മാസപ്പടി കേസിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് സാധിച്ചില്ലെന്ന് കേരള ഹൈക്കോടതി
കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്ന ആരോപണത്തിന് തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് സാധിച്ചില്ലെന്ന് ഹൈക്കോടതി. അന്വേഷണം നടത്താനുള്ള മതിയായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്ത് നൽകിയെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ കേസിൽ മേൽനടപടികൾ അനുവദിക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകൾ പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു. രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന ഡയറിക്കുറിപ്പുകളോ, ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുൻപാകെ നൽകിയ മൊഴികളോ അന്വേഷണത്തിന് ഉത്തരവിടാനാകും വിധം തെളിവാകില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. അയഞ്ഞ കടലാസ് കഷണങ്ങളെ തെളിവായി കണക്കാക്കാൻ ആകില്ലെന്ന് പറഞ്ഞ ഹൈക്കോടതി, പുതിയ തെളിവുകൾ ലഭിച്ചാൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.