റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ രണ്ടാം തവണയും കുറച്ചപ്പോഴാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്.
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്ഥിര നിക്ഷേപ നിരക്കുകൾ കുറച്ചു. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരും. ഒരു വർഷം മുതൽ മൂന്ന് വർഷം വരെയുള്ള തിരഞ്ഞെടുത്ത നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് കുറച്ചത്. 10 ബേസിസ് പോയിന്റ് വരെ കുറവാണ് എസ്‌ബിഐ വരുത്തിയിരിക്കുന്നത്. സാധാരണ ഉപഭോക്താക്കൾക്കും മുതിർന്ന പൗരന്മാർക്കും ഇത് ബാധകമാകുമെന്ന് ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ രണ്ടാം തവണയും കുറച്ചപ്പോഴാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. ഒരാഴ്ച മുതൽ 10 വർഷം വരെ കാലാവധി വരുന്ന നിക്ഷേപങ്ങൾക്ക് എസ്‌ബിഐ 3.50% മുതൽ 6.9% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക്, 4% മുതൽ 7.50% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയുള്ള എഫ്‌ഡികളുടെ പലിശ 6.80% ൽ നിന്ന് 6.70% ആയി കുറച്ചിട്ടുണ്ട്, അതേസമയം 2 വർഷം മുതൽ 3 വർഷത്തിൽ താഴെ കാലാവധിയുള്ള എഫ്‌ഡി പലിശ 7 ശതമാനത്തിൽ നിന്നും 6.90% ആയി കുറച്ചു.
ഇനി മുതിർന്ന പൗരന്മാരുടെ കാര്യം എടുക്കുകയാണെങ്കിൽ, 1 വർഷം മുതൽ 2 വർഷത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.30% ൽ നിന്ന് 7.20% ആയി കുറച്ചിട്ടുണ്ട്. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 7.50% ൽ നിന്ന് 7.40% ആയി കുറച്ചു.