വഞ്ചിക്കപ്പെട്ടതറിഞ്ഞ് സക്കീർ ഹുസൈൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകാൻ തയ്യാറായില്ല
തിരുവനന്തപുരം: വസ്തു നൽകാമെന്ന കരാർ രജിസ്ട്രേഷൻ നടത്തി 30 ലക്ഷം കൈപ്പറ്റിയിട്ട് ഭൂമി മറ്റൊരാൾക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ. ചുള്ളിമാനൂർ കരിങ്കട ബൈത്തുൽ നൂറുൽ ഷൈല ബീഗം ( 51) ആണ് തട്ടിപ്പ് നടത്തിയതിന് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സബ് ട്രഷറിക്ക് സമീപമുളള 20.5 സെന്‍റ് സ്ഥലവും വീടും ബാലരാമപുരം സ്വദേശി സക്കീർ ഹുസൈനിൽ നിന്നും എഗ്രിമെന്‍റ് എഴുതി രജിസേട്രഷനും നടത്തിയ ശേഷമാണ് മറ്റൊരാൾക്ക് രഹസ്യമായി വിൽക്കാൻ ശ്രമിച്ചത്.
മറ്റൊരു സ്ത്രീയെയും ഉപയോഗിച്ചാണ് ഇവർ പണം തട്ടാൻ ശ്രമിച്ചത്. വഞ്ചിക്കപ്പെട്ടതറിഞ്ഞ് സക്കീർ ഹുസൈൻ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകാൻ തയ്യാറായില്ല. തുടർന്ന് സക്കീർ ഹുസൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമങ്ങാട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇവർക്കെതിരെ ഉണ്ടെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം