അരുക്കുറ്റി സ്വദേശി ജിബിൻ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിൽ
ആലപ്പുഴ: അരൂക്കുറ്റിയിൽ ഗുണ്ടയുടെ സുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയിവീട്ടിൽ കെട്ടിയിട്ട് മർദിച്ചു. ഗുരുതരമായി പരിക്കേറ്റ അരുക്കുറ്റി സ്വദേശി ജിബിൻ ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിൽ പ്രതിയായ പ്രഭജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് സഹോദരൻ ലിബിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാത്രി അരുക്കുറ്റി പാലത്തിൽ നിന്നാണ് ഫോണിൽ സംസാരിച്ചു കൊണ്ട് നിന്ന ജിബിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രഭജിത്തിന്റെ പെൺ സുഹൃത്തിന് ഹലോ സന്ദേശം അയച്ചെന്ന് പറഞ്ഞായിരുന്നു മർദനം.
ജിബിന് വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതവും, നട്ടെല്ലിനും മുതുകിനും പരിക്കുപറ്റിയിട്ടുണ്ട്. സംഭവത്തിൽ പൂച്ചാക്കൽ പോലിസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയായ പ്രഭജിത്ത് മുൻപ് കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളാണ്. ലഹരി ക്കേസുകളിലും ഇയാൾ പിടിയിൽ ആയിട്ടുണ്ട്.