തിരുവനന്തപുരം എസ് എ ടിയിലെ ചികിത്സയിൽ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കുടുംബം അറിയിച്ചിരുന്നു. തുടർന്നാണ് ആശുപത്രി മാറ്റിയത്.
ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ നിന്ന് വീണ്ടും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് തുടരാനുള്ള സാഹചര്യം ഇല്ലാത്തതിനാലും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായതിനാലുമാണ് ആശുപത്രി മാറ്റമെന്ന് കുടുംബം അറിയിച്ചു. ചികിത്സാ പിഴവിൽ ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായേക്കും.
ആലപ്പുഴയിൽ അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ ജനുവരി പതിനേഴിനാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റുന്നത്. രണ്ടര മാസത്തിലധികം എസ് എ ടി ആശുപത്രിയിൽ കിടത്തി ചികിത്സിച്ചെങ്കിലും കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ കാര്യമായ മാറ്റമുണ്ടായില്ലെന്ന് കുടുംബം പറയുന്നു. കുട്ടിയുടെ അമ്മയുടെ ആരോഗ്യാവസ്ഥ മോശമാവുകയും ചെയ്തു. തുടർന്നാണ് വണ്ടാനത്തേക്ക് മാറ്റിയത്.
ആലപ്പുഴ ലജനത്ത് വാർഡിൽ താമസിക്കുന്ന അനീഷ് മുഹമ്മദ് - സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് അസാധാരണ വൈകല്യങ്ങളോടെ ജനിച്ചത്. ഗർഭകാലചികിത്സയിൽ വൈകല്യങ്ങൾ കണ്ടെത്താനായില്ല എന്നതായിരുന്നു കുടുംബത്തിന്റെ പരാതി. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ കുഞ്ഞിൻ്റെ മാതാവിന് ആദ്യ മൂന്നു മാസം നൽകിയ പ്രസവ ചികിൽസ തൃപ്തികരമല്ലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല ചികിത്സ നൽകിയ രണ്ടു ഡോക്ടർമാർക്കെതിരെ വകുപ്പ് തല നടപടിക്കുള്ള ശുപാർശയും റിപ്പോർട്ടിൽ ഉണ്ട്. പരാതിക്ക് പിന്നാലെ സ്കാനിങ് നടത്തിയ മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളുടെ സ്കാനിങ് മെഷിൻ നേരത്തെ സീൽ ചെയ്തിരുന്നു.
സംഭവത്തില്‍ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാൻ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവം വലിയ വിവാദമായതോടെ സർക്കാർ ഇടപെട്ടു. കുട്ടിയുടെ തുടർചികിത്സയെല്ലാം സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകുകയും ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം