ഭക്ഷ്യോത്പാദനത്തില്‍ മുന്‍നിരയിലാണെങ്കിലും രാജ്യത്തെ ജനതയ്ക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്? CSIR NIIST ഡയറക്ടറും മുന്‍നിര ഭക്ഷ്യസംസ്‌കരണ സാങ്കേതിക വിദഗ്ധനുമായ ഡോ.അനന്തരാമകൃഷ്ണനുമായി ശാലിനി എസ്, ദ സയന്‍സ് ടോക്കില്‍ നടത്തിയ അഭിമുഖം
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇന്ത്യ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയിട്ടും രാജ്യത്തെ ജനസംഖ്യയിലെ നല്ലൊരു വിഭാഗം ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പ്രത്യേകിച്ചും, കുട്ടികളിലെ പോഷകാഹാരക്കുറവില്‍ ഇന്ത്യ ഇപ്പോഴും മുന്‍നിരയില്‍ത്തന്നെ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം, പ്രമേഹ രോഗബാധിതരുടെ ലോകതലസ്ഥാനമായും ഇന്ത്യയെ കണക്കാക്കുന്നു. അതില്‍ത്തന്നെ മുന്‍പന്തിയിലാണ് കേരളം. ഈ വൈരുധ്യം വിരല്‍ചൂണ്ടുന്നത് ഒരു സുപ്രധാന ചോദ്യത്തിലേക്കാണ്. ഭക്ഷ്യോത്പാദനത്തില്‍ മുന്‍നിരയിലെങ്കിലും രാജ്യത്തെ ജനതയ്ക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിലേക്ക്. ഈ വിഷയവുമായി ബന്ധപ്പെട്ട് CSIR NIIST ഡയറക്ടറും മുന്‍നിര ഭക്ഷ്യസംസ്‌കരണ സാങ്കേതിക വിദഗ്ധനുമായ ഡോ.അനന്തരാമകൃഷ്ണനുമായി ശാലിനി എസ്, ദ സയന്‍സ് ടോക്കില്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്.
ഭക്ഷ്യോത്പാദനത്തിലും ക്ഷീരോത്പാദനത്തിലും ഇന്ത്യ മുന്‍നിരയിലെങ്കിലും, പോഷകാഹാരക്കുറവിലും, ചൈൽഡ് വേസ്റ്റിങ് അനുപാതത്തിലും രാജ്യത്തിന്റെ സ്ഥാനം വളരെ ആശങ്കാജനകമാണ്. ഈ വൈരുധ്യത്തിന്റെ കാരണം എന്താണ് ? എങ്ങനെ പരിഹരിക്കും ?
ഭക്ഷ്യോത്പാദനത്തിന്റെ സര്‍വമേഖലകളിലും ഞങ്ങൾ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതില്‍ ഒരു പരിധി വരെ പിന്നിലാണ്. പുരുഷന്‍മാരില്‍ 45 %, സ്ത്രീകളില്‍ 55 %, കുട്ടികളില്‍ 65 % വിളര്‍ച്ച ബാധിതരാണെന്നത് വളരെ ആശങ്കാജനകമാണ്.
10 വര്‍ഷത്തിന് മുന്‍പ് രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 65 വയസ്സായിരുന്നു, ഇപ്പോള്‍ 72 വയസ്സാണ്. സാമൂഹിക ആരോഗ്യരംഗത്ത് പ്രതീക്ഷിക്കുന്ന നിരക്കില്‍ പുരോഗതി കൈവരിച്ചില്ലെങ്കിലും, നമ്മള്‍ സാവധാനമെങ്കിലും തൃപ്തികരമായ നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
നിത്യാഹാരത്തില്‍ എത്രമാത്രം പോഷകസമ്പുഷ്ടമായിരിക്കണമെന്ന് ജനങ്ങള്‍ക്കും ബോധ്യം വേണം. പുരുഷന് ശരാശരി 55 ഗ്രാമും സ്ത്രീകൾക്ക് 45 ഗ്രാമും പ്രോട്ടീന്‍ ആവശ്യമാണ്. സമീകൃതാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണവും ആവശ്യമാണ്.
100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശപ്പകറ്റാന്‍ വേണ്ടിയാണ് ഭക്ഷണം കഴിച്ചിരുന്നത്. എന്നാൽ 50 വര്‍ഷം മുമ്പാണ് ആരോഗ്യത്തിന് പ്രാധാന്യം വന്നത്, ഇപ്പോള്‍ രുചിക്കും ആസ്വാദനത്തിനുമാണ് പ്രാധാന്യം. രുചിയുടെ പിന്നാലെ പോകുമ്പോള്‍ നഷ്ടമാകുന്നത് പോഷകഗുണങ്ങളാണ്. രുചിക്കും പോഷകത്തിനുമിടയിലെ സന്തുലിതാവസ്ഥ പാലിക്കണം. ആയുര്‍ദൈര്‍ഘ്യം എന്നത് ജനസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് വലിയ നേട്ടമാണ്.
രുചിക്ക് പിന്നാലെ പോകുന്ന ധനികരിലെ പോഷകാഹാരക്കുറവ്, ദാരിദ്ര്യം കാരണം പാവപ്പെട്ടവരിലെ പോഷകാഹാരക്കുറവ്, ഈ രണ്ടു വെല്ലുവിളികളെ എങ്ങനെയാണ് നേരിടുന്നത് ?
ഒരു വശത്ത് ദാരിദ്ര്യം കാരണം പോഷകാഹാരക്കുറവിലൂടെയുള്ള വളര്‍ച്ച മുരടിപ്പ്, മറുവശത്ത് അമിതമായി കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഭക്ഷണം മൂലമുള്ള പൊണ്ണത്തടിയും ആരോഗ്യപ്രശ്‌നങ്ങളും. അമിതാഹാരവും, നിരന്തരമായുള്ള ഇരുപ്പും കാരണമുള്ള ജീവിതശൈലി രോഗങ്ങള്‍ ചെറുക്കാന്‍ സമീകൃതാഹാരത്തിനായുള്ള ബോധവത്ക്കരണങ്ങൾ ആവശ്യമാണ്.
സ്‌കൂളുകളിലെ ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം തുടങ്ങിയ സ്‌കീമുകളിലൂടെ പാവപ്പെട്ട കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.
ആരോഗ്യമാണ് സമ്പത്ത്, സാമൂഹിക ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമെ 2047ല്‍ വികസിത രാഷ്ട്രമാകുകയെന്ന ലക്ഷ്യം നേടാന്‍ കഴിയൂ. ആഗോളതലത്തില്‍ ഇന്ന് നമ്മുടെ ജനത ഏറ്റവും ചെറുപ്പമെങ്കില്‍ 30 വര്‍ഷത്തിനകം നമ്മള്‍ ഏറ്റവും പ്രായമേറിയ ജനതയായിരിക്കും, ആയുര്‍ദൈര്‍ഘ്യം 72ല്‍ നിന്ന് 80ല്‍എത്തുകയും ചെയ്യും. ഇപ്പോൾ തന്നെ ജീവിതശൈലി രോഗങ്ങളില്‍ നമ്മള്‍ മുന്‍നിരയിലുമാണ്. ബോധവത്ക്കരണത്തിലൂടെയും കൃത്യമായ പദ്ധതികളിലൂടെയും മാത്രമേ ഈ വൈരുധ്യത്തെ മറികടക്കാന്‍ കഴിയൂ.
മറ്റൊരു പ്രശ്‌നം രാജ്യത്തെ കര്‍ഷകര്‍ അവരുടെ വിളകള്‍ക്ക് നേരിടുന്ന വില സ്ഥിരതയില്ലായ്മയാണ്. അതിന് ഒരു പരിഹാരം മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാണ്. അതിനാല്‍ ജനങ്ങള്‍ക്ക് പോഷകസമ്പുഷ്ടമായ, കൂടുതല്‍ കാലാവധിയുള്ള ഭക്ഷ്യോത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ കര്‍ഷകരെ എങ്ങനെയൊക്കെ പ്രാപ്തരാക്കും ?
ചോദ്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യത്തേത് കാര്‍ഷിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നാണ്. കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതിയാലും ഏറെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യ. ഹ്രസ്വ കാലാവധിയുള്ള തക്കാളി, ഉള്ളി മുതലായ വിളകള്‍ക്ക് വിലസ്ഥിരതയില്ല. ആദ്യം വേണ്ടത് കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവിലയാണ്. പിന്നെ, ചെയ്യേണ്ടത് സ്റ്റോറേജ് സൗകര്യങ്ങളും. ഒപ്പം മൂല്യവര്‍ധിത ഉത്പാദനവും പ്രദാനം ചെയ്യുകയെന്നതുമാണ്.
ഫ്രഷ് തക്കാളിക്കും, ഉള്ളിക്കും പകരം പൗഡര്‍, പേസ്റ്റ് രൂപങ്ങളിലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നത് സമയലാഭത്തിനും, പാഴായിപോകുന്നത് ഒഴിവാക്കാനുമെന്നതിനൊപ്പം, കര്‍ഷകരെ വിലത്തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനും കഴിയും. മൂന്ന് മാസത്തിനിപ്പുറം നല്ല വില കിട്ടില്ലെങ്കില്‍ അധികമായുള്ളവയെ പൗഡര്‍, പേസ്റ്റ് രൂപത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം. ഇങ്ങനെ ചെയ്യുന്നത് ഒരുപോലെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാണ്.
രണ്ടാമത്, പോഷകമൂല്യം നഷ്ടപ്പെടരുത്. ഉത്പന്നങ്ങളാക്കുന്ന പ്രക്രീയയില്‍ പോഷകമൂല്യങ്ങള്‍ ഒരു പരിധിവരെ കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്റ്റോറേജ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും, മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതും വഴി കര്‍ഷകരെ രക്ഷിക്കാന്‍ മാത്രമല്ല, രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിയും.
തഞ്ചാവൂര്‍ NIFTEM ഡയറക്ടറായിരിക്കെ, ചെറിയ ഉള്ളി ദീര്‍ഘകാലം കേടുകൂടാതിരിക്കാനുള്ള സ്റ്റോറേജ് സൗകര്യങ്ങള്‍ വികസിപ്പിക്കാനും, റെഡി ടു യൂസ് ആവശ്യത്തിനായി ഉള്ളി തൊലി കളഞ്ഞ് വാക്യും പാക്ക് ചെയ്യാനുള്ള യന്ത്രം വികസിപ്പിക്കാന്‍ കഴിഞ്ഞു, ഇത് വലിയ ഹോട്ടലുകള്‍ക്ക് ഉപകാരപ്രദമാണ്. അതുപോലെ തന്നെ പേസ്റ്റ്, പൗഡര്‍ രൂപത്തിലും ഉള്ളിയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള യന്ത്രങ്ങളും വികസിപ്പിച്ചു.
നാളികേരത്തിന്റെ കാര്യത്തില്‍ ഉത്പാദനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെങ്കിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കാര്യത്തില്‍ നമ്മള്‍ വളരെ പിന്നിലാണ്. വിയറ്റ്‌നാം ഇക്കാര്യത്തില്‍ മുന്‍നിരയിലാണ്. അതുപോലെ ഉപയോഗ ശേഷമുള്ള വെളിച്ചെണ്ണയെ ഇന്ധനമാക്കി മാറ്റാന്‍ കഴിയണം, ഇളനീരില്‍ നിന്നും തേങ്ങാവെള്ളത്തില്‍ നിന്നും ഉത്പന്നങ്ങളുണ്ടാക്കണം. നീര ഉത്പാദനത്തില്‍ നമ്മള്‍ കുറെ കാര്യങ്ങള്‍ ചെയ്തു, പക്ഷേ 6 മാസത്തിനപ്പുറം കാലാവധി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല.
ഇങ്ങനെ കര്‍ഷകര്‍ക്ക് താങ്ങും തണലുമായി ഒരോ ഘട്ടത്തിലും ശാസ്ത്രീയ ഇടപെടലുകളും സര്‍ക്കാര്‍ പിന്തുണയും ആവശ്യമാണ്. കൂടാതെ, വിളകളുടെ മൂല്യം എത്രമാത്രം വര്‍ധിപ്പിക്കാന്‍ കഴിയുന്നോ, അത്രയും ഫലം കര്‍ഷകരിലേക്ക് തന്നെ തിരിച്ചെത്തിക്കാനും കഴിയണം. ഉദാഹരണത്തിന് High Pressure processing technology ഉപയോഗിച്ച് തേങ്ങാവെള്ളത്തെ പാനീയമാക്കി, ആ മൂല്യവര്‍ധനയുടെ പ്രയോജനം കര്‍ഷകരിലേക്ക് തന്നെ എത്തുകയും, ജനങ്ങള്‍ക്കെല്ലാം പോഷകം നിറഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നിടത്തുമാണ് നമ്മുടെ വിജയം.
ഇങ്ങനെ ചെയ്യുന്നതിനെല്ലാം മികച്ച സാങ്കേതിക സൗകര്യങ്ങളും നൈപുണ്യവും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണസംവിധാനങ്ങള്‍ എന്തൊക്കെ ചെയ്യുന്നുണ്ട് ?
ഉദാഹരണത്തിന്, NIFTEM ഡയറക്ടറായിരിക്കെയും, ഇപ്പോള്‍ CSIR - NISST ഡയറക്ടറായും കര്‍ഷകര്‍ക്കായി ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ വികസിപ്പിച്ചിരുന്നു. വിളവെടുപ്പ് സ്ഥലത്ത് തന്നെ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ തയ്യാറാക്കുന്നത് വഴി കര്‍ഷകര്‍ക്ക് വരമ്പത്ത് തന്നെ അവരുടെ വിളകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി കൊണ്ടുപോകാം. പക്ഷേ, ഇത് കൂടുതല്‍ വിപുലപ്പെടുത്തണം. വിളകള്‍ നേരിട്ട് മാര്‍ക്കറ്റിലേക്ക് കൊണ്ടുപോകാതെ, മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് നല്ല ബോധവത്ക്കരണവും അത്യാവശ്യമാണ്.
താങ്കള്‍, കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ മന്ത്രാലയത്തിന്റെ PMFME സ്‌കീമിന്റെ കാര്യശേഷി നിര്‍മ്മിതിയിലും, ഗവേഷണ പദ്ധതിയുടെയും അധ്യക്ഷനായിരുന്നല്ലോ. ഈ സ്‌കീമിന്റെ ലക്ഷ്യങ്ങളും, ഇത് നടപ്പാക്കാന്‍ നേരിട്ട വെല്ലുവിളികളും വിവരിക്കാമോ ?
ഒരു ജില്ല, ഒരു ഉത്പന്നം എന്ന തത്വത്തില്‍ അധിഷ്ഠിതമാണ് PMFME സ്‌കീം. ഇത് 1971ല്‍ ജപ്പാനില്‍ തുടങ്ങി വന്‍ വിജയമായിരുന്നു. ഇന്ത്യയില്‍ 25 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ചെറുകിട ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റുകള്‍ ഉണ്ട്. ഇവയെ രജിസ്റ്റേര്‍ഡ് ആക്കി കാര്യശേഷി വര്‍ധിപ്പിക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. 2020ലായിരുന്നു ഈ സ്‌കീം തുടങ്ങിയത്, 2025 വരെയാണ് കാലാവധി. ഇതുവരെ, 1,05,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഡിസൈന്‍ ഉള്‍പ്പെടെ 135 തരം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു. ഇതിന്റെ വിശദാംശങ്ങള്‍, NIFTEM സൈറ്റില്‍ മലയാളത്തിലും ലഭ്യമാണ്.
ഒരാളുടെയും സഹായം വേണ്ട, നേരെ സൈറ്റില്‍ പോയി, അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാന്‍ സാങ്കേതിക പരിജ്ഞാനം ഉള്‍പ്പെടെ ലോണ്‍ ലഭിക്കും. ഒരു യൂണിറ്റിന് പരമാവധി 30 ലക്ഷം രൂപ വരെ ലോണ്‍, 10 ലക്ഷം വരെ സബ്‌സിഡിയും ലഭിക്കും.
ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ തയ്യാറാക്കുന്നതിന്റെയും കണ്‍വീനറായിരുന്നു, അക്കാലത്ത് 70 എണ്ണം തയ്യാറാക്കാന്‍ കഴിഞ്ഞു. കേരളത്തിന് ലഭിച്ച രണ്ടെണ്ണത്തില്‍, ഒന്ന് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായിരുന്നു. ചെറുകിട ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങാന്‍ സംരംഭകര്‍ക്ക് വിജയകരമായി പരിശീലനം നല്‍കി വരുന്നു.
പദ്ധതി പ്രകാരം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു ?
ഇന്ത്യയില്‍ വളരെയധികം തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖലയാണ് ചെറുകിട ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍. ഓരോ ചെറിയ യൂണിറ്റും നേരിട്ട് 5 പേര്‍ക്കും, നേരിട്ടല്ലാതെ 5 പേര്‍ക്കും തൊഴില്‍ നല്‍കുന്നതാണ്. ഈ ഒരു സ്‌കീമിലൂടെ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അതിനാല്‍ 10 ലക്ഷം തൊഴിലവസരങ്ങളെങ്കിലും പ്രദാനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇത് ഇവിടെ അവസാനിക്കുന്നില്ല, വിപണന മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. നഗര, ഗ്രാമീണ മേഖലകളില്‍ ഒരുപോലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ MSME സെക്ടര്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക്, 10 % ശതമാനം വളര്‍ച്ചയാണ് MSME സെക്ടര്‍ നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച നിരക്ക് ഈ മേഖലയിലാണ്.
235 ബില്ല്യണ്‍ ഡോളര്‍ പ്രതീക്ഷിച്ചിടത്താണ് നമ്മള്‍ കഴിഞ്ഞ വര്‍ഷം 535 ബില്ല്യണ്‍ നേടിയത്. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 800 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ലോക കമ്പോളത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്, 30 % അതിവേഗ വളര്‍ച്ചയാണ് നമ്മള്‍ ഈ രംഗത്ത് കൈവരിച്ചത്. ഇന്ത്യ ലോകത്തിന്റെ തന്നെ food basket ആകണമെന്നാണ് PMFME, PLI സ്‌കീമുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1200 ബില്ല്യണ്‍ ഡോളര്‍ നേട്ടം കൈവരിക്കണമെന്നാണ് ലക്ഷ്യം.
PMFME സ്‌കീം 2025ല്‍ അവസാനിക്കുമല്ലോ, ഇതിന്റെ അടുത്ത ഘട്ടം എന്താണ് ?
ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തില്‍ നിന്ന് കൂടുതല്‍ ഉത്തേജന പാക്കേജുകള്‍ പ്രതീക്ഷിക്കുന്നു, ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ സ്‌കീം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വനിത സ്വയംസഹായ സംഘമായ കേരളത്തിലെ കുടുംബശ്രീക്ക് PMFME സ്‌കീം എത്ര മാത്രം പ്രയോജനപ്പെട്ടു ?
കേരളത്തില്‍ 2000ത്തിലധികം സ്ത്രീകള്‍ക്ക് ഈ സ്‌കീം പ്രയോജനപ്പെട്ടു. അവര്‍ക്ക് ഈ മേഖലയില്‍ നിരന്തരം സാങ്കേതിക പരിശീലനവും നല്‍കുന്നുണ്ട്.
ഏതൊക്കെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനാണ് പരിശീലനം നല്‍കുന്നത് ?
കേരള കാര്‍ഷിക സര്‍വകലാശാല ഈ സ്‌കീം പ്രകാരം പരിശീലനം നല്‍കുന്നത് ബിസ്‌ക്കറ്റ്, നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും, മാലിന്യ സംസ്‌കരണത്തിനുമാണ്.
പോഷകാഹാരം ലഭ്യമാക്കുന്നതില്‍ ഈ സ്‌കീമുകള്‍ എത്രമാത്രം വിജയിച്ചു ?
ഈ സ്‌കീമുകള്‍ പ്രധാനമായും തൊഴില്‍ പ്രദാനം ചെയ്യാനാണ്. അതില്‍ നമ്മള്‍ ഏകദേശം ലക്ഷ്യം കണ്ടു. 200 പ്രധാന പരിശീലകര്‍ക്കും, ജില്ലാടിസ്ഥാനത്തില്‍ 3,000 പേര്‍ക്കും പരിശീലനം നല്‍കി. അവര്‍ മറ്റുള്ളവര്‍ക്കും നല്‍കും. PMFME സ്‌കീം സൈറ്റിന്റെ ഡാഷ്‌ബോര്‍ഡില്‍ ഈ വിവരങ്ങളെല്ലാം ലഭ്യമാണ്. ഇനി ലക്ഷ്യം പോഷകമൂല്യങ്ങള്‍ എത്രമാത്രം നിലനിര്‍ത്താമെന്നാണ്.
പ്രമേഹ രോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് തന്നെ മുന്നിട്ടു നില്‍ക്കുന്നു, ദേശീയാടിസ്ഥാനത്തില്‍ കേരളവും. മനുഷ്യശരീരത്തിലെ ദഹനപ്രക്രീയയുടെ ഒരു കൃത്രിമ മോഡല്‍ വികസിപ്പിച്ചെടുത്തല്ലോ ? ഇതില്‍ നിന്നുള്ള പ്രധാന നിരീക്ഷണ ഫലങ്ങള്‍ എന്തൊക്കെയാണ്? ഈ അവസ്ഥയില്‍ നിന്ന് എങ്ങനെ മുക്തി നേടാം ?
ശരീരത്തിന് വേണ്ട ഇരുമ്പ് നാനോ കണികകള്‍ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. liposome delivery system വികസിപ്പിച്ചെങ്കിലും രൂചിയുടെ കാര്യത്തില്‍ വിജയിച്ചില്ല. പിന്നീടാണ് കൃത്രിമമായ ദഹനവ്യവസ്ഥ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞത്. അന്നനാളവും, ഉദരവും, ചെറുകുടലും ആണ് കൃത്രിമമായി വികസിപ്പിച്ചത്. ആദ്യം പന്നിയുടേത് വികസിപ്പിക്കാനായിരുന്നു പ്ലാന്‍, പക്ഷേ, അത് വിജയിച്ചില്ല.
പിന്നെ വോളണ്ടിയറായി വന്നവരുടെ എംആര്‍ഐ സ്‌കാന്‍ എടുത്തു. മിനുട്ടില്‍ 120 എന്ന തോതില്‍ 2D ഇമേജ് ലഭിക്കും, അതിനെ 3D പ്രിന്റ് ചെയ്ത് ആമാശയവും ചെറുകുടലും, 2012ല്‍ തയ്യാറാക്കി. ആഹാരത്തിലെ പോഷകങ്ങള്‍ എങ്ങനെയാണ് ആഗിരണം ചെയ്യുന്നതെന്ന് പഠനം നടത്തി. ഏതിനം ഭക്ഷണം കഴിക്കുമ്പോഴാണ് ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ ഉയരുന്നതെന്ന് മനസ്സിലാക്കി. മൃഗങ്ങളില്‍ ഇതിന്റെ ട്രയല്‍ നടത്തിയിരുന്നു. പിന്നീട് മനുഷ്യരിലും ക്ലിനിക്കല്‍ സ്റ്റഡീസ് നടത്തി. ഇനി മൈക്രോ ബയോം അടങ്ങിയിരിക്കുന്ന വന്‍കുടല്‍ കൃത്രിമമായി വികസിപ്പിക്കുന്നതിലാണ് പരിശ്രമിക്കുന്നത്.
മൈക്രോ ബയോം എന്ന് പറയുന്നത് വന്‍കുടലിലെ സൂക്ഷ്മാണുക്കളാണ്. അന്നനാളവും ആമാശയവും ചെറുകുടലും ഇതിനകം വികസിപ്പിച്ചെങ്കിലും വന്‍കുടലും കൂടിയാവുമ്പോഴേ പഠനം പൂര്‍ണമാകൂ. ഈ പഠനത്തില്‍ നിന്നുള്ള ഫലങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആപ്പിള്‍, ഉപ്പുമാവ്, തുടങ്ങിയവ കഴിക്കുമ്പോഴുള്ള glycemic response രേഖപ്പെടുത്തി. ഈ പഠനം ഉപയോഗിച്ച് low glycemic index ഉള്ള മില്ലെറ്റ്‌സ് ബിസ്‌ക്കറ്റ് ഞങ്ങള്‍ തന്നെ വികസിപ്പിച്ചു. അതായത്, ഈ പഠനം ഉപയോഗിച്ച് low glycemic index ഉള്ള ഭക്ഷണസാധനങ്ങള്‍ നമ്മള്‍ക്ക് വികസിപ്പിച്ചെടുക്കാമെന്ന് തന്നെ.
Glycemic index എന്ന് പറഞ്ഞാല്‍ ഓരോ ഭക്ഷ്യവസ്തുക്കളും അവ കഴിച്ച് 2 മണിക്കൂറിനുള്ളില്‍ ഗ്രൂക്കോസ് ലെവല്‍ എത്ര ഉയരുമെന്ന് കണക്കാക്കുന്നതാണ്. ഗ്ലൂക്കോസിന് 100 എന്ന കണക്കാക്കിയാണ് ഇന്‍ഡെക്‌സ് തയ്യാറാക്കുന്നത്. 60ല്‍ താഴെയാണെങ്കില്‍ lower GI, 60 മുതല്‍ 75 വരെയെങ്കില്‍ medium GI, 75ന് മുകളിലെങ്കില്‍ high GI. ഈ പഠനം ഉപയോഗപ്പെടുത്തി പ്രമേഹ രോഗികള്‍ക്ക് lower GI ഉള്ള ഭക്ഷണ വസ്തുക്കള്‍ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാം.
ഇഡലി, ദോശ, ചോറ്, ചപ്പാത്തി ഇവയുടെ glycemic index ?
ചോറ് മാത്രമെങ്കില്‍ glycemic index 60 മുതല്‍ 80 വരെയാണ്, പക്ഷേ, സാമ്പാറോ, തൈരോ ഒപ്പമെങ്കില്‍ glycemic index കുറവാണ്. തവിടോടു കൂടിയ അരിക്ക് glycemic index 60 -ല്‍ താഴെയാണ്, പക്ഷേ, polished rice -ന് 70 മുതല്‍ 80 വരെയാണ്. ബ്രൗണ്‍, റെഡ് റൈസില്‍ ഫെബര്‍ ഉള്ളതിനാല്‍ glycemic index കുറവാണ്. പക്ഷേ, നമ്മള്‍ കൂടുതലും polished rice ആണ് കഴിക്കുന്നത്. അത് കാര്‍ബോ ഹൈഡ്രേറ്റ്‌സ് മാത്രമാണ്.
ഗോതമ്പില്‍ നാരുകള്‍ ഉള്ളതിനാല്‍ GI കുറവാണ്. മൈദ ഒരിക്കലും കഴിക്കാന്‍ പാടില്ല. പഴ വര്‍ഗ്ഗങ്ങളില്‍ ആപ്പിള്‍ ഒഴികെ എല്ലാം ഗ്ലൂക്കോസ് ലെവല്‍ ഉയര്‍ത്തുന്നതാണ്, പക്ഷേ, പഴങ്ങള്‍ കഴിക്കണം, അളവാണ് പ്രധാനം. ചക്കപ്പഴം പച്ചയ്ക്ക് GI കുറവാണ്. പഴുത്തതാണെങ്കില്‍ കൂടുതലാണ്. പാലുല്‍പ്പന്നങ്ങള്‍ക്ക് GI കൂടുതലെങ്കിലും, പഞ്ചസാര ചേര്‍ക്കാതെ ഉപയോഗിക്കുന്നതാണ് നല്ലത്. കൂണ്‍ നല്ലതെങ്കിലും, എങ്ങനെ പാകം ചെയ്യുന്നു എന്നതാണ് പ്രധാനം.
പ്രമേഹ രോഗികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് ?
GI മാത്രം നോക്കി കാര്യമില്ല, ശരീരത്തിന് വേണ്ട ഊര്‍ജ്ജവും, പോഷകങ്ങളും, ഒപ്പം GI -യും സമീകൃതമായുള്ള ആഹാരമാണ് വേണ്ടത്. പ്രമേഹ രോഗികള്‍ മാത്രം GI -ക്ക് പ്രാധാന്യം കൊടുത്താല്‍ മതി, മറ്റുള്ളവര്‍ സമീകൃതാഹാരത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.
നമ്മുടെ രാജ്യം പ്രമേഹ രോഗത്തില്‍ മുന്‍നിരയിലായത് എന്തുകൊണ്ടെന്ന് താങ്കളുടെ പഠനം പ്രകാരം വിശദീകരിക്കാമോ ?
Fortified rice വികസിപ്പിച്ചതിന്റെ ലക്ഷ്യം ഇതുതന്നെയാണ്. ഇതിലൂടെ iron, vitamins, folic acid , B12 ഇവയെല്ലാം ലഭിക്കും. അരിമില്ലുകളില്‍ നിന്ന് ലഭിക്കുന്ന നുറുക്കരി പൊടിച്ച്, ശരീരത്തിന് വേണ്ട 3 ഇനം സൂക്ഷ്മ പോഷകങ്ങള്‍ ചേര്‍ത്ത് അരിയുടെ രൂപത്തില്‍ തയ്യാറാക്കുന്നതാണ് fortified rice.
2024 ജൂലൈ മുതല്‍ PDS വഴി കേന്ദ്രസര്‍ക്കാര്‍ 100:1 അനുപാതത്തില്‍ റേഷനരിക്കൊപ്പം Fortified rice ചേര്‍ത്ത് വിതരണം ചെയ്യുന്നു. ഇനി 7 ഇനം സൂക്ഷ്മ പോഷകങ്ങളെല്ലാം ചേര്‍ത്ത്, കുറഞ്ഞ ഗ്ലൂക്കോസ് ലെവലില്‍ പൂര്‍ണമായ അരി വികസിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ഭക്ഷ്യസംസ്‌ക്കരണ മേഖലയില്‍ താങ്കളുടെ സംഭാവനയായ 3D, 4D പ്രിന്റിംഗ് സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍ എന്തൊക്കെയാണ് ?
2017 മുതല്‍ 3D പ്രിന്റിംഗില്‍ ഗവേഷണം നടത്തുന്നു. പ്രിന്ററിന് വില കൂടുതല്‍ ആയതിനാല്‍ നമ്മുടെ തന്നെ ഫുഡ് പ്രിന്റര്‍ വികസിപ്പിച്ചു. കസ്റ്റമൈസ്ഡ് ഫുഡ് നിര്‍മ്മാണത്തിനാണ് പ്രിന്റര്‍ ഉപയോഗിക്കുന്നത്. നിര്‍മ്മാണത്തിന്റെ ചിലവ് കൂട്ടുന്നത് മഷിയുടെ വിലയാണ്. നമ്മള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്റെ മഷി തയ്യാറാക്കുന്നതാണ് വെല്ലുവിളി. അരി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍ ഇവയുടെ മഷി തയ്യാറാക്കി, കുട്ടികള്‍ക്ക് നൂഡില്‍സ് ഇഷ്ടമായതിനാല്‍ പച്ചക്കറികള്‍ 3D പ്രിന്റിംഗിലൂടെ നൂഡില്‍സ് രൂപത്തിലാക്കുന്നതില്‍ വിജയിച്ചു.
4D പ്രിന്റിംഗിലൂടെ കളറും ആകൃതിയുമൊക്കെ ഇഷ്ടാനുസരണം മാറ്റാം. ചിലവ് കുറയ്ക്കുക, പരമാവധി ഭക്ഷണസാധനങ്ങളുടെ മഷി വികസിപ്പിക്കുക. ആവശ്യമുള്ള അളവില്‍ ഏതാകൃതിയില്‍ വേണമെങ്കിലും, വീടുകളില്‍ വരെ വേഗത്തില്‍ ഇഷ്ടാനുസരണം നിര്‍മ്മിക്കുക എന്നുള്ളതാണ് അടുത്തതായി ലക്ഷ്യമിടുന്നത്.
ഡയറ്റ് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉണ്ടോ ?
ശരാശരി 55 -ഗ്രാം പ്രോട്ടീന്‍ പുരുഷനും, 45 ഗ്രാം സ്ത്രീക്കും ആവശ്യമാണ്, എന്തു ഭക്ഷണം കഴിച്ചാലും, അതില്‍ എത്ര കലോറി, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു എന്നു നമ്മള്‍ക്ക് ബോധ്യം വേണം. ഉദാഹരണത്തിന് ഒരു ദിവസം 5 മുതല്‍ 6 ഗ്രാം വരെ മാത്രമേ ഉപ്പ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ളൂ. പക്ഷേ, നമ്മള്‍ അതിന്റെ ഇരട്ടിയിലധികമാണ് ഭക്ഷണത്തിലൂടെ എടുക്കുന്നത്.
