റമദാനിലും സാധാരണ വെള്ളിയാഴ്ചകളിലുമാണ് മുന്തിയ ഇനം കാർപറ്റുകൾ ഗ്രാൻഡ് മോസ്കിൽ ഉപയോഗിക്കുന്നത്
മക്ക: റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികളെ വരവേൽക്കുന്നതിനായി വിരിച്ചിട്ടുള്ളത് 33,000 ആഡംബര പരവതാനികൾ. ഗ്രാൻഡ് മോസ്കിന്റെയും പ്രവാചക പള്ളിയുടെയും സംരക്ഷണ ചുമതലയുള്ള ജനറൽ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിൽ തന്നെ നിർമിച്ചതും ഉന്നത നിലവാരത്തിലുള്ളതുമാണ് ഈ പരവതാനികൾ. 1.2 മീറ്റർ മുതൽ 4 മീറ്റർ വരെയും 1.2 മീറ്റർ മുതൽ 3 മീറ്റർ വരെയും വലിപ്പമുണ്ടാകും. 1.6 സെന്റീമീറ്റർ കനത്തിലുള്ള ഇവയ്ക്ക് 200 കി.മീ വരെയായിരിക്കും ആകെ നീളം. കേടുപാടുകൾ കൂടാതെ ദീർഘകാലം നീണ്ടുനിൽക്കുന്നതാണ് ഇത്തരം പരവതാനികൾ.
റമദാനിലും സാധാരണ വെള്ളിയാഴ്ചകളിലുമാണ് മുന്തിയ ഇനം കാർപറ്റുകൾ ഗ്രാൻഡ് മോസ്കിൽ ഉപയോഗിക്കുന്നത്. ഈ സമയങ്ങളിൽ നിരവധി വിശ്വാസികളാണ് പള്ളിയിലേക്കെത്തുന്നത്. ഉയർന്ന നിലവാരമുള്ളതും അതി മനോഹരമായ കരകൗശല വൈദഗ്ധ്യത്തിൽ നിർമിക്കപ്പെട്ടതുമാണ് ഈ കാർപ്പറ്റുകളെന്ന് ഇരു ഹറമുകളുടെയും ജനറൽ അതോറിറ്റി പറഞ്ഞു. ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്കും തീർത്ഥാടകർക്കും മികച്ച സേവനങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അധികൃതർ പറഞ്ഞു. പരവതാനികൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും സുഗന്ധം പൂശാനുമായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
അഞ്ച് ഘട്ടങ്ങളിലായാണ് ശുചിയാക്കൽ പ്രക്രിയ നടക്കുന്നത്. ഇതിനായി നൂതന ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ആഴ്ചയിൽ 1200 കാർപറ്റുകൾ വീതമാണ് ഗ്രാൻഡ് മോസ്കിൽ നിന്ന് ശുചിയാക്കാനായി വാഷിങ് പ്ലാന്റിൽ എത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഈ കാർപറ്റുകൾ ഒരു ഓട്ടോമാറ്റിക് ഉപകരണത്തിലേക്ക് കയറ്റിയ ശേഷം അതിലെ പൊടിയും അഴുക്കുമെല്ലാം നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. രണ്ടാം ഘട്ടത്തിലാണ് കാർപ്പറ്റ് കഴുകുന്നതും അണു നശീകരണം നടത്തുന്നതും. ഇതിനായി വലിയ വാഷിങ് മെഷീനാണ് ഉപയോഗിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ളതും പ്രത്യേകവുമായ അണുനാശിനികളും ഡിറ്റർജന്റുകളുമാണ് കഴുകാൻ ഉപയോഗിക്കുന്നത്. അതിനുശേഷം മൂന്നാം ഘട്ടത്തിലാണ് കാർപറ്റുകൾ ഉണക്കുന്നത്. ഇതിനായി പ്രത്യേകം മെഷീനുകൾ ഉപയോഗിച്ച് രണ്ടര മിനിറ്റുകൾ കൊണ്ടാണ് കാർപറ്റ് ഉണക്കിയെടുക്കുന്നത്. നാലാം ഘട്ടത്തിൽ ഇത് വീണ്ടും സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്. അഞ്ചാം ഘട്ടത്തിൽ പ്രകൃതിദത്തമായ റോസ് വാട്ടർ ഉപയോഗിച്ച് സുഗന്ധപൂരിതമാക്കും. ഇത് തിരികെ ഗ്രാൻഡ് മോസ്കിൽ എത്തിക്കും വരെയും ശുചീകരണം നടക്കുന്ന വെയർഹൗസുകളിൽ സൂക്ഷിക്കുകയാണ് പതിവ്.
read more: അൽ ഐനിൽ വാഹനാപകടം, മലയാളിക്ക് ദാരുണാന്ത്യം