ഏഴ് പേര്‍ക്ക് വരെ ഇരിപ്പിടം, 45 യാത്രകള്‍; സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗൺ പേടകത്തിന് സവിശേഷതകളേറെ

ഡ്രാഗണിന് ബഹിരാകാശ യാത്രികരെ ഭൂമിയുടെ ഭ്രമണപഥത്തിലേക്കോ, ഐഎസ്എസിലേക്കോ അല്ലെങ്കിൽ അതിലും ദൂരെത്തേക്കോ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് സ്പേസ് എക്സ് പറയുന്നത്

All about SpaceX Dragon spacecraft which brings NASA astronauts including Sunita Williams to earth

ഫ്ലോറിഡ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഉള്‍പ്പടെ ക്രൂ-9 ദൗത്യത്തിലെ നാല് ഗവേഷകര്‍ ഭൂമിയിൽ തിരിച്ചെത്തിക്കഴിഞ്ഞു. ഒമ്പത് മാസത്തിലധികമായി ബഹിരാകാശത്ത് കഴിഞ്ഞിരുന്ന സുനിത വില്യംസ് സ്പേസ് എക്സിന്‍റെ ഡ്രാഗൺ ഫ്രീഡം കാപ്സ്യൂൾ വഴിയാണ് മടങ്ങിയെത്തിയത്.  ഡ്രാഗൺ കാപ്സ്യൂൾ എത്രത്തോളം വ്യത്യസ്‍തമാണെന്നും അതിന്‍റെ പ്രവർത്തനരീതികള്‍ എങ്ങനെയാണെന്നും മനസിലാക്കാം.

ഏഴ് പേരെ വരെ വഹിക്കും, ഐഎസ്എസിനും അപ്പുറത്തേക്ക്

Latest Videos

8.1 മീറ്റര്‍ ഉയരവും 4 മീറ്റര്‍ വ്യാസവുമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിനുള്ളത്. ലോഞ്ച് പേലോഡ് മാസ് 6,000 കിലോഗ്രാമും റിട്ടേണ്‍ പേലോഡ് മാസ് 3,000 കിലോഗ്രാമുമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിനപ്പുറത്തേക്കും ദൗത്യങ്ങളിൽ സ്പേസ് എക്സിന്‍റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിന് ഏഴ് യാത്രക്കാരെ വരെ വഹിക്കാൻ കഴിയും. മനുഷ്യരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ആദ്യത്തെ സ്വകാര്യ പേടകവുമാണിത്. നിലവിൽ ഭൂമിയിലേക്ക് ബഹിരാകാശ നിലയത്തില്‍ നിന്ന് ഗണ്യമായ അളവിൽ മാലിന്യങ്ങള്‍ ഭൂമിയില്‍ തിരികെ എത്തിക്കാന്‍ കഴിവുള്ള ഒരേയൊരു ബഹിരാകാശ പേടകമാണിത് എന്നുമാണ് സ്‌പേസ് എക്സ് പറയുന്നത്.

ലളിതമായി പറഞ്ഞാൽ, ഡ്രാഗൺ കാപ്സ്യൂളിന്‍റെ ജോലി ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുകയും അവിടെയുള്ള ബഹിരാകാശ യാത്രികരെ ഭൂമിയിലേക്ക് കൊണ്ടുവരികയുമാണ്. ഇലോൺ മസ്‍കിന്‍റെ കമ്പനിയാണ് ഡ്രാഗണ്‍ തയ്യാറാക്കിയത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സ്‌പേസ് എക്‌സും സംയുക്തമായിട്ടാണ് ഡ്രാഗൺ കാപ്സ്യൂൾ പരീക്ഷിച്ചത്. 2020ലായിരുന്നു ഡ്രാഗണ്‍ പേടകത്തിന്‍റെ ആദ്യ ഐഎസ്എസ് സന്ദര്‍ശനം. 

കാര്‍ഗോ ആയും ഉപയോഗം

ഏഴ് പേരെ വഹിക്കാൻ വിധത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഡ്രാഗൺ ക്യാപ്‍സൂൾ എന്ന് പറഞ്ഞുവല്ലോ. അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിച്ച് തിരിച്ചെത്താൻ ഡ്രാഗൺ ക്യാപ്‍സൂളിന് കഴിയും. ഇതിന് ഭൂമിയിൽ നിന്ന് ബഹിരാകാശ നിലയത്തിലേക്ക് വലിയ അളവിൽ സാധനങ്ങൾ കൊണ്ടുപോകാനും അവിടെ നിന്ന് തിരികെ കൊണ്ടുവരാനും കഴിയും. അതിനാൽ ഒരു കാര്‍ഗോ ബഹിരാകാശ പേടകമായും ഡ്രാഗണിനെ ഉപയോഗിക്കാം.

Read more: സുനിത വില്യംസ് വന്ന അതേ ഡ്രാഗൺ പേടകത്തിൽ ഒരു ഇന്ത്യക്കാരൻ വൈകാതെ ഐഎസ്എസിലേക്ക്; വിശദമായി അറിയാം

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മനുഷ്യരെ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ ബഹിരാകാശ പേടകമാണിത്. 8.1 മീറ്റർ നീളമുള്ള ഡ്രാഗൺ ക്യാപ്‍സൂളിൽ 16 എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ ലാൻഡിംഗ് എളുപ്പമാക്കുന്നതിന്, അതിൽ ആറ് പാരച്യൂട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ പേടകത്തിന്‍റെ വേഗത സ്ഥിരപ്പെടുത്താൻ രണ്ട് പാരച്യൂട്ടുകൾ പ്രവർത്തിക്കുന്നു. അതേസമയം, ലാൻഡിംഗിന് മുമ്പ് ബഹിരാകാശ പേടകത്തിന്‍റെ വേഗത കുറയ്ക്കാൻ നാല് പാരച്യൂട്ടുകൾ സഹായിക്കുന്നു. ഈ രീതി ബഹിരാകാശ യാത്രികരെ വെള്ളത്തിൽ ഇറക്കുന്നത് എളുപ്പമാക്കുന്നു.

44 തവണ ബഹിരാകാശ നിലയത്തിൽ പോയ പേടകം

ഡ്രാഗൺ കാപ്‌സ്യൂൾ ഇതുവരെ 44 തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നിട്ടുണ്ട്. ബഹിരാകാശ യാത്രികരുടെ ലാൻഡിംഗിനായി ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ പാരച്യൂട്ട് സംവിധാനം ഉപയോഗിക്കുന്നതായി സ്‌പേസ് എക്‌സ് അവകാശപ്പെടുന്നു. ദൗത്യത്തിൽ ബഹിരാകാശ പേടകത്തെ നയിക്കാൻ സഹായിക്കുന്ന 16 ഡ്രാക്കോ ത്രസ്റ്ററുകൾ ഡ്രാഗൺ ക്യാപ്‍സൂളിൽ ഉപയോഗിക്കുന്നു. ഓരോ ഡ്രാക്കോ ത്രസ്റ്ററും ബഹിരാകാശത്ത് 90 പൗണ്ട് ബലം ഉത്പാദിപ്പിക്കുന്നു.

Read more: ചരിഞ്ഞിറങ്ങിയ ഡ്രാഗണ്‍, ചിരിച്ചിറങ്ങിയ സുനിത വില്യംസ്, ലോകം കാത്തിരുന്ന മാസ് എന്‍ട്രി; ആ കാഴ്ചകള്‍ വീണ്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!