പാതിരാ പരിശോധന: നിയമം പറയുന്നതെന്ത്, പാലക്കാട്ട് നടന്നതെന്ത്?

By Web Team  |  First Published Nov 7, 2024, 3:26 PM IST

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഐ പി എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ്.


പാലക്കാട് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് നടത്തിയ പാതിരാ പരിശോധനയില്‍ നിയമപരമായ നിരവധി പിഴവുകള്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഐ പി എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ്. ജില്ലയില്‍ നിന്നുള്ള മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശാനുസരണം പാലക്കാട് എസ് പി റെയ്ഡിന് നിര്‍ദേശം നല്‍കിയെന്നാണ് പതിപക്ഷത്തിന്റെ ആരോപണം അത് ശരിയെങ്കില്‍ മന്ത്രിയും ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു വരും. എന്നാല്‍ ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ ആയ കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നില്ലെങ്കില്‍ നിയമപരമായി മന്ത്രിക്കെതിരെ നടപടികള്‍ സാധ്യമല്ല.

തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും വോട്ടര്‍മാര്‍ക്ക് പണവും മദ്യവും നല്‍കി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയാനും വിപുലമായ സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. കമ്മീഷന്റെ നിരവധി സ്‌ക്വാഡുകള്‍ പാലക്കാട് മണ്ഡലത്തില്‍ കള്ളപ്പണം തേടി നടക്കുമ്പോഴാണ് അവരെയൊന്നും അറിയിക്കാതെ പോലീസ് സ്വന്തം നിലയില്‍ കള്ളപ്പണ വേട്ടയ്ക്ക് ഇറങ്ങിയത്.

Latest Videos

undefined

 

 

നിരീക്ഷണ സമിതികളുടെ സാന്നിധ്യം

കേരളത്തില്‍ ഒരു ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 95 ലക്ഷവും നിയമസഭാ മണ്ഡലത്തിലേത് 40 ലക്ഷം രൂപയുമാണ്. ഇക്കാര്യം ഉറപ്പാക്കുന്നതിന് ഓരോ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സമിതി ഉണ്ടാകും. 

സമിതിയുടെ ഉത്തരവാദിത്തങ്ങള്‍ ഇവയാണ്: പ്രചരണത്തിനുള്ള ചെലവ് സത്യസന്ധമാണോ എന്ന് നിരീക്ഷിക്കുക, വോട്ടര്‍മാര്‍ക്ക് പണം, മദ്യം എന്നിങ്ങനെ കൈക്കൂലി നല്‍കുന്നത് കണ്ടെത്തി തടയുക, പെയ്ഡ് ന്യൂസ്, പരസ്യം എന്ന് തോന്നിക്കാതെ ചെയ്യുന്ന പരസ്യങ്ങള്‍ എന്നിവ കണ്ടെത്തി നടപടി എടുക്കുക, എല്ലാ സ്ഥാനാര്‍ത്ഥികളും പ്രതിദിന പ്രചാരണ ചെലവുകള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം, 
അനുവദനീയമായ പരിധിക്കുള്ളില്‍ ചെലവുകള്‍ നിര്‍ത്തണം, ഫലപ്രഖ്യാപനം വന്നു 30 ദിവസത്തിനകം ചെലവ് കണക്കുകള്‍ വരണാധികാരിക്ക് നല്‍കണം, വിശദമായ കണക്ക് കൃത്യ സമയത്തിനുള്ളില്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കും. 

കള്ളപ്പണം തടയാന്‍ കമീഷന്‍ മാര്‍ഗരേഖ

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാനായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസര്‍ ആയി മണ്ഡലത്തിലേക്ക് കമ്മീഷന്‍ നിയോഗിക്കും. ഇദ്ദേഹത്തെ സഹായിക്കാന്‍ അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസറും ഉണ്ടാകും. കള്ളപ്പണം ഒഴുകുന്നത് തടയാനും അങ്ങനെ എത്തുന്ന പണം പിടിച്ചെടുക്കാനും വിശദമായ മാര്‍ഗരേഖ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കിയിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ കമ്മീഷന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കണമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ചെലവ് നിരീക്ഷകന്‍ പോലീസ്, ആദായ നികുതി വകുപ്പ്, എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ച് പരിശോധന നടത്തണം. വ്യക്തമായ വിവരം ഉണ്ടെങ്കിലും നിരീക്ഷകന്‍ നേരിട്ട് പരിശോധനക്ക് ഇറങ്ങാന്‍ പാടില്ലെന്ന് പല സര്‍ക്കുലറുകളിലായി കമ്മീഷന്‍ ആവര്‍ത്തിച്ചിട്ടുള്ള കാര്യമാണ്.  

