മാസപ്പടി കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യുമോ എന്നതില്‍ ആകാംക്ഷ, പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യത

Published : Apr 04, 2025, 06:50 AM ISTUpdated : Apr 04, 2025, 12:23 PM IST
മാസപ്പടി കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യുമോ എന്നതില്‍ ആകാംക്ഷ, പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യത

Synopsis

വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്.

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നതാണ് വലിയ ആകാംക്ഷ. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്.

മാസപ്പടി അടിവരയിട്ടാണ് പ്രോസിക്യൂഷൻ അനുമതി. ഇൻട്രിം സെറ്റിൽമെൻ്റ് ബോർഡ് ഉത്തരവും ആർഒസി കണ്ടെത്തലും കഴിഞ്ഞ് എസ്എഫ്ഐഒയും മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്ന് വ്യക്തമാക്കുന്നു. കമ്പനികാര്യ ചട്ടങ്ങളുടെ ഗുരുതര ലംഘനം കണ്ടെത്തിയതിന് പിന്നാലെ തന്നെ, എസ്എഫ്ഐഒയ്ക്ക് മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ കരുതലോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ റിപ്പോർട്ട് മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ച്, പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരുന്നു. തുടർനടപടികൾക്ക് തടസ്സമില്ലെന്ന ദില്ലി കോടതിയുടെ തീരുമാനം കൂടി വന്നതോടെ, പ്രോസിക്യൂഷൻ നടപടികൾ എസ്എഫ്ഐഒ വേഗത്തിലാക്കി. 

കോടതിയിലെ വിചാരണ നടപടികൾക്ക് കാത്തിരിക്കുമ്പോഴും, വേണമെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യാം. എന്നാൽ രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ, എസ്എഫ്ഐഒ അതിന് മുതിരുമോ എന്നുള്ളതാണ് നിർണ്ണായകം. നേരത്തെ 1.72 കോടി രൂപയായിരുന്നു എക്സാലോജിക്ക് - സിഎംആർഎൽ കേസിലെ ഇടപാട് തുകയെങ്കിൽ, എസ്എഫ്ഐഒ അന്വേഷണ റിപ്പോട്ടോടെ, ഇനി 2 കോടി 70 ലക്ഷം രൂപയ്ക്ക് വീണ ടിയും സിഎംആർഎല്ലും മറുപടി നൽകണം. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമാണ് എംപവർ ഇന്ത്യ ക്യാപിറ്റ‌ൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്. ഈ സ്ഥാപനത്തിൽ നിന്ന് വായ്പയായാണ് പണം വാങ്ങിയതെന്നായിരുന്നു വീണയുടെ വാദം. എസ്എഫ്ഐഒ അന്വേഷണത്തിൽ അതും പൊളിയുകയാണ്. നൽകിയ സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് ആവർത്തിച്ചിരുന്ന വീണയ്ക്ക് എസ്എഫ്ഐഒ അന്വേഷണത്തിലും തെളിവൊന്നും ഹാജരാക്കാനായില്ല. 

Also Read: മാസപ്പടി കേസ്:SFIO തുടർനടപടിക്ക് സ്റ്റേ ഇല്ല, CMRLന്‍റെ ആവശ്യം തള്ളി ദില്ലി ഹൈകോടതി, ജൂലൈയില്‍ വീണ്ടും വാദം

സിഎംആർഎല്ലിനെ കാത്തിരിക്കുന്നത് അതിലും വലിയ കുരുക്കാണ്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളും, സിഎഫ്ഒയും സിജിഎമ്മും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിചാരണ നേരിടണം. കമ്പനികാര്യ ചട്ടം 447 പ്രകാരം, കോടതിയിൽ ഇത് തെളിയിക്കാനായാൽ, മൂന്നിരട്ടി പിഴ വരെ ചുമത്താം. അങ്ങനെ വന്നാൽ പൊതുമേഖല സ്ഥാപനമായ സിഎംആർഎൽ കടുത്ത ബാധ്യതയിലേക്ക് പോകും. ഇല്ലാത്ത ചെലവുകൾ കാട്ടി, 182 കോടി രൂപയാണ് സിഎംആർഎല്ലിൽ നിന്ന് പുറത്തേക്ക് ഒഴുകിയത്. ഈ പണം രാഷ്ട്രീയ നേതാക്കൾക്ക് കൈമാറിയെന്നായിരുന്നു ഇൻട്രിം സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തൽ. അവരുടെ കൂടുതൽ പേര് വിവരങ്ങൾ കൂടി പുറത്തുവരുമ്പോൾ കേസിന്‍റെ നിലമാറും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്