Will Registration Facts: വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ, രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് ഗുണങ്ങള്‍?

വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ട് എന്താണ് മെച്ചം് ആര്‍ക്കൊക്കെ വില്‍പത്രം എഴുതാം, വില്‍പത്രത്തില്‍ എന്തൊക്കെ ഉണ്ടായിരിക്കണം, വില്‍പത്രം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെ, വില്‍പത്രത്തില്‍ മാറ്റങ്ങള്‍ വരുത്താനാവുമോ,  

Registering a Will in India Here s everything you need to know

വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ, രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് ഗുണങ്ങള്‍?  

ഒരാളുടെ മരണശേഷം അവരുടെ സ്വത്തുക്കളും ആസ്തികളും എങ്ങനെ വിതരണം ചെയ്യണമെന്ന് നേരത്തെ വ്യക്തമാക്കാന്‍ അനുവദിക്കുന്ന  നിയമപരമായ രേഖയാണ് വില്‍പത്രം. ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ വില്‍പത്രത്തിന് നിയമപരമായ സാധുതയുണ്ടെങ്കിലും അത് രജിസ്റ്റര്‍ ചെയ്യുന്നത് കൂടുതല്‍ സുരക്ഷ നല്‍കുകയും തര്‍ക്കങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം, 1925 വില്‍പത്രം രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നില്ലെങ്കിലും, അത് ചെയ്യുന്നത് ഗുണകരമാണ്. 

Latest Videos

വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ട് എന്താണ് മെച്ചം? 

-കൃത്രിമം കാണിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു.  
-ആധികാരികതയും നിയമപരമായ സാധുതയും ഉറപ്പാക്കുന്നു. 
- അനന്തരാവകാശികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ കുറയ്ക്കുന്നു. 
- സബ് രജിസ്ട്രാര്‍ ഓഫീസില്‍ സുരക്ഷിതമായ ഔദ്യോഗിക രേഖ നല്‍കുന്നു. 
- സുഗമമായ പിന്തുടര്‍ച്ചാ പ്രക്രിയക്ക് സഹായിക്കുന്നു. 

രജിസ്റ്റര്‍ ചെയ്ത വില്‍പത്രം കോടതിയില്‍ എളുപ്പത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല, ഇത് ഒരാളുടെ സ്വത്ത് സംരക്ഷിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്. 

ആര്‍ക്കൊക്കെ വില്‍പത്രം എഴുതാം?

1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം അനുസരിച്ച്, താഴെ പറയുന്ന വ്യക്തികള്‍ക്ക് വില്‍പ്പ്രതം എഴുതാന്‍ അര്‍ഹതയുണ്ട്. 

1. 18 വയസ്സ് കഴിഞ്ഞവര്‍, 
2. നല്ല മാനസികാവസ്ഥയുള്ളവര്‍ക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ക്കും, 
3. നിര്‍ബന്ധത്തിന് വഴങ്ങാത്തവര്‍ക്ക്. 

മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ക്കോ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കോ നിയമസാധുതയുള്ള വില്‍പത്രം ഉണ്ടാക്കാന്‍ കഴിയില്ല. 

നിയമസാധുതയുള്ള വില്‍പത്രത്തില്‍ എന്തൊക്കെ ഉണ്ടായിരിക്കണം?

ഒരു വില്‍പത്രം നിയമസാധുതയുള്ളതെന്ന് ഉറപ്പാക്കാന്‍, അതില്‍ താഴെ പറയുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം: 
1. പ്രഖ്യാപനം - വില്‍പത്രം എഴുതുന്നയാള്‍ നല്ല മാനസികാവസ്ഥയിലാണെന്നും സ്വമേധയാല്‍ വില്‍പത്രം ഉണ്ടാക്കുന്നുവെന്നും ഉറപ്പിക്കുന്ന ഒരു പ്രസ്താവന. 
2. എഴുതുന്നയാളുടെ വിശദാംശങ്ങള്‍ - മുഴുവന്‍ പേര്, വയസ്സ്, വിലാസം, മറ്റ് വ്യക്തിഗത വിവരങ്ങള്‍. 
3. ആസ്തികളുടെ ലിസ്റ്റ് - എല്ലാ ചലിക്കുന്നതും ചലിക്കാത്തതുമായ സ്വത്തുക്കളുടെ ഒരു ലിസ്റ്റ്, ഉദാഹരണത്തിന് വസ്തുവകകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ആഭരണങ്ങള്‍, നിക്ഷേപങ്ങള്‍ തുടങ്ങിയവ. 
4. ഗുണഭോക്താക്കള്‍ - ആസ്തികള്‍ ലഭിക്കുന്ന വ്യക്തികളുടെ പേരുകളും വിശദാംശങ്ങളും. 
5. എക്‌സിക്യൂട്ടര്‍ ക്ലോസ് - വില്‍പത്രം നടപ്പിലാക്കാന്‍ ഉത്തരവാദിത്തമുള്ള ഒരു വിശ്വസ്ത വ്യക്തിയെക്കുറിച്ച് പരാമര്‍ശിക്കുക. 
6. സാക്ഷികളുടെ ഒപ്പ് - വില്‍പത്രത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ കുറഞ്ഞത് രണ്ട് സാക്ഷികളെങ്കിലും ഒപ്പിടണം.  

വില്‍പത്രം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെ?

