പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോർട്ട് നൽകിയിരുന്നു.


കൽപ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ ജി.ഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോർട്ട് നൽകിയിരുന്നു.

നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പൊലീസ് കംപെയിന്‍റ് അതോറിറ്റി ചെയർമാനും കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദർശനം നടത്തി. ഫോറൻസിക് സർജൻമാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനിലെത്തിയിരുന്നു.    അതേസമയം ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.

Latest Videos

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.45നാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോകുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം കാണാതായ അമ്പലവയല്‍ സ്വദേശി ഗോകുൽ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് ആത്മഹത്യ ചെയ്തത്.  ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയിരുന്നു. കഴിഞ്ഞ 26 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതില്‍ അന്വേഷണം നടക്കുമ്പോള്‍ കോഴിക്കോട് നിന്ന് പെണ്‍കുട്ടിയേയും യുവാവിനെയും പൊലീസ് കണ്ടെത്തി. 

വയനാട്ടില്‍ എത്തിച്ച പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ പൊലീസ് യുവാവിനോട് കല്‍പ്പറ്റ സ്റ്റേഷനില്‍ തന്നെ തുടരാൻ ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ഏഴേ മുക്കാലോടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ അവിടെ തൂങ്ങി മരിക്കുകയായിരുന്നു. ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ഷവ‌റിലാണ് യുവാവ് തൂങ്ങിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെതിരെ പോക്സോ കേസ് എടുത്തിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷനില്‍ ഇരിക്കെ മരിച്ചതിനാല്‍ കസ്റ്റഡിയിലുള്ള മരിച്ചതായാണ് കണക്കാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!