പണ്ട് വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവും ഉപയോഗിച്ചിരുന്നപ്പോൾ വലിയ ചിലവ് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നോ അടുക്കളയിൽ മറ്റെന്തിനേക്കാളും ചിലവ് ഗ്യാസിനാണ്
പണ്ട് വിറകടുപ്പുകളും മണ്ണെണ്ണ സ്റ്റൗവും ഉപയോഗിച്ചിരുന്നപ്പോൾ വലിയ ചിലവ് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നോ അടുക്കളയിൽ മറ്റെന്തിനേക്കാളും ചിലവ് ഗ്യാസിനാണ്. ഓരോ തവണയും ഗ്യാസിന്റെ വില വർധിച്ചുവരികയാണ്. അതുകൊണ്ട് തന്നെ ഗ്യാസ് പാഴാക്കാതെ ശ്രദ്ധയോടെ വേണം ഉപയോഗിക്കേണ്ടത്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.
പാചകം ചെയ്യാനൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്ത് വെച്ചതിനുശേഷം മാത്രം പാചകം ചെയ്യാം. ചിലർ പാത്രം വെച്ചതിനുശേഷം തീ സിമ്മിലിട്ട് പോകാറുണ്ട്. തീ കുറച്ചുവെച്ചതുകൊണ്ട് കാര്യമില്ല. ഗ്യാസ് പാഴാകാതെ നോക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ പാചകത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും എടുത്തുവെച്ചതിനുശേഷം മാത്രം ഭക്ഷണം ഉണ്ടാക്കാം.
ഉപയോഗിക്കുന്ന പാത്രം
ഭക്ഷണം പാകം ചെയ്യുമ്പോൾ കുഴിവുള്ള പാത്രങ്ങൾ ഉപയോഗിക്കരുത്. പകരം പരന്ന പാത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്. കുഴിവുള്ള പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അമിതമായി തീ ആവശ്യം വരുന്നു. ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ അടച്ചുവെച്ച് വേവിക്കാൻ ശ്രദ്ധിക്കണം. ഇത് പാത്രത്തിനുള്ളിൽ ആവി തങ്ങിനിൽക്കാനും എളുപ്പത്തിൽ വേവാനും സഹായിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് തീയുടെ ആവശ്യം വരുന്നില്ല.
തെർമൽ കുക്കർ ഉപയോഗിക്കാം
ഭക്ഷണ സാധനങ്ങൾ പാകത്തിന് ആവശ്യമായ രീതിയിൽ ചൂടായതിനുശേഷം തെർമൽ കുക്കറിൽ വെച്ച് ബാക്കി പാകം ചെയ്യാവുന്നതാണ്. ചൂട് തങ്ങിനിൽക്കുന്നതുകൊണ്ട് തന്നെ ഭക്ഷണം എളുപ്പത്തിൽ പാകമായി കിട്ടും. ഇങ്ങനെ ചെയ്യുന്നതിലൂടെ പകുതിയിൽ കൂടുതൽ ഗ്യാസ് ലാഭിക്കാൻ സാധിക്കും. തെർമൽ കുക്കർ ഏതുതരം അടുപ്പിനൊപ്പവും ഉപയോഗിക്കാവുന്നതാണ്.
പാത്രം വയ്ക്കുമ്പോൾ ശ്രദ്ധിക്കാം
അടുപ്പിൽ പാത്രം വയ്ക്കുമ്പോൾ നനവോടെ വെക്കരുത്. കഴുകിയെടുത്ത പാത്രമാണെങ്കിൽ അതിൽനിന്നുമുള്ള ഈർപ്പം മുഴുവനായും തുടച്ചുകളഞ്ഞതിന് ശേഷം മാത്രം പാചകം ചെയ്യാൻ വയ്ക്കാം. അടുപ്പിൽ വെള്ളത്തോടെ പാത്രം വയ്ക്കുമ്പോൾ ഈർപ്പം പോകാൻ അമിതമായി തീ ആവശ്യം വരുന്നു. ഫ്രിഡ്ജിൽ നിന്നും സാധനങ്ങൾ എടുക്കുമ്പോഴും തണുപ്പ് മാറിയതിനുശേഷം മാത്രം അടുപ്പിൽ വെയ്ക്കാൻ ശ്രദ്ധിക്കുക.
ഗ്യാസ് ലീക്ക്
ഗ്യാസ് ലീക്ക് ചെയ്യുന്നില്ലെന്ന് എപ്പോഴും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് ഗ്യാസ് നഷ്ടമാകുകയും അപകടങ്ങൾ ഉണ്ടാകുവാനും കാരണമാകുന്നു. കൃത്യമായ ഇടവേളകളിൽ ഗ്യാസ് പൈപ്പുകൾ പരിശോധിച്ച് ലീക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഗ്യാസ് ഓൺ ചെയ്യുമ്പോൾ ചെറിയ തീയിൽ ഇടാൻ ശ്രദ്ധിക്കണം.
ബർണർ വൃത്തിയാക്കാം
വലിയ ബർണറുകൾ ഉപയോഗിച്ചാൽ അമിതമായി ഗ്യാസ് ചിലവാകും. പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് വലിയ പാത്രങ്ങൾ ആണെങ്കിൽ മാത്രം വലിയ ബർണർ ഉപയോഗിക്കാം. ചെറിയ വിഭവങ്ങൾ ഒരുക്കാൻ ചെറിയ ബർണറുകൾ തന്നെ ധാരാളമാണ്.
ഫ്രിഡ്ജിൽ ദുർഗന്ധമുണ്ടോ? ഇനി ടെൻഷൻ വേണ്ട, പരിഹാരമുണ്ട്