25 റിയാലായാണ് ടിക്കറ്റ് നിരക്കുകൾ കുറച്ചിരിക്കുന്നത്
ജിദ്ദ: ഈദുൽ ഫിത്ർ പ്രമാണിച്ച് സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി. 25 റിയാലായാണ് ടിക്കറ്റ് നിരക്കുകൾ കുറച്ചിരിക്കുന്നത്. ഏപ്രിൽ 3 വരെ ജിദ്ദ യാച്ച് ക്ലബിനെയും ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്ടിനെയും ബന്ധിപ്പിക്കുന്ന സീ ടാക്സി റൂട്ടിൽ യാത്ര ചെയ്യാവുന്നതാണ്. റമദാൻ മാസത്തിൽ മുൻപ് 25 മുതൽ 50 റിയാൽ വരെയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യവുമായിരുന്നു.
ജിദ്ദയിൽ മാർച്ച് ആറിനാണ് അത്യാധുനിക സൗകര്യത്തോടെയുള്ള വാട്ടർ ടാക്സി സംവിധാനത്തിന്റെ പരിക്ഷണ ഓട്ടം നടന്നത്. ആദ്യ ഘട്ടത്തിൽ ജിദ്ദ യാച്ച് ക്ലബ്, ഹിസ്റ്റോറിക് ജിദ്ദ ഡിസ്ട്രിക്ട്, ഒബുർ എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് വാട്ടർ ടാക്സി പ്രവർത്തിക്കുന്നത്. നിലവിൽ ഷാം ഒബുർ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഉടൻ തന്നെ പ്രവർത്തനമാരംഭിക്കും.
നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി മേയർ നടപ്പാക്കുന്ന ഒരു വലിയ പൊതുഗതാഗത ശ്യംഖലയുടെ ഭാഗമായാണ് വാട്ടർ ടാക്സി സംവിധാനം കൊണ്ടുവന്നത്. താമസക്കാർക്കും സന്ദർശകർക്കും ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിച്ചത്. പ്രതിദിനം 29,000ലധികം പേർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ഇതിനായി 20 വാട്ടർ ടാക്സ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ജിദ്ദ പ്രാദേശിക ഭരണകൂടം മുന്നേ അറിയിച്ചിരുന്നു. നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്തും സന്ദർശകരുടെ ഒഴുക്ക് മൂലമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾ ലഘൂകരിക്കാനുമാണ് ജലഗതാഗത പദ്ധതി ആവിഷ്കരിച്ചത്.
read more: പള്ളിയിൽ നിസ്കരിക്കാൻ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു