
തൃശ്ശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയുമായി ബന്ധപ്പെട്ട് തന്ത്രിമാർ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് ദേവസ്വം റിക്രൂട്മെൻ്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ്. നിയമം അനുശാസിക്കുന്ന ജാതി സംവരണം നടപ്പാക്കും. ഓപ്പൺ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നൽകിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. അപ്പോയ്മെന്റ് ഓർഡർ ദേവസ്വം ബോർഡ് വേഗത്തിൽ തന്നെ കൊടുക്കേണ്ടതാണ്, അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും മോഹൻദാസ് പ്രതികരിച്ചു.
ദേവസ്വം ഭരണസമിതിയെ പോലും അറിയിക്കാതെയാണ് അഡ്മിനിസ്ട്രേറ്റർ ബാലുവിനെ ഓഫീസിലേക്ക് മാറ്റി നിയമിച്ചതെന്നും മോഹൻദാസ് പ്രതികരിച്ചു. വേഗത്തിൽ തന്നെ അഡ്വൈസ് മെമ്മോ കൊടുക്കണമെന്ന് ചെയർമാനും ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗാർത്ഥിയുടെ അഭിപ്രായം അറിയുക എന്നുള്ള ഒരു പ്രൊസീജിയർ ഇല്ല. തന്ത്രി തനിക്ക് നേരത്തെ കത്തയച്ചിരുന്നു. കഴകക്കാരന്റെയും കീഴ്ശാന്തിയുടെയും നിയമനം സംബന്ധിച്ചായിരുന്നു കത്ത്. കീഴ്‌ശാന്തി നിയമനത്തിലെ അഭിമുഖ പരീക്ഷയിൽ തന്ത്രിയെ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം. അഭിമുഖത്തിൽ തന്ത്രിക്ക് പങ്കെടുക്കണമെന്നുണ്ടെങ്കിൽ നിലവിലെ നിയമമനുസരിച്ച് ഭരണസമിതി പ്രതിനിധിയായി തന്ത്രിയെ അയക്കാം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പ്രവർത്തിച്ചത് നിയമാനുസൃതമായാണെന്നും നിയമനങ്ങളിൽ മാറ്റം വരുത്താൻ കോടതി ഉത്തരവ് വേണമെന്നും മോഹൻദാസ് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam