ഒരു എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകനെതിരെ വ്യാജ പരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ പണം ചോദിച്ച് വൻ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണ് വിജിലൻസ് പൊളിച്ചത്.
തിരുവനന്തപുരം: സ്കൂളിലെ പ്രധാനാധ്യാപകനെതിരെ നൽകിയ പരാതി പിൻവലിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് വൻ തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും ഉൾപ്പെടെ നാല് പേരെ വിജിലൻസ് പിടികൂടി. പരാതി ഒതുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന പേരിൽ പണം വാങ്ങാൻ എത്തിയതാവട്ടെ, ടു വീലർ ഷോറൂമിലെ സർവീസ് മാനേജറും. ഇയാളും സ്കൂളിലെ പിടിഎ പ്രസിഡന്റും ഉൾപ്പെടെയുള്ളവരുമാണ് പണം വാങ്ങവെ പിടിയിലായത്.
'ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ' ഭാഗമായി എറണാകുളം മധ്യമേഖല വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് ഇവർ അകപ്പെട്ടത്. ഏറണാകുളം ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിലെ മുൻ പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പ്രസാദ്, ഇപ്പോഴത്തെ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പൻ, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ അല്ലെഷ്, തിരുവനന്തപുരം ആറ്റിങ്ങലിലെ ഒരു ടൂവീലർ ഷോറൂം മാനേജരായ രാകേഷ് റോഷൻ എന്നിവരാണ് പിടിയിലായത്. രണ്ട് ലക്ഷം രൂപ വാങ്ങുന്നതിനിടെ ഏറണാകുളം മധ്യമേഖല വിജിലൻസ് ഇവരെ വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വെച്ച് പിടികൂടുകയായിരുന്നു.
പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററാണ് കേസിലെ പരാതിക്കാരൻ. ഈ മാസം 31ന് സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യേണ്ട ഈ അധ്യാപകനെതിരെ പിറവം പാലച്ചുവട് സ്വദേശിയായ പ്രസാദ് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് പരാതി നൽകി. സ്കൂൾ ഫണ്ടുകളിൽ പ്രധാനാധ്യാപകൻ തിരിമറി കാണിച്ചുവെന്നായിരുന്നു ഇയാളുടെ വ്യാജ പരാതികൾ. ഇതിന്മേൽ നേരത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം നടത്തി.
ഇതിനിടെയാണ് സ്കൂളിലെ പിടിഎ പ്രസിഡണ്ടായ ബിജു തങ്കപ്പനും, പിടിഎ അംഗമായ അല്ലേഷും മറ്റും ചേർന്ന് പരാതി നൽകിയ പ്രസാദിന്റെ വീട്ടിലേക്ക് പ്രധാനാധ്യാപകനെ വിളിപ്പിച്ചത്. ഒത്തുതീർപ്പ് ചർച്ചയെന്നായിരുന്നു ഇവർ പറഞ്ഞത്. തിരുവനന്തപുരത്തുള്ള വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്നും അയാൾ വിചാരിച്ചാൽ മാത്രമേ പരാതി തീർപ്പാക്കാൻ കഴിയുകയുള്ളൂവെന്നും പ്രസാദ് പറഞ്ഞു. തുടർന്ന് അവിടെവെച്ചു തന്നെ പ്രസാദ് ഈ ഉദ്യോഗസ്ഥനെന്ന പേരിൽ ഒരാളെ ഫോണിൽ വിളിച്ചു. ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് എത്താൻ ഉദ്യോഗസ്ഥൻ നിർദേശിച്ചെന്ന് പ്രസാദ് പറഞ്ഞു.
പറഞ്ഞതുപോലെ ഈ ദിവസം എല്ലാവരും തലസ്ഥാനത്തെത്തി. പരാതിക്കാരൻ ട്രെയിൻ മാർഗ്ഗവും ബിജു തങ്കപ്പനും പ്രസാദും മറ്റുള്ളവരും ബിജുവിന്റെ ഇന്നോവ കാറിലുമായിരുന്നു യാത്ര. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് പറഞ്ഞയാളെ ഒരു ഹോട്ടലിൽ വെച്ച് കണ്ടു. പരാതി പ്രകാരം അധ്യാപകന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങളും മറ്റും തടഞ്ഞു വയ്ക്കുമെന്നും അത് ഒഴിവാക്കണമെങ്കിൽ കുറെ ഉദ്യോഗസ്ഥരെ കാണേണ്ടി വരുമെന്നും പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് പ്രസാദ് 5,000 രൂപ ഗൂഗിൾ-പേ വഴി വാങ്ങി. തങ്ങളുടെ യാത്രാ ചെലവിനെന്ന പേരിൽ മറ്റൊരു 25,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി. ബിജു തങ്കപ്പന്റെ ഗൂഗിൾ-പേയിലേക്കായിരുന്നു ഈ പണം വാങ്ങിയത്.
മാർച്ച് മൂന്നാം തീയ്യതി പ്രസാദും ബിജു തങ്കപ്പനും ചേർന്ന് പിറവം തേക്കുംമൂട് പടിയിലേക്ക് അധ്യാപകനെ വിളിപ്പിച്ചു. തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥൻ വിളിക്കുന്നു എന്നും പറഞ്ഞു ഫോൺ കൊടുത്തു. പരാതി ഒതുക്കാൻ 15 ലക്ഷം രൂപ മൂന്നു ദിവസത്തിനുള്ളിൽ വേണമെന്നായിരുന്നു ആവശ്യം. തൊട്ടുപിന്നാലെ ബിജു തങ്കപ്പനും പ്രസാദും അധ്യാപകനെ ഭീഷണിപ്പെടുത്തുകയും പണം കൊടുത്തില്ലെങ്കിൽ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അത്രയും തുക കൈയിലില്ലെന്ന് പറഞ്ഞപ്പോൾ പതിനെട്ടാം തീയതി അഞ്ച് ലക്ഷം രൂപ നൽകായി നിർദേശം. ഈ വിവരം അധ്യാപകൻ വിജിലൻസിന്റെ ഏറണാകുളത്തെ മധ്യമേഖല പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകുന്നേരം 07.30ർക്ക് തിരുവനന്തപുരം വെഞ്ഞാറമൂടുള്ള ഇന്ത്യൻ കോഫീ ഹൗസിന് മുന്നിൽ എത്താൻ അധ്യാപകന് നിർദേശം കിട്ടി. അവിടെ വെച്ച് രണ്ട് ലക്ഷം രൂപ വാങ്ങവെ രാകേഷ് റോഷനേയും, ബിജു തങ്കപ്പൻ, പ്രസാദ്, അല്ലേഷ് എന്നിവരെയും വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന പേരിൽ എത്തിയ രാകേഷ് റോഷനാണ് ഒന്നാം പ്രതി. ഇയാളെ ചോദ്യം ചെയ്തപ്പോൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനല്ലെന്നും ആറ്റിങ്ങലിലെ ടു വീലർ ഷോറൂമിലെ സർവീസ് മാനേജർ ആണെന്നും വ്യക്തമായി. മലയിൻകീഴ് സ്വദേശിയായ ഇയാൾ സ്കൂളിലെ പിടിഎ ഭാരവാഹികളിൽ ചിലരുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു നടന്ന സംഭവങ്ങളെല്ലാം. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം