മാര്‍ച്ച് അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ നികുതി ഇളവ് നേടാനുള്ള പരാമവധി കാര്യങ്ങള്‍ പ്രയോജനപ്പെടുത്താം.
പഴയ നികുതി വ്യവസ്ഥയില്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്ന നികുതിദായകരാണോ നിങ്ങള്‍? എങ്കില്‍ മാര്‍ച്ച് അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ നികുതി ഇളവ് നേടാനുള്ള പരാമവധി കാര്യങ്ങള്‍ പ്രയോജനപ്പെടുത്താം..നികുതി ഇളവ് നേടാനുള്ള ഒരു പ്രധാന മാര്‍ഗം 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഡി ഉപയോഗിക്കുക എന്നതാണ്. സെക്ഷന്‍ 80ഡി പ്രകാരം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ചെലവാക്കിയ തുക നിങ്ങള്‍ക്ക് നികുതി കിഴിവ് ക്ലെയിം ചെയ്യാം.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ പുതുക്കുന്നതിനുള്ള പ്രീമിയം അടച്ചിട്ടുണ്ടെങ്കില്‍, സെക്ഷന്‍ 80ഡി പ്രകാരം നികുതി കിഴിവ് ക്ലെയിം ചെയ്യാം. പഴയ നികുതി വ്യവസ്ഥയില്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ പോളിസി രേഖ കൈവശം വയ്ക്കുകയും ഈ കിഴിവ് ക്ലെയിം ചെയ്യുകയും വേണം. പോളിസി രേഖ അപ്ലോഡ് ചെയ്യേണ്ടതില്ല എന്നത് ശ്രദ്ധിക്കുക.
ഇളവ് ലഭിക്കുന്നതിനുള്ള പ്രായപരിധിയും ഇളവ് തുകയും
നിങ്ങള്‍ക്ക് 60 വയസ്സിന് താഴെയാണെങ്കില്‍, 25,000 രൂപ വരെ ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാം.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപ വരെ ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാം.
മാതാപിതാക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ അടയ്ക്കുകയാണെങ്കില്‍, അവരുടെ പ്രായം അനുസരിച്ച് 25,000 രൂപയോ 50,000 രൂപയോ അധിക നികുതി കിഴിവ് നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാം.
നിങ്ങള്‍ 60 വയസ്സിന് താഴെയാണെങ്കില്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് നിങ്ങള്‍ക്ക് 25,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. പോളിസി ഉടമയ്ക്കും, പങ്കാളിക്കും, അവരുടെ ആശ്രിതരായ കുട്ടികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പരിരക്ഷ ലഭിക്കും.
60 വയസ്സിന് താഴെയാണെങ്കില്‍, മാതാപിതാക്കള്‍ക്കുള്ള ഇന്‍ഷുറന്‍സിന് (പ്രീമിയം) 25,000 രൂപ വരെ അധിക കിഴിവ് ലഭ്യമാണ്. മാതാപിതാക്കള്‍ക്ക് 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടെങ്കില്‍, കിഴിവ് തുക 50,000 രൂപ വരെയാകാം. അതിനാല്‍, നിങ്ങള്‍ക്ക് 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടെങ്കില്‍, നിങ്ങളുടെ മാതാപിതാക്കള്‍ക്കും 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടെങ്കില്‍, നിങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുകയാണെങ്കില്‍ സെക്ഷന്‍ 80ഡി പ്രകാരം ഒരു ലക്ഷം രൂപ വരെ നികുതി കിഴിവ് ക്ലെയിം ചെയ്യാം.പ്രതിരോധ ആരോഗ്യ പരിശോധനകള്‍ക്ക് 5,000 രൂപയുടെ കിഴിവ് അനുവദനീയമാണ്.