികടന്ന് ലക്നൗവിന് സീസണില്‍ മുന്നേറാൻ ശാര്‍ദൂലിന് ഈ ഫോം തുടരേണ്ടതുണ്ട്
ഐപിഎല്‍ താരലേലത്തിന് ആഴ്ചകള്‍ക്ക് മുൻപ്. പല സീസണുകളിലായി അഞ്ച് ടീമുകളുടെ ജേഴ്സിയണിഞ്ഞ ഓള്‍ റൗണ്ടര്‍ വിവിധ ഫ്രാഞ്ചൈസി ഉടമകളെ വിളിക്കുന്നു. തന്നെ പരിഗണിക്കണമെന്ന് പറയുന്നു. മികച്ച ഒരു ആഭ്യന്തര സീസണിന്റെ ആത്മവിശ്വാസം ആ ശബ്ദത്തിലുണ്ടായിരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവായിരുന്നു മുന്നിലുള്ള ലക്ഷ്യം. ലേലത്തിന്റെ തലേ ദിവസം ഫ്രാഞ്ചൈസികളില്‍ നിന്ന് പോസിറ്റീവായ മറുപടി ലഭിക്കുന്നു.
പക്ഷേ, ലേലം അവസാനിച്ചപ്പോള്‍ പോസിറ്റീവ് ആയിരുന്നില്ല കാര്യങ്ങള്‍. ആ പേരിന് നേരെ അണ്‍സോള്‍ഡ് എന്നായിരുന്നു മുദ്രകുത്തപ്പെട്ടത്. ഞാൻ അത്ര മോശം കളിക്കാരനാണോ? ഇതായിരുന്നു ശാര്‍ദൂല്‍ താക്കൂറിന്റെ മനസില്‍ ആദ്യം വന്ന വാചകം. ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ താരം തന്നെ വെളിപ്പെടുത്തിയതാണിത്. തന്റെ ടാലന്റിലേക്കും സ്കില്ലിലേക്കും ഒരിക്കല്‍ക്കൂടി ശാര്‍ദൂല്‍ കണ്ണോടിച്ചു. എവിടെയായിരിക്കും പിഴച്ചതെന്ന ചിന്ത, പിന്നാലെ ഇംഗ്ലിഷ് കൗണ്ടിയിലേക്ക് ചുവടുമാറ്റാനുള്ള നിര്‍ണായക തീരുമാനത്തിലേക്ക് എത്തുന്നു.
അപ്പോഴാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് മെന്ററായ സഹീര്‍ ഖാന്റെ കോള്‍ ശാര്‍ദൂലിന് ലഭിക്കുന്നത്. പരുക്കിന്റെ പിടിയിലമരുന്ന ലക്നൗ ബൗളിങ് നിരയിലേക്ക് ശാര്‍ദൂലിനെ പരിഗണിക്കുന്നുവെന്നായിരുന്നു സഹീറിന്റെ വാക്കുകള്‍. അവിടെ തന്റെ മികവ് വീണ്ടും തെളിയിക്കേണ്ടി വന്നു ശാര്‍ദൂലിന്, ട്രയല്‍സിലെത്തി, പക്ഷേ മാച്ച് ഫിറ്റാണെന്നതില്‍ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഈ സമയം മറ്റൊരു ഫ്രാഞ്ചൈസിയില്‍ നിന്നും ശാര്‍ദൂലിന് വിളി വന്നു. പക്ഷേ, വീണുകിടന്നപ്പോള്‍ കൈ തന്നെ ലക്നൗവിനൊപ്പമെന്ന തീരുമാനമായിരുന്നു ശാര്‍ദൂല്‍ സ്വീകരിച്ചത്.
