4 പശുക്കളും ഇവയുടെ നാല് പശുക്കിടാങ്ങളും വളർത്തുനായയും കോഴികളേയും ആരെയും ഏൽപ്പിക്കുക കൂടി ചെയ്യാതെയാണ് പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് എതിർവശത്തുള്ള വീടു പൂട്ടി സുകാന്തിന്റെ മാതാപിതാക്കളും സ്ഥലം വിട്ടത്. അന്വേഷണം സുകാന്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു ഇത്
എടപ്പാൾ: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ പോയ സുകാന്ത് സുരേഷിന്റെ വീട്ടിൽ പട്ടിണിയിലായി വളർത്തുമൃഗങ്ങൾ. കുടുംബാംഗങ്ങൾ വീട് പൂട്ടി മുങ്ങിയതോടെ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലായ വളർത്തുമൃഗങ്ങളെ പഞ്ചായത്ത് സംരക്ഷിക്കുമെന്ന് വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റെ നജീബ്. 4 പശുക്കളും ഇവയുടെ നാല് പശുക്കിടാങ്ങളും വളർത്തുനായയും കോഴികളേയും ആരെയും ഏൽപ്പിക്കുക കൂടി ചെയ്യാതെയാണ് പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് എതിർവശത്തുള്ള വീടു പൂട്ടി സുകാന്തിന്റെ മാതാപിതാക്കളും സ്ഥലം വിട്ടത്. അന്വേഷണം സുകാന്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു ഇത്.
അയൽവാസികളാണ് സുകാന്തിന്റെ വീട്ടിൽ വളർത്തുമൃഗങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് പഞ്ചായത്ത് മെമ്പറെ അറിയിച്ചത്. ചൂട് കാലത്ത് വെള്ളം പോലും കിട്ടാതെ പട്ടിണിയിലായതിന് പിന്നാലെ വലിയ ശബ്ദത്തിൽ പശുക്കൾ അടക്കം കരയാൻ തുടങ്ങിയതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വളർത്തുമൃഗങ്ങളുടെ സംരക്ഷണം പഞ്ചായത്ത് സന്നദ്ധ പ്രവർത്തകരെ ഏൽപ്പിച്ചതായാണ് പഞ്ചായത്ത് പ്രസിഡന്റ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്. വീട്ടുകാരുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വിശദമാക്കി.
അതേസമയം കേസിൽ സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ ഇന്നലെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു. തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു. യുവതിയുടെ മാതാപിതാക്കൾ തനിക്കെതിരെ പരാതി നൽകിയതായി അറിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിൽ സുകാന്തിന്‍റെ വാദം.
സുകാന്ത് സുരേഷിനെ ഇന്നലെ കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് പൊലീസ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് യുവതിയുടെ കുടുംബത്തിന്‍റെ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം