2025 ഏപ്രിലിൽ ടാറ്റ ഹാരിയർ ഇവി, കിയ കാരൻസ് ഫേസ്‌ലിഫ്റ്റ്, എംജി സൈബർസ്റ്റർ ഉൾപ്പെടെ നിരവധി പുതിയ കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ-ലൈൻ, നിസാൻ മാഗ്നൈറ്റ് സിഎൻജി, എംജി എം9 ഇവി എന്നിവയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.
അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസത്തിൽ, ഇലക്ട്രിക് വാഹനങ്ങളും ഐസിഇ പതിപ്പുകളും ഉൾപ്പെടെ നിരവധി പുതിയ കാറുകൾ രാജ്യത്ത് പുറത്തിറക്കും. ടാറ്റയ്ക്ക് ഹാരിയർ.ഇവി ലഭിക്കുമ്പോൾ, എംജി രണ്ട് പുതിയ ഇവികൾ അവതരിപ്പിക്കും. 2025 ഏപ്രിൽ മാസത്തിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്ന പുതിയ കാറുകളുടെയും എസ്‌യുവികളുടെയും ഒരു ലിസ്റ്റ് ഇതാ.
ടാറ്റ ഹാരിയർ ഇ വി
2025 ഏപ്രിലിൽ ടാറ്റ മോട്ടോഴ്‌സ് ഹാരിയർ ഇവിയുടെ വില പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. 2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലും അടുത്തിടെ നടന്ന ടാറ്റഇവി ദിനത്തിലും പ്രൊഡക്ഷൻ റെഡി മോഡൽ പ്രദർശിപ്പിച്ചിരുന്നു. ഇത് ഐസിഇ മോഡലിനോട് സാമ്യമുള്ളതായി തോന്നുന്നു. എങ്കിലും എസ്‌യുവിക്ക് ചില ഇവി-നിർദ്ദിഷ്‍ട ഡിസൈൻ ഘടകങ്ങൾ ലഭിക്കും. എസ്‌യുവിക്ക് പുതിയ ബ്ലാങ്ക്-ഓഫ് ഗ്രിൽ, പുതുക്കിയ എയർ ഡാം, പുതിയ സ്‌കിഡ് പ്ലേറ്റ് എന്നിവയും ലഭിക്കും. ക്യാബിൻ ലേഔട്ടും സവിശേഷതകളും ഐസിഇ വേരിയന്റുമായി പങ്കിടും. ഇതിന് ലെവൽ 2 എഡിഎഎസ് സ്യൂട്ട്, പനോരമിക് സൺറൂഫ്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയവ ലഭിക്കും. എസ്‌യുവിക്ക് സമ്മൺ മോഡും എഡബ്ലയുഡി സിസ്റ്റവും ലഭിക്കും. ഒറ്റ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന 75kWh ബാറ്ററി പായ്ക്ക് ഇതിന് ലഭിക്കാൻ സാധ്യതയുണ്ട്.
