ആറാട്ടുപുഴ പൂരം: തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാട് ഏപ്രില്‍ മൂന്നിന്

ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ആറാട്ടുപുഴ പൂരത്തില്‍ തേവര്‍ നടുനായകത്വം വഹിക്കും.

Arattupuzha pooram makeeryam purappad sheduled on april 3

തൃശൂര്‍: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരുടെ പ്രസിദ്ധമായ മകീര്യം പുറപ്പാട് ഏപ്രില്‍ മൂന്നിന്. 1443-ാം പൂരമാണ് ഈ വര്‍ഷത്തേതെന്ന് കണക്കാക്കുന്നു. പകല്‍ 1.10 നും രണ്ടിനും മധ്യേയാണ് തേവരുടെ പുറപ്പാട്. മീനമാസത്തില്‍ ഉത്രം നക്ഷത്രം രാത്രിക്കുള്ളതിനെ ആസ്പദമാക്കി എട്ടു ദിവസം മുന്‍പാണ് പൂരം പുറപ്പാട്. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍ പടഹാദിയായാണ് പൂരം പുറപ്പാട് നടത്തി വരുന്നത്. ഒരാഴ്ചക്കാലം ഗ്രാമ പ്രദക്ഷിണം നടത്തുന്ന തേവര്‍ക്ക് ആറാട്ട് നടത്തുന്നതിനുള്ള കുളങ്ങള്‍ ശുചീകരിക്കുന്ന പ്രവൃത്തിയും നടന്നുവരുന്നു.

ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ആറാട്ടുപുഴ പൂരത്തില്‍ തേവര്‍ നടുനായകത്വം വഹിക്കും. മകീര്യം പുറപ്പാട് ദിവസം ഊരായ്മക്കാര്‍ ക്ഷേത്രത്തിനകത്തെത്തി നിയമവെടിക്ക് അനുമതി നല്‍കിയശേഷം കുളിച്ച് മണ്ഡപത്തിലെത്തി മേല്‍ശാന്തിക്ക് തേവരെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നല്‍കും. തുടര്‍ന്ന് തൃക്കോല്‍ ശാന്തി ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തില്‍ പറയ്ക്കും ശേഷം ഭഗവാനെ സേതു കുളത്തില്‍ ആറാട്ടിനായി അഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നള്ളിക്കും. ആറാട്ടിനുശേഷം തിരികെ പടിപ്പുരക്കല്‍ പടിക്കല്‍ ആദ്യ പറ സ്വീകരിച്ച് പാണ്ടിമേളത്തിന്‍റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളും. ക്ഷേത്രച്ചടങ്ങുകള്‍ക്കുശേഷം മണിക്കിണറിനരികില്‍ ചെമ്പിലാറാട്ടും നടത്തും. രണ്ടാം ദിവസം നടക്കല്‍ പൂരവും പുത്തന്‍കുളത്തില്‍ ആറാട്ടും വൈകിട്ട് കാട്ടൂര്‍ പൂരവും നടക്കും. മൂന്നാം ദിവസം രാവിലെ ബ്ലാഹയില്‍ കണ്ടമ്പുള്ളിച്ചിറയിലും വൈകിട്ട് നാട്ടിക ചേര്‍ക്കര കുറുക്കന്‍ കുളത്തിലും ആറാട്ടിനെഴുന്നള്ളും.

Latest Videos

ഭക്തര്‍ കുറുക്കന്‍ വിളിയും നടത്തും. നാലാം ദിവസം രാവിലെ വെന്നിക്കല്‍ പറയും പൈനൂര്‍ പാടത്ത് തലക്കാട്ട് ചാലുകുത്തല്‍ ചടങ്ങും നടക്കും. രാത്രി നാട്ടിക രാമന്‍കുളത്തില്‍ ആറാട്ടും ഇല്ലങ്ങളില്‍ പൂരവും നടക്കും. അഞ്ചാം ദിവസം രാവിലെ പുത്തന്‍കുളത്തില്‍ ആറാട്ടും സമൂഹമഠം പറയും നടക്കും. വൈകിട്ട് തേവര്‍ സ്വന്തം പള്ളിയോടത്തില്‍ പുഴ കടന്ന് കിഴക്കേ നട പൂരത്തിനും ചേലൂര്‍ പൂരത്തിനും എഴുന്നള്ളും. ഊരായ്മ മനകളില്‍ പൂരം നടത്തും. ആറാം ദിവസം രാവിലെ കുട്ടന്‍ കുളം ശാസ്താ ക്ഷേത്രത്തില്‍ ഇറക്കിപ്പൂജയും കുട്ടന്‍കുളത്തില്‍ ആറാട്ടും നടത്തും. തിരിച്ചെഴുന്നള്ളുന്ന തേവര്‍ക്ക് പുത്തന്‍കുളത്തില്‍ ആറാട്ട് നടക്കും. ഏഴാം ദിവസം രാവിലെ തേവര്‍ പുത്തന്‍ കുളത്തില്‍ ആറാടും. രാത്രി കിഴുപ്പിള്ളിക്കര തന്ത്രി ഇല്ലത്തെ പൂരത്തിന് എഴുന്നള്ളും. തന്ത്രി ഇല്ലത്ത് ഇറക്കിപ്പൂജയും ചെമ്പിലാറാട്ടുമുണ്ടാകും. എട്ടാം ദിവസം രാത്രി അത്താഴ ശീവേലിക്കുശേഷം തേവര്‍ പള്ളിയോടത്തില്‍ സ്വര്‍ണക്കോലത്തില്‍ പുഴ കടന്ന് ആറാട്ടുപുഴ പൂരത്തില്‍ നായകത്വം വഹിക്കാന്‍ എഴുന്നള്ളും. പിറ്റേന്ന് തിരിച്ചെഴുന്നള്ളുന്ന തേവര്‍ക്ക് പൂരം പുറപ്പാട് ദിവസത്തെ ചടങ്ങുകള്‍ ആവര്‍ത്തിച്ച് ഉത്രംവിളക്കും ആഘോഷിക്കും.

Read More:പെണ്‍കുട്ടിയെ ശ്‍മശാനത്തിലേക്ക് തട്ടിക്കൊണ്ടുപോയി, പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത പ്രതികള്‍ക്കായി തിരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!