ഇന്നലെ അപ്പോയിന്റ്മെന്റ് ലഭിച്ചില്ലെങ്കിൽ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സൗകര്യം എപ്പോഴാണെന്ന് അറിയിച്ചാൽ അപ്പോൾ വന്ന് കാണും എന്നാണ് പറഞ്ഞതെന്ന് വീണ ജോർജ്.
ദില്ലി: തിരുവനന്തപുരത്ത് ആശ വർക്കർമാരുടെ നിരാഹാര സമരം പുരോഗമിക്കവെ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. അസത്യ പ്രചരണമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
വ്യാഴാഴ്ച ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി അയച്ച കത്ത് മന്ത്രി പുറത്ത് വിടുകയും ചെയ്തു. ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ടയായി കത്തിൽ പറയുന്നത്. 2023-24 വർഷത്തെ കുടിശ്ശിക നൽകണമെന്നാണ് രണ്ടാമത്തെ ആവശ്യം. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളും കത്തിൽ പറയുന്നുണ്ട്.
എന്നാൽ ഇന്നലെ തന്നെ കേന്ദ്ര മന്ത്രിയെ കാണുമെന്ന് പറഞ്ഞിട്ടില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുമെന്നാണ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതെന്നും വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇന്നലെ അപ്പോയിന്റ്മെന്റ് ലഭിച്ചില്ലെങ്കിൽ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സൗകര്യം എപ്പോഴാണെന്ന് അറിയിച്ചാൽ അപ്പോൾ വന്ന് കാണും എന്നാണ് പറഞ്ഞത്. ഇതാദ്യമായല്ല ആശമാരുടെ വിഷയത്തില്‍ താന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുന്നതെന്നും. ആറ് മാസം മുമ്പും താൻ കേന്ദ്ര മന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹി യാത്രയുടെ ഉദ്ദേശങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഒരു മാധ്യമത്തോടും സംസാരിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും, ക്യൂബയുമായുള്ള ചര്‍ച്ചയുമാണ് യാത്രയുടെ രണ്ട് ലക്ഷ്യങ്ങൾ. അത് താൻ തന്നെ വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി 2023 ജൂണില്‍ നടത്തിയ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി ആരോഗ്യ മേഖലയില്‍ കാന്‍സര്‍ വാക്‌സിന്‍ ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ക്യൂബയുമായുള്ള സഹകരണമെന്നും വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അതേസമയം കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നൽകിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ പ്രതികരിച്ചത്. എന്നാൽ കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ അപേക്ഷ ബുധനാഴ്ച രാത്രിയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയതെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ കൂടിക്കാഴ്ചക്ക് ഉടൻ അനുമതി നൽകിയേക്കില്ലെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം