'26 വര്‍ഷങ്ങള്‍ സ്റ്റീഫന്‍ എവിടെയായിരുന്നു'? ആ മുഖം അവതരിപ്പിച്ച് 'എമ്പുരാന്‍' ടീം

ചിത്രം 200 കോടി ക്ലബ്ബില്‍ ഇതിനകം കയറിയിട്ടുണ്ട്


സമീപകാല മലയാള സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ പ്രീ റിലീസ് പ്രൊമോഷന്‍ നടത്തപ്പെട്ട സിനിമയാണ് എമ്പുരാന്‍. ഏറെ മുന്‍പ് തന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ അടക്കം അവതരിപ്പിച്ചുകൊണ്ടായിരുന്നു അതിന്‍റെ തുടക്കം. ചിത്രത്തിലെ ചില സര്‍പ്രൈസുകള്‍ റിലീസിന് മുന്‍പ് അവതരിപ്പിക്കാതെയിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സര്‍പ്രൈസ് ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടിക്കൊണ്ടിരിക്കുമ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ് ടീം എമ്പുരാന്‍. ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്‍റെ സാന്നിധ്യമാണ് അത്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ അബ്രാം ഖുറേഷിയുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റീഫനെക്കുറിച്ച് ലൂസിഫറില്‍ അവതരിപ്പിക്കപ്പെട്ട നിഗൂഢതകളില്‍ ഒന്നായിരുന്നു ഏറെ പ്രിയപ്പെട്ടവര്‍ക്ക് പോലും 15 വയസ് മുതല്‍ 41 വയസ് വരെ അയാള്‍ എവിടെ ആയിരുന്നുവെന്ന് അറിയില്ല എന്നത്. ഫാസില്‍ അവതരിപ്പിച്ച നെടുമ്പള്ളി അച്ഛന്‍റെ ഡയലോഗിലൂടെയാണ് പ്രേക്ഷകരിലേക്ക് തിരക്കഥാകൃത്ത് ഇക്കാര്യം കമ്യൂണിക്കേറ്റ് ചെയ്തത്. പ്രണവ് ചിത്രത്തില്‍ ഉണ്ട് എന്ന കാര്യം എമ്പുരാന്‍ ആദ്യ ദിന പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു. ചിത്രത്തിലെ പ്രതിനായകന്‍ ആരാണെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇത്തരമൊരു സാന്നിധ്യത്തെക്കുറിച്ച് റിലീസിന് മുന്‍പ് സിനിമാപ്രേമികള്‍ ഭാവന ചെയ്തിരുന്നില്ല.

Latest Videos

 

അതേസമയം റീ സെന്‍സറിംഗിലേക്ക് നയിച്ച വിവാദങ്ങള്‍ക്കിടയിലും ചിത്രം വന്‍ കളക്ഷനാണ് നേടുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രമായി മാറിയിരുന്നു എമ്പുരാന്‍. വെറും അഞ്ച് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ ഈ നേട്ടം. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനും എമ്പുരാന്‍റെ പേരിലാണ് ഇപ്പോള്‍. 

ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!