ഇൻഡസ്ഇൻഡ് ബാങ്കിന്റെ നിലവിലെ സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തകർച്ച ഉണ്ടാകുമോ എന്ന് വിലയിരുത്തുന്നതിനുമായി ഒരു ബാഹ്യ ഓഡിറ്റ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടി.
മുംബൈ: ഇൻഡസ്ഇൻഡ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ നിക്ഷേപകർക്കും പങ്കാളികൾക്കും ഉറപ്പ് നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ബാങ്കിന് നല്ല മൂലധനമുണ്ടെന്നും നിലവിലെ ആശങ്കകൾക്കിടയിലും സ്ഥിരത പുലർത്തുന്നുണ്ടെന്നും ആർബിഐ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബാങ്കിന് നല്ല മൂലധനമുണ്ടെന്നും ബാങ്കിന്റെ സാമ്പത്തിക സ്ഥിതി തൃപ്തികരമാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. 2024 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ, ബാങ്ക് 16.46 ശതമാനം മൂലധന പര്യാപ്തതാ അനുപാതവും 70.20 ശതമാനം പ്രൊവിഷൻ കവറേജ് അനുപാതവും നിലനിർത്തിയതായി സുപ്രീം ബാങ്ക് പറഞ്ഞു. കൂടാതെ, 2025 മാർച്ച് 9 ലെ കണക്കനുസരിച്ച് ബാങ്കിന്റെ ലിക്വിഡിറ്റി കവറേജ് അനുപാതം (എൽസിആർ) 113 ശതമാനമായി. ഇത് റെഗുലേറ്ററി ആവശ്യകതയായ 100 ശതമാനത്തിനുമപ്പുറമാണെന്നും ആർബിഐ വ്യക്തമാക്കി.
ഇൻഡസ്ഇൻഡ് ബാങ്കിന്റെ നിലവിലെ സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തകർച്ച ഉണ്ടാകുമോ എന്ന് വിലയിരുത്തുന്നതിനുമായി ഒരു ബാഹ്യ ഓഡിറ്റ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടി. നിലവിലെ പാദത്തിനുള്ളിൽ (Q4FY25) എല്ലാ പരിഹാര നടപടികളും പൂർത്തിയാക്കാനും ആവശ്യമായ അറിയിപ്പുകൾ പങ്കാളികൾക്ക് നൽകാനും ബാങ്കിന്റെ ബോർഡിനും മാനേജ്‌മെന്റിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ ഘട്ടത്തിൽ നിക്ഷേപകർ ഊഹാപോഹ റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടതില്ല. ബാങ്കിന്റെ സാമ്പത്തികാരോഗ്യം സുസ്ഥിരമായി തുടരുന്നുവെന്നും ആർബിഐ അറിയിച്ചു. ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയുടെ ആസ്തി, ബാധ്യതാ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ഇൻഡസ്ഇൻഡ് ബാങ്ക് തന്നെ സമ്മതിച്ചതിനെ തുടർന്നാണ് വിശദീകരണം. അതേസമയം, നേതൃമാറ്റങ്ങൾ ബാങ്കിന് കടുത്ത വെല്ലുവിളിയുയർത്തും.