 

 

കള്ളപ്പണം കണ്ടെത്താന്‍ കണ്ണുംനട്ട്

മണ്ഡലത്തിലേക്ക് ഒഴുകാന്‍ സാധ്യതയുള്ള കള്ളപ്പണം കണ്ടെത്താനുള്ള ഉത്തരവാദിത്തം കമ്മീഷന്‍ നിശ്ചയിച്ച് നല്‍കിയിരിക്കുന്നത് ഫ്‌ലയിങ് സ്‌ക്വാഡുകള്‍ക്കും സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ക്കുമാണ്. ഒരു മണ്ഡലത്തില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് ഫ്‌ലയിങ് സ്‌ക്വാഡും മൂന്ന് സര്‍വൈലന്‍സ് സ്‌ക്വാഡും ഉണ്ടാകണമെന്നതാണ് ചട്ടം. പാലക്കാട് അന്‍പതോളം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്‌ലയിങ് സ്‌ക്വാഡുകള്‍ മണ്ഡലം അകെ സഞ്ചരിച്ച് പരിശോധന നടത്തുമ്പോള്‍ സര്‍വൈലന്‍സ് ടീം താല്‍ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് നിരന്തര വാഹന പരിശോധന നടത്തുകയാണ് ചെയ്യുന്നത്.

ആര്‍ ഡി ഒ, എ ഡി എം റാങ്കിലുള്ള ഒരു സീനിയര്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്നോ നാലോ പോലീസ് ഉദ്യോഗസ്ഥര്‍, ഒരു വിഡിയോഗ്രാഫര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഓരോ സ്‌ക്വാഡും. സ്വന്തമായി ഒരു വാഹനവും മൊബൈല്‍ ഫോണും വീഡിയോ ക്യാമറയും പണം പിടിച്ചെടുക്കേണ്ടി വന്നാല്‍ മഹസര്‍ തയാറാക്കാന്‍ വേണ്ട ഫോമുകളും സ്‌ക്വാഡിനൊപ്പം ഉണ്ടാവണം. എല്ലാ പരിശോധനകളും വിഡിയോയില്‍ പകര്‍ത്തണമെന്നും ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. 

പാലക്കാട് സംഭവിച്ചത്

പാലക്കാട് പോലീസ് റെയ്ഡ് തുടങ്ങി ഒരു മണിക്കൂറിനു ശേഷമാണ് ജില്ലാ കളക്ടറെ വിവരം അറിയിക്കുന്നത്. കളക്ടര്‍ ഉടന്‍ തന്നെ വിവരം സ്‌ക്വാഡിന് കൈമാറുകയായിരുന്നു. സ്‌ക്വാഡ് കെ പി എം ഹോട്ടലില്‍ എത്തുമ്പോള്‍ റെയ്ഡ് കഴിഞ്ഞ് രണ്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. പ്രശ്‌നം വഷളാകുന്നത് തിരിച്ചറിഞ്ഞ് വൈകിയാണെങ്കിലും നിയമപരമായ ബാധ്യതകള്‍ നിറവേറ്റാന്‍ പോലീസ് ശ്രമിച്ചതായി വേണം കരുതാന്‍.

ഇതൊക്കെയാണെങ്കിലും പോലീസ് റെയ്ഡിനെ കളക്ടര്‍ ന്യായീകരിച്ചത് എന്തുകൊണ്ടാണ്? തിരഞ്ഞെടുപ്പ് എന്ന ഘടകത്തെ മാറ്റി നിര്‍ത്തിയാലും കണക്കില്‍ പെടാത്ത പണം പിടിച്ചെടുത്താല്‍ ഭാരതീയ ന്യായ സംഹിത ചട്ടങ്ങള്‍ പ്രകാരം പൊലീസിന് കേസ് എടുക്കാനും സംശയിക്കുന്ന ആള്‍ക്കാരെ കസ്റ്റഡിയില്‍ എടുക്കാനും കഴിയും. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാലാണ് പാലക്കാട്ട് പൊലീസിന് പണി കിട്ടിയത് എന്ന് ചുരുക്കം.

click me!