എറണാകുളത്ത് നിന്ന് കൊണ്ടുവന്ന മാലിന്യം തൊടുപുഴയിൽ പരസ്യമായി കത്തിച്ചതിന് 10000 രൂപ പിഴ ചുമത്തി. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്താണ് പിഴ ചുമത്തിയത്
തൊടുപുഴ: എറണാകുളത്ത് നിന്നും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചയാള്‍ക്ക് 10000 രൂപ പിഴ ചുമത്തി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്. അമയപ്ര സ്വദേശി കാരുകുന്നേല്‍ പൊന്നപ്പന്‍ സ്വന്തം പുരയിടത്തില്‍ കൂട്ടിയിട്ട് കത്തിച്ചത്. കൃഷി ഭൂമിയിലേക്ക് വളത്തിന് വേണ്ടി പച്ചക്കറി അവശിഷ്ടങ്ങള്‍ കൊണ്ടുവരുന്നു എന്ന പേരില്‍ എറണാകുളത്ത് നിന്നും വന്ന പിക്കപ്പ് വാനിലാണ് മാലിന്യം കൊണ്ടുവന്നത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി ബിജുമോന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും കത്തിക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ട് കേസ് എടുക്കുകയുമായിരുന്നു. മാലിന്യങ്ങളും പാഴ് വസ്തുക്കളും തെരുവില്‍ വലിച്ചെറിയാതെയും കത്തിക്കാതെയും ഗ്രാമപഞ്ചായത്തിന്റെ മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എം യു സുജാത പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരായി ശിക്ഷാനടപടികള്‍ തുടരുമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അവർ പറഞ്ഞു.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത 2024-25 സാമ്പത്തിക വർഷത്തിലെ അവസാനത്തെ ഒന്നരമാസം കൊണ്ട് ക്ലീൻ കേരള കമ്പനി കെ എസ് ആർ ടി സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും സെൻട്രൽ വർക്ക് ഷോപ്പുകളിൽ നിന്നും 66,410 കിലോഗ്രാം അജൈവ മാലിന്യം ശേഖരിച്ച് സംസ്‌ക്കരണത്തിനയച്ചു എന്നതാണ്. റിജക്ട്സ്/ ലെഗസി ഇനത്തിൽപ്പെട്ട പുനരുപയോഗയോഗ്യമല്ലാത്ത 61,220 കി.ഗ്രാം, ഇ-വേസ്റ്റ് 4,560 കി.ഗ്രാം, ഇരുമ്പ് സ്ക്രാപ്പ് 630 കി.ഗ്രാം എന്നിവയാണ് ശേഖരിച്ചത്. തിരുവനന്തപുരം (16,520 കി.ഗ്രാം), കോഴിക്കോട് (15,840 കി.ഗ്രാം), മലപ്പുറം (10,570 കി.ഗ്രാം), ആലപ്പുഴ (8,260 കി.ഗ്രാം) ജില്ലകളിൽ നിന്ന് കൂടുതൽ മാലിന്യം ശേഖരിക്കാനായി. വിവിധ ജില്ലകളിൽ ശേഖരണം നടന്നു വരുന്നു. പൂർണ്ണമായും പുനരുപയോഗിക്കാൻ കഴിയാത്തവ ക്ലീൻ കേരള കമ്പനിയുമായി കരാർ വച്ചിട്ടുള്ള സിമന്റ് ഫാക്ടറികളിലേക്ക് ഇന്ധന ഉപയോഗത്തിനായി അയക്കുകയും പുനരുപയോഗ സാധ്യമായവ റീസൈക്ലേസിന് കൈമാറുകയുമാണ് ചെയ്യുന്നത്. വിവിധ ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും വർഷങ്ങളായി കെട്ടിക്കിടന്ന അജൈവമാലിന്യമാണ് എഗ്രിമെന്‍റ് അടിസ്ഥാനത്തിൽ നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്. പുനരുപയോഗിക്കാനാകാത്ത മാലിന്യം ഇന്ധന ഉപയോഗത്തിനായി രാജ്യത്തിന്‍റെ വിവിധ സിമന്റ് ഫാക്ടറികളിൽ എത്തിക്കുന്നു. ഇതിനുവേണ്ടി വിവിധ സിമന്റ് ഫാക്ടറികളുമായി ധാരണയുണ്ടാക്കിയാണ് ക്ലീൻ കേരള കമ്പനി പ്രവർത്തിക്കുന്നത്. കെഎസ്ആർടിസിയിലെ അജൈവ മാലിന്യം നീക്കം ചെയ്യുന്നതു വഴി കെഎസ്ആർടിസിയുടെ അധീനതയിലുള്ള സ്ഥലങ്ങൾ മറ്റ് നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം