പ്രധാന കവാടങ്ങളിലൂടെ പള്ളിയിൽ പ്രവേശിച്ച ഉംറ തീർത്ഥാടകരുടെ എണ്ണം 6,62,500 ആണ്
മക്ക: റമദാന്റെ അവസാന പത്തുദിവസമായതോടെ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്നത് ലക്ഷക്കണക്കിന് വിശ്വാസികൾ. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഹറമിലെത്തിയത് 30 ലക്ഷം സന്ദർശകരാണ്. ഇന്നലെ പകൽ ഫജ്ർ നമസ്കാരത്തിനെത്തിയത് 5,92,100 പേരാണ്. ളുഹ്ർ നമസ്കാരത്തിന് 5,18,000 പേരും അസ്ർ നമസ്കാരത്തിന് 5,47,700 പേരും എത്തി. മഗ് രിബിനെത്തിയത് 7,10,500 പേരും തറാവീഹ്, ഇശാ നമസ്കാരത്തിനെത്തിയത് ഏഴ് ലക്ഷത്തിലധികം വിശ്വാസികളുമാണ്. ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
പ്രധാന കവാടങ്ങളിലൂടെ പള്ളിയിൽ പ്രവേശിച്ച ഉംറ തീർത്ഥാടകരുടെ എണ്ണം 6,62,500 ആണ്. മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ഏറ്റവും കൂടുതൽ തീർത്ഥാടകർ പള്ളിയിലെത്തിയത് കിങ് അബ്ദുൽ അസീസ് കവാടം വഴിയാണ്. 2,35,800 തീർത്ഥാടകരാണ് ഇതുവഴി പള്ളിയിൽ പ്രവേശിച്ചത്. ബാബ് അൽ സലാം വഴി 32,300 തീർത്ഥാടകരും ബാബ് അൽ ഹുദൈബിയ വഴി 69,600 തീർത്ഥാടകരുമെത്തി. രണ്ട് ലക്ഷത്തിലധികം തീർത്ഥാടകരാണ് അൽ ഉംറ, കിങ് ഫഹദ് ഗേറ്റുകൾ വഴി പള്ളിക്കുള്ളിൽ പ്രവേശിച്ചത്.
read more: അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്