ഗാബയിലും ഓവലിലും അർദ്ധ സെഞ്ചുറികള്‍, ജോഹന്നാസ്‌ബർഗില്‍ ഏഴ് വിക്കറ്റുകള്‍. ഇതൊന്നും അത്ര എളുപ്പമുള്ള ഒന്നല്ല. ഓവലിലെ ഇന്നിങ്സ് ട്വന്റി 20ക്ക് സമാനമായിരുന്നു. രഞ്ജിയില്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും അജിങ്ക്യ രഹാനെയും വീണിടത്ത് സെഞ്ചുറി നേടിയ താക്കൂറിനെ ഫ്രാഞ്ചൈസികള്‍ കൈവിടാൻ കാരണം ഒരുപക്ഷേ അയാളുടെ പ്രായമായിരിക്കാം. 33 പിന്നിട്ട താക്കൂറില്‍ എത്രമാത്രം ട്വന്റി 20 അവശേഷിക്കുന്നുണ്ട് എന്ന ചോദ്യം ഉയര്‍ന്നിരിക്കാം.
പക്ഷേ, സഹീറിന്റെ വിശ്വാസം കാക്കാൻ മൂന്ന് പന്ത് മാത്രമായിരുന്നു ശാര്‍ദൂലിന് ആവശ്യമായി വന്നത്. ഫ്രേസര്‍ മക്‌ഗൂര്‍ക്കിനെ പുറത്താക്കി തുടക്കം. പിന്നാലെ യുവതാരം അഭിഷേക് പോറലിനേയും മടക്കി. പക്ഷേ, ശാര്‍ദൂലിന്റെ ഇംപാക്ട് ശരിക്കും രുചിച്ചത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റര്‍മാരായിരുന്നു. ഹൈദരാബാദിനെതിരെ ലക്നൗവിന് അടിത്തറപാകിയത് ശാര്‍ദൂലിന്റെ രണ്ട് പന്തുകളായിരുന്നു. ഒന്നില്‍ വീണത് അഭിഷേകും മറ്റൊന്നില്‍ കുടുങ്ങിയത് സെഞ്ചുറിയോടെ തുടങ്ങിയ ഇഷാൻ കിഷനും.
അഭിനവ് മനോഹറിനേയും മുഹമ്മദ് ഷമിയേയും പുറത്താക്കി വിക്കറ്റ് കോളത്തില്‍ നാലെണ്ണം തികച്ചായിരുന്നു ശാര്‍ദൂല്‍ കളം വിട്ടത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകള്‍. ഈ സീസണില്‍ എട്ട് റണ്‍സ് വിട്ടുകൊടുക്കുന്നതിനിടെ ഒരു വിക്കറ്റെടുക്കാൻ ശാര്‍ദൂലിന് സാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നൂര്‍ അഹമ്മദിനും ഹേസല്‍വുഡിനും മാത്രമാണ് ശാര്‍ദൂലിനേക്കാള്‍ മികച്ച ശരാശരിയുള്ളത്.
വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതും, ഇംപാക്ട് ലിസ്റ്റില്‍ നിക്കോളാസ് പൂരാനും നൂര്‍ അഹമ്മദിനും പിന്നിലായി മൂന്നാം സ്ഥാനത്തുമുണ്ട് താരം. ലോര്‍ഡ് താക്കൂര്‍ എന്ന വിളിപ്പേര് വീണ്ടും അണിയുകയാണ് താക്കൂര്‍ എന്ന് സാരം. മുഹ്സിൻ ഖാൻ, മായങ്ക് യാദവ്, ആകാശ് ദീപ് എന്നിവരുടെ അഭാവം ഒറ്റയ്ക്ക് നികത്താൻ ഒരുപരിധി വരെ ശാര്‍ദൂലിന് സാധിച്ചിട്ടുണ്ട്. മികച്ച പേസര്‍മാരുടെ അസാന്നിധ്യം മറികടന്ന് ലക്നൗവിന് സീസണില്‍ മുന്നേറാൻ ശാര്‍ദൂലിന് ഈ ഫോം തുടരേണ്ടതുണ്ട്. ബാറ്റുകൊണ്ടും സംഭാവന നല്‍കാനായാല്‍ ഇന്ത്യൻ ടീമില്‍ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കാനും താരത്തിന് സാധിക്കും.