താമരശ്ശേരി അമ്പയത്തോട്ടെ ഫ്രഷ് കട്ടിന്റെ ലൈസൻസ് പുതുക്കേണ്ടെന്ന് കാട്ടിപ്പാറ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. മലിനീകരണ പ്രശ്നങ്ങൾ പരിഹരിച്ചാൽ ലൈസൻസ് പുതുക്കുന്നത് പരിഗണിക്കും.
കോഴിക്കോട്: താമരശ്ശേരി അമ്പയത്തോട് പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിന്റെ ലൈസൻസ് കാട്ടിപ്പാറ പഞ്ചായത്ത് പുതുക്കി നൽകിയില്ല. ഭരണ സമിതിയാണ് തീരുമാനമെടുത്തത്. ഫ്രഷ് കട്ടിന്‍റെ പഞ്ചായത്ത് ലൈസൻസ് നാളെ അവസാനിക്കും. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ലൈസൻസ് ഏപ്രിൽ 30 വരെ ഉള്ളതിനാൽ അന്ന് വരെ പ്രവർത്തിക്കാൻ ഡിഎൽഎഫ്എംസി അനുമതി നൽകി
അറവ് മാലിന്യ സംസ്കരണ യൂണിറ്റിനെതിരെ നാട്ടുകാർ ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു. ഇരുവഴിഞ്ഞി പുഴയിലേക്ക് ഉൾപ്പെടെ മാലിന്യം ഒഴുക്കുന്നു, പരിസരവാസികൾ രോഗബാധിതരാവുന്നു, ദുർഗന്ധം കാരണം ജീവിക്കാനാകുന്നില്ല എന്നിങ്ങനെയാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരുടെ ദുരിതവും പ്രതിഷേധവും കണക്കിൽ എടുത്താണ് പഞ്ചായത്തിന്‍റെ തീരുമാനം.
പ്രശ്നപരിഹാരത്തിനുള്ള മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ലൈസൻസ് പുതുക്കുന്നത് പരിഗണിക്കൂ എന്നും പഞ്ചായത്ത് ഭരണ സമിതി വ്യക്തമാക്കി. കൂടുതൽ ബയോ ബെഡുകൾ, മലിനജലം ഒഴുക്കി വിടാതിരിക്കൽ എന്നിവ ഉറപ്പാക്കണമെന്ന് ഭരണ സമിതി നിർദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം