തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്. അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ. നായയുടെ ശരീരമാകെ വെട്ടിപ്പരിക്കേല്‍പിച്ച് തെരുവിലുപേക്ഷിക്കുകയായിരുന്നു. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്. അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.
മുതലക്കോടത്ത് ദേഹമാസകലം പരിക്കേറ്റ നായയെ കണ്ടെത്തുകയായിരുന്നു. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. നായയ്ക്ക് മാരകമായി പരിക്കേറ്റതായി കണ്ടതിനെ തുടര്‍ന്ന് ഇവര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നായയുടെ ഉടമക്കെതിരെ കേസെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. നായയുടെ ദേഹത്ത് എട്ടോളം വെട്ടേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതേ സമയം നായയുടെ ഉടമ മദ്യലഹരിയിലായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.