ദില്ലി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ ഓശാന പ്രദക്ഷിണമാണ് പൊലീസ് തടഞ്ഞത്. ക്രമസമാധാന പ്രശ്നവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഓശാന ഞായറിലെ പതിവ് പ്രദക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദില്ലി പോലീസ് തടയിട്ടത്.
ദില്ലി: ദില്ലിയിൽ ഓശാന പ്രദക്ഷിണം തടഞ്ഞതിൽ പ്രതിഷേധമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കെസി വേണുഗോപാൽ എംപി. മതസ്വാതന്ത്യത്തിന് മേലുള്ള കടന്നാക്രമണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധിക്കുന്നു. കഴിഞ്ഞ 15 വർഷം മുടക്കം ഇല്ലാതെ നടന്ന കാര്യമാണിത്. പ്രദക്ഷിണം തടഞ്ഞതിന്റെ കാരണം വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടതായി കെസി വേണുഗോപാൽ അറിയിച്ചു.
ആർട്ടിക്കിൾ 26 ലംഘിച്ചതിനെതിരെ നടപടി വേണം. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമം എന്ന സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ വ്യക്തമായത്. ഇന്നലെ മുസ്ലീങ്ങൾക്ക് നേരെ, ഇന്ന് ക്രൈസ്തവർക്ക് നേരെ, നാളെ മറ്റ് ന്യൂനപക്ഷങ്ങൾക്ക് എതിരെയെന്നും കെസി വേണുഗോപാൽ വിമർശിച്ചു. ക്രൈസ്തവ സ്നേഹം ക്യാപ്സൂളുകളായി വിളമ്പുന്ന ആളുകളുടെ തനിനിറം ഇതാണെന്നും കെസി വേണുഗോപാൽ രൂക്ഷഭാഷയിൽ പ്രതികരിച്ചു.
ദില്ലി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ ഓശാന പ്രദക്ഷിണമാണ് പൊലീസ് തടഞ്ഞത്. ക്രമസമാധാന പ്രശ്നവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഓശാന ഞായറിലെ പതിവ് പ്രദക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ദില്ലി പോലീസ് തടയിട്ടത്. ഏകപക്ഷീയ നടപടി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ദില്ലി അതിരൂപത കാത്തലിക് അസോസിയേഷന്‍ അപലപിച്ചു. നടപടി ബിജെപിക്കെതിരെ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ആയുധമാക്കി.
ദില്ലി ആര്‍ച്ച് ബിഷപ്പിന്‍റെ ഓഫീസില്‍ നിന്ന് രാവിലെ പത്ത് മണിയോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കുറിപ്പിലാണ് കുരുത്തോല പ്രദക്ഷിണം പോലീസ് തടഞ്ഞതായി വ്യക്തമാക്കിയത്. പഴയ ദില്ലിയിലെ സെന്‍റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പള്ളിവരെയുള്ള 8 കിലോമീറ്ററില്‍ പ്രദക്ഷിണം നടത്താനായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. സുരക്ഷ, ക്രമസമാധാന പ്രശ്നങ്ങൾക്കൊപ്പം ഗതാഗതകുരുക്കും കാരണങ്ങളായി ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. നടപടി ഞെട്ടിക്കുന്നതും അന്യായവുമാണെന്ന് ദില്ലി അതിരൂപത കാത്തലിക് അസോസിയേഷന്‍ അപലപിച്ചു.