ജയ്സ്വാളിന്റെ നീക്കത്തിന് പിന്നില്‍ നായകമോഹം മാത്രമാണോ? മുംബൈയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങളും അത്ര ശുഭസൂചന നല്‍കുന്നതല്ല
യശസ്വി ജയ്സ്വാള്‍ ഒരു സ്വിച്ച് ഹിറ്റടിച്ചു. ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയില്‍ നിന്ന് നേരെ ഗോവയിലേക്കായിരുന്നു ആ ഷോട്ട്. ഗോവയുടെ നായകവാഗ്ദാനമായിരുന്നു ജയ്സ്വാളെന്ന യുവതാരത്തെ ആകര്‍ഷിച്ചത്. ജയ്സ്വാളിന്റെ നീക്കത്തിന് പിന്നില്‍ നായകമോഹം മാത്രമാണോ? മുംബൈയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങളും അത്ര ശുഭസൂചന നല്‍കുന്നതല്ല. പൃഥ്വി ഷായുടെ പാതയിലാണൊ ജയ്സ്വാളെന്ന് ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. ജയ്സ്വാളിന്റെ കൂടുമാറ്റത്തിലൂടെ രഞ്ജി ട്രോഫിക്ക് പുതിയ ശൈലിയുണ്ടാകുമോയെന്നും സംശയം നിലനില്‍ക്കുന്നു
ഇന്ത്യയിലെ ക്രിക്കറ്റിന്റെ വിളനിലമാണ് മുംബൈ. സുനില്‍ ഗവാസ്കറും സച്ചിൻ തെൻഡുല്‍ക്കറും സഹീര്‍ ഖാനുമൊക്കെ 22 യാര്‍ഡ് കീഴടക്കാനിറങ്ങിയ മണ്ണ്. രഞ്ജി ട്രോഫിയില്‍ 42 തവണ കിരീടം തൊട്ട പാരമ്പര്യം മറ്റൊരു സംഘത്തിനുമില്ല. അങ്ങനെയൊരു ടീമില്‍ നിന്നാണ് ജയ്സ്വാളിന്റെ പുതുചുവടുവെപ്പ്. ഇന്ത്യൻ ടീമിന്റെ ഭാവി വാഗ്ദാനമെന്ന തലക്കെട്ട് ചുരുക്കകാലം കൊണ്ട് സമ്പാദിച്ച ഒരാളുകൂടിയാണ് ജയ്സ്വാള്‍. അതിന് കാരണമായതും മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ അത്ഭുത പ്രകടനമാണ്.
രഞ്ജി ട്രോഫിയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് താരങ്ങള്‍ കൂടുമാറുന്നത് പുതുമയുള്ള ഒന്നല്ല. വിരേന്ദര്‍ സേവാഗ്, വസീം ജാഫര്‍, സഹീര്‍ ഖാൻ, റോബിൻ ഉത്തപ്പ, ജലജ് സക്സേന തുടയിവരെല്ലാം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയവരാണ്. പക്ഷേ, ജയ്സ്വാളിന്റെ തീരുമാനത്തിന് പിന്നില്‍ ഗോവയുടെ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് കരുതാനാകില്ല. മുംബൈ നായകൻ അജിങ്ക്യ രഹാനയും ക്രിക്കറ്റ് അസോസിയേഷനുമായി ജയ്സ്വാളിന് അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളുമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രഹാനെയും ജയ്സ്വാളും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം 2022 ദുലീപ് ട്രോഫി ഫൈനലിലാണ്. വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലായിരുന്നു കലാശപ്പോര്. സൗത്ത് സോണ്‍ താരം രവി തേജയെ നിരന്തരം ജയ്സ്വാള്‍ സ്ലെഡ്ജ് ചെയ്തത് നായകൻ രഹാനയെ ചൊടിപ്പിച്ചു. അമ്പയറിന്റെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ജയ്സ്വാള്‍ സ്ലെഡ്ജിങ് തുടര്‍ന്നത്. മൈതാനത്ത് പൊതുവെ ശാന്തനായ രഹാനെ ജയ്സ്വാളിനെ കളത്തില്‍ നിന്ന് പറഞ്ഞ് അയക്കുകയും ചെയ്തു. അന്ന് രണ്ടാം ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറി ജയ്സ്വാള്‍ നേടി കളിയിലെ താരമായിരുന്നു ജയ്സ്വാള്‍.
പിന്നീട് ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായ ജയ്സ്വാള്‍ കഴിഞ്ഞ രഞ്ജി സീസണില്‍ മുംബൈക്കൊപ്പം ചേര്‍ന്നിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശര്‍മയും ഒരു മത്സരത്തില്‍ ഭാഗമായിരുന്നു. ജമ്മു കശ്മിരിനെതിരായ മത്സരത്തില്‍ ജയ്സ്വാള്‍ തിളങ്ങിയിരുന്നില്ല. മത്സരത്തില്‍ മുംബൈ തിരിച്ചടി നേരിട്ടപ്പോള്‍ ജയ്സ്വാള്‍ അവസരത്തിനൊത്ത് കളിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ മാനേജ്മെന്റും രഹാനെയും ജയ്സ്വാളിന്റെ ഷോട്ട് സെലക്ഷനുകളെ വിമര്‍ശിക്കുകയും പ്രതിബദ്ധതയെ ചോദ്യം ചെയ്തതായുമാണ് റിപ്പോര്‍ട്ടുകള്‍.
ഇതില്‍ അസ്വസ്ഥനായ ജയ്സ്വാള്‍ രാഹാനെയുടെ കിറ്റ് ബാഗില്‍ തൊഴിച്ച് അമര്‍ഷം വെളിപ്പെടുത്തിയെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദര്‍ഭയ്ക്കെതിരായ സെമി ഫൈനലിന്റെ തലേദിവസം ടീമിനൊപ്പം നില്‍ക്കാതെ ജയ്സ്വാള്‍ വീട്ടിലേക്ക് മടങ്ങിയതും മാനേജ്മെന്റിനെ ചൊടിപ്പിച്ചിരുന്നു. സെമിയിലെ തോല്‍വിക്ക് ശേഷം ജയ്സ്വാളിനെ പേരെടുത്ത് പറയാതെയാതെ ചീഫ് സെലക്ടര്‍ സഞ്ജയ് പാട്ടീല്‍ വിമര്‍ശിക്കുകയും ചെയ്തു. അന്താരാഷ്ട്ര താരങ്ങള്‍ ടീമിനൊപ്പം പരിശീലനം നടത്താൻ തയാറാകുന്നില്ലെന്നും ഇത്തരം സമീപനം തിരുത്തേണ്ടതുണ്ടെന്നും സഞ്ജയ് വ്യക്തമാക്കി.
ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഗോവയുടെ നായകസ്ഥാനം മാത്രമല്ല ജയ്സ്വാളിന്റെ പടിയിറക്കത്തിന് കാരണമായതെന്ന് കരുതാം. അടുത്ത സച്ചിനെന്ന് വാഴ്ത്തപ്പെട്ട പൃഥ്വി ഷായ്ക്ക് വിനയായതും അച്ചടക്കമില്ലായ്മയായിരുന്നു. ഈ ഐപിഎല്ലില്‍ പൃഥ്വിയെ വാങ്ങാൻ ഒരു ടീമും തയാറായിരുന്നില്ല. ടെന്റില്‍ വളര്‍ന്ന്, ജീവിക്കാൻ പാനിപൂരി വിറ്റ് കഷ്ടതകളുടെ നീണ്ട കാലം താണ്ടിയ ജയ്സ്വാള്‍ തന്റെ കരിയറങ്ങനെ വിട്ടുകളയില്ലെന്ന് പ്രത്യാശിക്കാം.
നിലവില്‍ ടെസ്റ്റ് ടീമിലെ സ്ഥിര ഓപ്പണറായ ജയ്സ്വാള്‍ ഏകദിന ട്വന്റി 20 ടീമുകളുടെ ഭാഗമല്ല. മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങാൻ കെല്‍പ്പുള്ള ജയ്സ്വാളിന് ഈ ഐപിഎല്‍ അതുകൊണ്ട് തന്നെ ഏറെ നിര്‍ണായകമാണ്. ഇതിനെല്ലാം പുറമെ രഞ്ജിയില്‍ പുതിയ ശൈലിക്ക് ജയ്സ്വാളിന്റെ കൂടുമാറ്റം വഴിയൊരുക്കുമോയെന്നും സംശയമുണ്ട്. സാമ്പത്തിക സ്ഥിതിയുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് അനായാസം മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കുമെന്ന ഒരു സാധ്യത കൂടി ഇവിടെ തെളിഞ്ഞിരിക്കുന്നു.