കളിച്ചത് രണ്ടും തോറ്റു; രാജസ്ഥാനെ കരകയറ്റുമോ സഞ്ജു? മുന്നിലുള്ളത് 3 വെല്ലുവിളികൾ

പരിക്കേറ്റ സഞ്ജു സാംസൺ ഫിറ്റ്നസ് പൂര്‍ണമായി വീണ്ടെടുക്കാത്തതാണ് രാജസ്ഥാന് തിരിച്ചടിയായത്. 

Rajasthan Royals faces many challenges fans want Sanju Samson back to captaincy

ഐപിഎല്ലിൽ ഏറെ ആരാധകരുള്ള ടീമാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ നയിക്കുന്ന ടീമായതിനാൽ തന്നെ മലയാളികൾക്ക് രാജസ്ഥാനോട് പ്രത്യേക ഇഷ്ടമുണ്ട്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനങ്ങൾ രാജസ്ഥാൻ പുറത്തെടുക്കാറുമുണ്ട്. എന്നാൽ ഇത്തവണ കളി മാറി. ഈ സീസണിൽ കളിച്ച രണ്ട് കളികളും തോറ്റ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. 

പരിക്കേറ്റ സഞ്ജു സാംസൺ ഫിറ്റ്നസ് പൂര്‍ണമായി വീണ്ടെടുക്കാത്തതിനാൽ ആദ്യ 3 മത്സരങ്ങളിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങൾ കഴിയുമ്പോൾ നായകനായും ബാറ്റ്സ്മാനായും പരാഗ് പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്. പരാഗ് മാത്രമല്ല, പ്രതീക്ഷ നൽകുന്ന പ്രകടനം പുറത്തെടുക്കാൻ ആര്‍ക്കും സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങൾക്ക് ശേഷം സഞ്ജു നായക സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നതോടെ രാജസ്ഥാന് തിരിച്ചുവരവ് സാധ്യമാകുമോ എന്നാണ് അറിയേണ്ടത്. പ്രധാനമായും 3 വെല്ലുവിളികളാണ് രാജസ്ഥാന് മുന്നിലുള്ളത്. 

Latest Videos

രാജസ്ഥാന്‍റെ ടീം കരുത്ത് ചോര്‍ന്നുവെന്നത് ആരാധകര്‍ പോലും അംഗീകരിക്കുന്ന നഗ്ന സത്യമാണ്. ജോസ് ബട്ലര്‍, രവിചന്ദ്രൻ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ട്രെന്റ് ബോൾട്ട് തുടങ്ങി കഴിഞ്ഞ സീസണുകളിൽ ടീമിന്റെ നട്ടെല്ലായിരുന്ന താരങ്ങളെയെല്ലാം ഇത്തവണ രാജസ്ഥാൻ കൈവിട്ടു. ഓപ്പണിംഗ് സ്ഥാനത്ത് യശസ്വി ജയ്സ്വാൾ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. ടീം മാറിയെത്തിയ നിതീഷ് റാണയും തിളങ്ങിയില്ല. ട്രെൻറ് ബോൾട്ടിന് പകരം കൊണ്ടുവന്ന ജോഫ്ര ആര്‍ച്ച‍ര്‍ തല്ലുകൊള്ളിയായി മാറി. തുഷാര്‍ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ, വാനിന്ദു ഹസറംഗ എന്നിവരും നിരാശപ്പെടുത്തി. ചുരുക്കി പറഞ്ഞാൽ ബാറ്റിംഗും ബൗളിംഗും മെച്ചപ്പെടാതെ രാജസ്ഥാന് രക്ഷയില്ല എന്നര്‍ത്ഥം. 

റിയാൻ പരാഗിന്‍റെ ക്യാപ്റ്റൻസി അമ്പേ പരാജയപ്പെട്ടു എന്ന് ആദ്യ കളികളിൽ നിന്ന് വ്യക്തമായിക്കഴിഞ്ഞു. ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും മികച്ച ഫീൽഡ് സെറ്റ് ചെയ്യുന്നതിലും പരാഗ് പരാജയപ്പെട്ടു. മുന്നിൽ നിന്ന് നയിക്കേണ്ട നായകന്‍ ബാറ്റിംഗിലും നിരാശപ്പെടുത്തുന്നതാണ് കണ്ടത്. ഇതെല്ലാം രാജസ്ഥാനെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മൂന്നാം മത്സരത്തിലും വലിയ ആശങ്കയാണ് ടീമിന് മുന്നിലുള്ളത്. സഞ്ജു നായകസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

പരിശീലക സ്ഥാനത്ത് നിന്ന് കുമാര്‍ സംഗക്കാരയെ മാറ്റി പകരം എത്തിച്ച രാഹുൽ ദ്രാവിഡ് ടീമിനെയാകെ പൊളിച്ചെഴുതിയത് ടീമിന് വലിയ തിരിച്ചടിയായി. ടി20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിക്കൊടുത്ത പരിശീലകനെന്ന പേരോടെയാണ് രാഹുൽ രാജസ്ഥാന്‍റെ തലപ്പത്തേയ്ക്ക് എത്തിയത്. എന്നാൽ, ദ്രാവിഡ് വരുത്തിയ മാറ്റങ്ങൾ ടീമിനെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്തത്. സംഗക്കാര പരിശീലകനായിരുന്നപ്പോൾ തീരുമാനങ്ങളെടുക്കാൻ സഞ്ജുവിന് ലഭിച്ചിരുന്ന സ്വാതന്ത്ര്യം ദ്രാവിഡിന് കീഴിൽ ലഭിക്കുന്നില്ലെന്ന് വേണം മനസിലാക്കാൻ. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സ‍ഞ്ജുവും ടീമും വിജയവഴിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

READ MORE: സൺറൈസേഴ്സിനെ നേരിടാൻ ഡൽഹി റെഡി; കെ.എൽ രാഹുൽ ടീമിനൊപ്പം ചേർന്നു

vuukle one pixel image
click me!