
ഭോപ്പാൽ: വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഒരു പ്യൂൺ വിലയിരുത്തുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഈ സംഭവത്തില്‍ ഒരു സർക്കാർ കോളേജ് പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷനും ലഭിച്ചു. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലാണ് സംഭവം. വിദ്യാർത്ഥികൾ പ്രാദേശിക എംഎൽഎ താക്കൂർദാസ് നാഗ്‌വാൻഷിയെ സമീപിക്കുകയും തുടർന്ന് അദ്ദേഹം അധികൃതര്‍ക്ക് പരാതി നൽകുകയുമായിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ ഇപ്പോൾ കൂടുതല്‍ വെളിപ്പെടുത്തലുകൾ പുറത്ത് വന്നിട്ടുണ്ട്.
ഉത്തരക്കടലാസുകളുടെ മൂല്യനിർണയം രണ്ടുതവണ 'ഔട്ട്‌സോഴ്‌സ്' ചെയ്ത ശേഷം ഒരു പ്യൂണിന്റെ കയ്യിലെത്തിയെന്നാണ് പുതിയ വിവരങ്ങൾ. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ള പ്യൂൺ ഹിന്ദി പേപ്പറാണ് മൂല്യനിർണയം നടത്തിയത്. ഈ ഗുരുതരമായ പിഴവ് പിപാരിയയിലെ ഷഹീദ് ഭഗത് സിംഗ് പിജി കോളേജിൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് സംഭവിച്ചത്. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ ഇല്ലായിരുന്നെങ്കിൽ ഇത് ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു. 20 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പിൽ പ്യൂൺ ഗൗരവത്തോടെ ഉത്തരക്കടലാസുകൾ പരിശോധിക്കുകയും ശരി അടയാളങ്ങൾ ഇടുകയും മാർക്കുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നത് കാണാം.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന്, പ്രാദേശിക എംഎൽഎ താക്കൂർദാസ് നാഗ്‌വാൻഷി നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു അന്വേഷണ സമിതിയെ നിയോഗിക്കുകയും ഏപ്രിൽ മൂന്നിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പ്രിൻസിപ്പൽ രാകേഷ് കുമാർ വെർമ്മയെയും മൂല്യനിർണയത്തിന്റെ നോഡൽ ഓഫീസറായ പ്രൊഫസർ രാംഘുലാം പട്ടേലിനെയും സസ്‌പെൻഡ് ചെയ്തു. പ്രാദേശിക രാഷ്ട്രീയക്കാരാണ് തന്നെ ലക്ഷ്യമിട്ടുവെന്നാണ് രാകേഷ് വെര്‍മ്മയുടെ ആരോപണം.
പരീക്ഷാ മൂല്യനിർണയത്തോടുള്ള അലംഭാവം ഞെട്ടിക്കുന്നതാണെന്ന് സമിതി കണ്ടെത്തി. ഹിന്ദി അധ്യാപികയായ ഗസ്റ്റ് ലക്ചറർ ഖുഷ്ബൂ പഗാരെ, താൻ സുഖമില്ലാത്തതിനാൽ മറ്റൊരാളെക്കൊണ്ട് ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിച്ചെന്ന് രേഖാമൂലം സമ്മതിച്ചതായി സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. അവർ കോളേജിലെ 'ബുക്ക്-ലിഫ്റ്റർ' ആയ രാകേഷ് കുമാർ മെഹറിന് ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യാൻ 7,000 രൂപ നൽകി. മെഹർ ഇത് പ്യൂൺ പന്നാലാൽ പതാരിയക്ക് കൈമാറുകയും 5,000 രൂപ നൽകുകയും 2,000 രൂപ സ്വയം എടുക്കുകയും ചെയ്തുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഖുഷ്ബൂ പഗാരെ, രാകേഷ് കുമാർ മെഹര്‍, പന്നാലാൽ പതാരി എന്നിവരെ പിരിച്ചുവിടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam