സ്കൂളിൽ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം, ഹെഡ്മാസ്റ്ററെ മർദ്ദിച്ചു; 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ

വർക്കല ഹരിഹരപുരം സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. തോണിപ്പാറ സ്വദേശിയായ രഞ്ജിത്താണ് പൊലീസ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

20 year old arrested after trespassed  into school  and attacked headmaster in varkala

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ സ്കൂളിൽ അതിക്രമം നടത്തിയ 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ. തോണിപ്പാറ സ്വദേശിയായ രഞ്ജിത്താണ് പൊലീസ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. വർക്കല ഹരിഹരപുരം സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. 

രണ്ട് യുവാക്കളോടൊപ്പം ബൈക്കിൽ സ്കൂളിൻ്റെ മുൻവശത്ത് വന്നിറങ്ങുകയായിരുന്നു അക്രമി. സ്കൂൾ വിദ്യാർത്ഥികളുമായി പുറത്തേക്ക് പോകാൻ തയ്യാറായി നിന്ന കാറിൻ്റെ ചില്ലുകൾ അടിച്ച് തകർത്ത് പ്രതി കുട്ടികളെ ഭയപ്പെടുത്തുകയായിരുന്നു. ഇത് കണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ യുവാവിനെ താക്കീത് നൽകുകയും പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് ഹെഡ്മാസ്റ്ററെ കുട്ടികളുടെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് സ്കൂളിലേക്ക് അതിക്രമിച്ച് കയറി ജനലുകളും വാതിലുകളിലും ശക്തിയായി അടിച്ചു ശബ്ദമുണ്ടാക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിന്തുടർന്നാണ് പിടികൂടിയത്. അയിരൂർ പൊലീസിന് കൈമാറുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ മുങ്ങോട് സ്വദേശിയായ സ്കൂൾ ഹെഡ്മാസ്റ്റർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

Latest Videos

click me!