കുറഞ്ഞത് 400 ഗ്രാം പഴങ്ങളും, പച്ചക്കറികളും നമ്മള്‍ ദിവസേന കഴിച്ചിരിക്കണം. കൊഴുപ്പ് ഭക്ഷണത്തിന്റെ 30 ശതമാനം വരെ മാത്രമേ പാടുള്ളൂ. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും നമ്മള്‍ സമീകൃതാഹാരം ശീലമാക്കണം. ഇടയ്ക്ക് റസ്റ്റോറന്റിലൊക്കെ പോയി കഴിച്ചാലും ആരോഗ്യകരമായ ഭക്ഷണത്തിന് പ്രാധാന്യം നല്‍കണം. ആരോഗ്യത്തിന് നല്ല ഭക്ഷണവും വ്യായാമവും ആവശ്യമാണ്. പൊതുവേ കുട്ടികള്‍ക്ക് പഴങ്ങളും പച്ചക്കറികളും ഇഷ്ടമല്ല, വീടുകളും സ്‌കൂളുകളും കുട്ടികളുടെ ഭക്ഷണത്തിന് പ്രാധാന്യം നല്‍കണം, കഴിവതും ജങ്ക് ഫുഡ് ശീലം ഒഴിവാക്കണം. ആരോഗ്യമുള്ള ജനതയിലൂടെയേ നമുക്ക് വികസിത രാജ്യമാകാന്‍ കഴിയൂ. ജനങ്ങള്‍ അവരുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്താല്‍ സര്‍ക്കാരിന് അത്രയും ആശ്വാസമാണ്.
ഗട്ട് മൈക്രോ ബയോം ഡിസോര്‍ഡറും തലച്ചോറും തമ്മില്‍ എന്തെങ്കിലും ബന്ധം താങ്കളുടെ പഠനത്തിന് കണ്ടെത്താനായോ ?
അതിന് വേണ്ടിയാണ്, ഞങ്ങള്‍ വന്‍കുടലിലേക്കും പഠനം വ്യാപിപ്പിക്കുന്നത്. പക്ഷേ, ഇപ്പോള്‍ തന്നെ ഓരോ ഭക്ഷണ സാധനം കാണുമ്പോള്‍ തന്നെ നമ്മള്‍ക്ക് എന്തുതരം വികാരമാണ് ഉണ്ടാകുന്നതെന്ന് ശ്രീചിത്ര മെഡിക്കല്‍ കോളേജുമായി പഠനം നടത്തുകയാണ്. Functional MRI ഉപയോഗപ്പെടുത്തി ഓരോ ഭക്ഷണ സാധനം കാണുമ്പോഴുള്ള രക്തചംക്രമണം അളക്കാന്‍ സാധിക്കും. AI-ML ഉപയോഗിച്ച് ഈ പഠനത്തില്‍ ഏറെ മുന്നേറാന്‍ സാധിക്കും.
കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ പാക്കറ്റിലെ ലേബലില്‍ എന്തൊക്കെ ശ്രദ്ധിക്കണം ?
ഉപ്പ്, മധുരം, കൊഴുപ്പ് ഇവ പരമാവധി കുറവായിരിക്കണം. ഓരോ നേരത്തെ ഭക്ഷണത്തിലും മൂന്നിലൊന്ന് പഴങ്ങളും പച്ചക്കറികളും ആയിരിക്കണം. ആവശ്യത്തിനുള്ള പ്രോട്ടീന്‍ അടങ്ങിയിരിക്കണം. സമീകൃതാഹാരത്തിന് പ്രാധാന്യം നല്‍കണം. ജീവിതശൈലി രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചിലവാക്കുന്നതിലും നല്ലത്, ആരോഗ്യകരമായ ഭക്ഷണത്തിന് ചിലവാക്കുക എന്നതാണ് പ്രധാനം.
(ഡോ.അനന്തരാമകൃഷ്ണന്‍: CSIR - NIIST ഡയറക്ടര്‍. മുന്‍നിര ഭക്ഷ്യസംസ്‌കരണ സാങ്കേതികവിദഗ്ധന്‍. രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തിലൂടെ fortified rice വിതരണത്തിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയതിലും ഏഷ്യയിലെത്തന്നെ ആദ്യ സാങ്കേതിക ദഹനവ്യവസ്ഥ കൃത്രിമമായി നിര്‍മ്മിച്ചതിലും സുപ്രധാന പങ്ക് വഹിച്ചു. കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തിന് കീഴിലെ PMFME സ്‌കീം കാര്യശേഷി നിര്‍മ്മിത സമിതിയുടെയും ഗവേഷണ പദ്ധതിയുടെയും അധ്യക്ഷന്‍. 2024ലെ പ്രഥമ രാഷ്ട്രീയ വിജ്ഞാന്‍ ശ്രീ പുരസ്‌കാരവും ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചു.)