വില്‍പത്രം തയ്യാറാക്കല്‍ 
ഒരു വില്‍പത്രം കൈകൊണ്ട് എഴുതുകയോ സാധാരണ പേപ്പറില്‍ ടൈപ്പ് ചെയ്യുകയോ ചെയ്യാം. വ്യക്തത ഉറപ്പാക്കാന്‍ നിയമപരമായ സഹായം തേടുന്നത് നല്ലതാണ്. വില്‍പത്രം എഴുതുന്നയാള്‍ എല്ലാ ആസ്തികളും ലിസ്റ്റ് ചെയ്യണം, ഗുണഭോക്താക്കളെ വ്യക്തമാക്കണം, സുഗമമായ നടത്തിപ്പിനായി ഒരു എക്‌സിക്യൂട്ടറെ നിയമിക്കണം. 

സാക്ഷികളെ തിരഞ്ഞെടുക്കുക 
രണ്ട് സാക്ഷികള്‍ വില്‍പത്രത്തില്‍ ഒപ്പിടണം. വില്‍പത്രം എഴുതുന്നയാള്‍ സ്വന്തം ഇഷ്ടപ്രകാരം രേഖയില്‍ ഒപ്പിട്ടുവെന്ന് സ്ഥിരീകരിക്കുകയാണ് ഇവരുടെ പങ്ക്. സാക്ഷികള്‍ ഗുണഭോക്താക്കളാകാന്‍ പാടില്ല. 

സബ് രജിസ്ട്രാര്‍ ഓഫീസ് സന്ദര്‍ശിക്കുക 
വില്‍പത്രം രജിസ്റ്റര്‍ ചെയ്യാന്‍, വില്‍പത്രം എഴുതിയ ആള്‍ സാക്ഷികളുമായി അവരുടെ അധികാരപരിധിയിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഒറിജിനല്‍ വില്‍പത്രവുമായി പോകണം. 

തിരിച്ചറിയല്‍ രേഖകളും മറ്റ് രേഖകളും നല്‍കുക 
രജിസ്‌ട്രേഷനായി താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്: 
- ഒറിജിനല്‍ വില്‍പത്രം 
- വില്‍പത്രം എഴുതിയ ആളുടെയും സാക്ഷികളുടെയും തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ വോട്ടര്‍ ഐഡി പോലുള്ളവ 
- വില്‍പത്രം എഴുതിയ ആളുടെ വിലാസം തെളിയിക്കുന്ന രേഖ 
- പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍. 

രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുക 
വില്‍പത്രം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. സാധാരണയായി  സാധാരണയായി നൂറു മുതല്‍ ആയിരം രൂപ വരെയാണ് ഫീസ്. 

വില്‍പത്രം രജിസ്‌ട്രേഷന്‍ 
സബ് രജിസ്ട്രാര്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും വില്‍പത്രം എഴുതിയ ആളും സാക്ഷികളും രജിസ്റ്ററില്‍ ഒപ്പിടുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളില്‍, ബയോമെട്രിക് ആധികാരികതയും വീഡിയോ റെക്കോര്‍ഡിംഗും നടത്തുന്നു. 

രജിസ്റ്റര്‍ ചെയ്ത പകര്‍പ്പ് നേടുക 
പരിശോധനയ്ക്ക് ശേഷം, രജിസ്റ്റര്‍ ചെയ്ത വില്‍പത്രം സുരക്ഷിതമായി സൂക്ഷിക്കുകയും വില്‍പത്രം എഴുതിയ ആള്‍ക്ക് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുകയും ചെയ്യുന്നു. ആവശ്യമുള്ളപ്പോള്‍ ഒറിജിനല്‍ വില്‍പത്രം തിരിച്ചെടുക്കാന്‍ കഴിയും. 

വില്‍പത്രം രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ? 

1. കോടതിയില്‍ ശക്തമായ തെളിവായി അംഗീകരിക്കുന്നു. 
2. കൃത്രിമത്വം തടയുന്നു, മാറ്റങ്ങള്‍ വരുത്താനോ കെട്ടിച്ചമയ്ക്കാനോ ബുദ്ധിമുട്ടാണ്. 
3. സര്‍ക്കാര്‍ സൂക്ഷിക്കുന്നു. കാണാതാകാനുള്ള സാധ്യത കുറയ്ക്കുന്നു. 
4. വില്‍പത്ര പ്രക്രിയ ലളിതമാക്കുകയും സ്വത്ത് വിതരണത്തിലെ നിയമപരമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. 

വില്‍പത്രത്തില്‍ മാറ്റങ്ങള്‍ വരുത്താനാവുമോ? 
വില്‍പത്രം എഴുതിയ ആള്‍ക്ക് അവരുടെ മരണത്തിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും വില്‍പത്രം മാറ്റാനോ റദ്ദാക്കാനോ കഴിയും. കൂടാതെ, താഴെ പറയുന്ന കാര്യങ്ങളും ചെയ്യാം: 
- വില്‍പത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താം 
- മുമ്പത്തെ വില്‍പത്രം റദ്ദാക്കിയെന്ന് വ്യക്തമായി പറയുന്ന ഒരു പുതിയ വില്‍പത്രം ഉണ്ടാക്കാം 
- നിലവിലുള്ള വില്‍പത്രം നശിപ്പിക്കാം

ഇന്ത്യയില്‍ ഒരു വില്‍പത്രം രജിസ്റ്റര്‍ ചെയ്യുന്നത് സുഗമമായ പിന്തുടര്‍ച്ചാ പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള ലളിതവും നിര്‍ണായകവുമായ ഒരു പടിയാണ്. നിയമപരമായി ആവശ്യമില്ലെങ്കിലും, ഇത് കൂടുതല്‍ സുരക്ഷ നല്‍കുന്നു. വ്യക്തികള്‍ക്ക് അവരുടെ ആസ്തികള്‍ സംരക്ഷിക്കാനും പ്രിയപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും കഴിയും.

vuukle one pixel image
click me!