ഒന്നിലധികം ക്രെഡിറ്റ് ബ്യൂറോകളും സ്കോറിംഗ് മോഡലുകളും ഉള്ളതിനാൽ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് സംശയങ്ങൾ ഉണ്ടായേക്കാം.
ഒരു വായ്പ എടുക്കണമെങ്കിലോ ഇഎംഐയിൽ എന്തെങ്കിലും വാങ്ങണമെങ്കിലോ ഒക്കെ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ മികച്ചതായിരിക്കണം. അല്ലാത്തപക്ഷം വായ്പ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. അതിനാൽ ക്രെഡിറ്റ് സ്കോർ മനസിലാക്കേണ്ടത് പ്രധാനമാണ്. ഒന്നിലധികം ക്രെഡിറ്റ് ബ്യൂറോകളും സ്കോറിംഗ് മോഡലുകളും ഉള്ളതിനാൽ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് സംശയങ്ങൾ ഉണ്ടായേക്കാം.
എന്താണ് ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോർ എന്നത് 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ്. കടം വാങ്ങുന്നയാളുടെ വായ്പാ പശ്ചാത്തലം, ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ തിരിച്ചടവ്ശേഷി തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിയുടെ സ്കോർ കണക്കാക്കുന്നത്.ക്രെഡിറ്റ് സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും .
ക്രെഡിറ്റ് സ്കോർ എങ്ങനെ വിലയിരുത്താം
300-579 : ഇതിനുള്ളിൽ വരുന്ന സ്കോർ മോശം സ്കോറായാണ് കണക്കാക്കുക. വായ്പ അപേക്ഷ നിരസിക്കപ്പെടാൻ വരെയുള്ള സാധ്യതകളുണ്ട്.
580-669 : വലിയ കുഴപ്പങ്ങളില്ലാത്ത സ്കോർ ആണിത്. റിസ്ക് കുറവാണെണെങ്കിലും ഉണ്ട്. വായ്പ ലഭിക്കാനുള്ള സാധ്യതകളുമുണ്ട്. പക്ഷേ പലിശ നിരക്കുകൾ സാധാരണയേക്കാൾ കൂടുതലായിരിക്കാം
670-749 : ഇത് നല്ല സ്കോറായാണ് കണക്കാക്കുന്നത്. വായ്പ അപേക്ഷകൾ തള്ളില്ല. പലിശ നിരക്ക് കുറവായിരിക്കും.
750-900 : മികച്ച സ്കോറായാണ് ഇതിനെ കണക്കാക്കുന്നത്. 750 ന് മുകളിലുള്ള സ്കോർ വായ്പ ഉറപ്പിക്കുന്നു. ഇത് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാൻ സഹായിക്കുന്നു.