കെഎസ്ആർടിസി കൊറിയർ സർവീസ് സ്വകാര്യവൽക്കരിക്കുന്നുവെന്ന വാദം തെറ്റ്; സൗകര്യങ്ങൾ മെച്ചപ്പെടുത്താനെന്ന് ചെയർമാൻ

കെഎസ്ആർടിസി നടപ്പിലാക്കിയ നവീനപദ്ധതികളിൽ വളരെയധികം ജനപ്രീതിയാർജ്ജിച്ച പദ്ധതിയാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസെന്നും ചെയർമാൻ. 


തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് പുറംകരാറിലേക്ക് എന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്ആർടിസി ചെയർമാൻ പി.എസ് പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് അറിയിച്ചു. കെഎസ്ആർടിസി നടപ്പിലാക്കിയ നവീനപദ്ധതികളിൽ വളരെയധികം ജനപ്രീതിയാർജ്ജിച്ച പദ്ധതിയാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസെന്നും വിജയകരമായി ലോജിസ്റ്റിക്സ് സർവീസുകൾ നടത്തിവരുന്ന അന്യസംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ മാതൃക പിന്തുടർന്നാണ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കായി നിയമപരമായി ടെണ്ടർ ക്ഷണിച്ചിട്ടുള്ളതെന്നും വാ‌ർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

കുറഞ്ഞ കാലയളവിൽ തന്നെ ഈ സംവിധാനത്തെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. ആയതിനാൽ കെഎസ്ആർടിസിയുടെ നിലവിലുള്ള സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇത്രയും ഉപഭോക്താക്കൾക്ക് കാര്യക്ഷമമായ സേവനം നൽകുന്നതിന് മതിയാകാതെ വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെണ്ടർ ക്ഷണിച്ചത്. 

Latest Videos

നിലവിൽ ഡിപ്പോകളിലെ ലോജിസ്റ്റിക്സ് കൗണ്ടറുകളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, ഉപഭോക്താക്കൾക്ക്  ഡോർ ഡെലിവറി സൗകര്യം ഉറപ്പാക്കുക എന്നീ നടപടികൾക്ക് മാത്രമായാണ് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്. കെ.എസ്.ആർ.ടി സിയുടെ തന്നെ ലോജിസ്റ്റിക്സ് സോഫ്ട്‍വെയർ ഉപയോഗിച്ച് തന്നെയായിരിക്കും സാധനങ്ങൾ അയക്കുന്നതും സ്വീകരിക്കുന്നതും. ഓരോ ദിവസത്തെയും ലോജിസ്റ്റിക്സ് വരുമാനം കരാർ കരസ്ഥമാക്കുന്ന ഏജൻസി കെ.എസ്.ആർ.ടി.സി യിലേക്ക് ഒടുക്കുകയും ആയത് ക്രോഡീകരിച്ച് വരുമാനത്തിന്റെ നിശ്ചിത വിഹിതം പ്രതിമാസം ടെണ്ടർ കരസ്ഥമാക്കുന്ന  ഏജൻസിക്ക് നൽകുന്ന രീതിയിലാണ് ടെണ്ടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം നൽകുന്നതിനും കെഎസ്ആർടി സിക്ക് അധിക വരുമാനം സമാഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നിയമപരമായ രീതിയിൽ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. വസ്തുത ഇതായിരിക്കെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം സ്വകാര്യവൽക്കരിക്കുന്നു എന്ന രീതിയിലുള്ള വാർത്ത തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്ന് അറിയിക്കുന്നുവെന്നും കെഎസ്ആർടിസി ചെയർമാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

പൊലീസുകാരനെ കുത്തിയ പ്രതികൾ‌ കോടതിയിലേക്ക്, ഓടി രക്ഷപ്പെട്ടവരെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

click me!