കിയ കാരൻസ് ഫേസ്‌ലിഫ്റ്റ്
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ 2025 ഏപ്രിൽ മാസത്തിൽ പുതിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കും. 2025 കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ റോഡുകളിൽ നിരവധി തവണ പരീക്ഷണം നടത്തിയിട്ടുണ്ട്. കാര്യമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്‍റീരിയറും പുതിയ സവിശേഷതകളുമായാണ് ഇത് വരുന്നത്. നിലവിലുള്ള മോഡൽ പുതിയ കാരൻസിനൊപ്പം വിൽക്കും. അതിന് പുതിയ നെയിംപ്ലേറ്റും ഉണ്ടായിരിക്കും. സിറോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എംപിവിക്ക് പൂർണ്ണമായും പുതിയൊരു മുൻവശമായിരിക്കും ഉണ്ടാവുക. ക്യാബിൻ ലേഔട്ട് സിറോസ് എസ്‌യുവിയുമായി പങ്കിടും, കൂടാതെ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഇതിൽ ഘടിപ്പിക്കും. പനോരമിക് സൺറൂഫ്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ലെവൽ 2 അഡാസ് എന്നിവയും എംപിവിയിൽ ഉണ്ടാകും. 1.5L NA പെട്രോൾ, 1.5L ടർബോ പെട്രോൾ, 1.5L ടർബോ ഡീസൽ എന്നിവയുൾപ്പെടെയുള്ള അതേ എഞ്ചിനുകൾക്കൊപ്പം ഇത് വാഗ്‍ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എംജി സൈബർസ്റ്റർ
2025 ഏപ്രിലിൽ എംജി മോട്ടോർ ഇന്ത്യ 2-ഡോർ സ്‌പോർട്‌സ് ഇലക്ട്രിക് കാറായ സൈബർസ്റ്റർ പുറത്തിറക്കും. എംജി സെലക്ട് പ്രീമിയം ഷോറൂമുകൾ വഴി മാത്രമായിരിക്കും ഇത് വിൽക്കുക. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌പോർട്‌സ് കാറായിരിക്കും എംജി സൈബർസ്റ്റർ. ഏകദേശം 60 ലക്ഷം രൂപ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. എംജി സൈബർസ്റ്ററിൽ 77kWh ബാറ്ററി പായ്ക്കും ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണത്തിനായി ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളും ഉണ്ട്. ഡ്യുവൽ-മോട്ടോർ സജ്ജീകരണം 510bhp ഉം 725Nm പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു. വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100kmph കൈവരിക്കാൻ ഇതിന് കഴിയും. പുതിയ സൈബർസ്റ്റർ പൂർണ്ണ ചാർജിൽ 580km വരെ ദൂരം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഫോക്സ്‍വാഗൺ ടിഗ്വാൻ ആർ-ലൈൻ
2025 ഏപ്രിൽ 14 ന് ഇന്ത്യൻ വിപണിയിൽ പുതിയ തലമുറ ടിഗുവാൻ ആർ-ലൈൻ പെർഫോമൻസ് അധിഷ്ഠിത എസ്‌യുവി ഫോക്‌സ്‌വാഗൺ അവതരിപ്പിക്കും. ഇത് കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയി ഇന്ത്യയിൽ എത്തും. വരും ആഴ്ചകളിൽ ബുക്കിംഗുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ടിഗുവാൻ ആർ-ലൈനിന്റെ വില ഏകദേശം 50 ലക്ഷം രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.
നിസാൻ മാഗ്നൈറ്റ് സിഎൻജി
2025 ഏപ്രിലിൽ നിസാൻ മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവിയുടെ സിഎൻജി പതിപ്പ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീലർഷിപ്പ് തലത്തിൽ ഘടിപ്പിക്കേണ്ട സിഎൻജി കിറ്റിനൊപ്പം 1.0 ലിറ്റർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എഞ്ചിനും ഇതിൽ ലഭിക്കും. അംഗീകൃത നിസാൻ ഡീലർമാർ സിഎൻജി കിറ്റിന് ഒരുവർഷത്തെ വാറന്‍റി നൽകും. കൃത്യമായ പവർ, ടോർക്ക് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഇന്ധനക്ഷമത കിലോഗ്രാമിന് 25 കിലോമീറ്ററായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എംജി എം9 ഇവി
മറ്റൊരു എംജി ആഡംബര ഇലക്ട്രിക് വാഹനമായ എം9 എംപിവി 2025 ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 'സെലക്ട്' ഔട്ട്‌ലെറ്റുകൾ വഴി റീട്ടെയിൽ ചെയ്യുന്ന രണ്ടാമത്തെ എംജി മോഡലായിരിക്കും ഇത്. ഡീസൽ, പെട്രോൾ-ഹൈബ്രിഡ് എഞ്ചിനുകൾ വാഗ്‍ദാനം ചെയ്യുന്ന കിയ കാർണിവൽ, ടൊയോട്ട വെൽഫയർ എന്നിവയ്ക്ക് വൈദ്യുത ബദലായി ഈ ആഡംബര എംപിവി വരും. 430 കിലോമീറ്റർ റേഞ്ചുള്ള 90kWh ബാറ്ററി പായ്ക്ക് ഇതിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.