കൈതപ്രം കൊലപാതകം: വെടിയുണ്ട രാധാകൃഷ്ണന്‍റെ ഹൃദയത്തിൽ തുളച്ചുകയറി, സന്തോഷ് എത്തിയത് കൊല്ലാനുറച്ച് 

കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍റെ മരണ കാരണം നെഞ്ചിൽ വെടിയേറ്റതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. രാധാകൃഷ്ണനെ കൊലപ്പെടുത്താനുറച്ചാണ് എത്തിയതെന്നും സന്തോഷ് മൊഴി നൽകി. 

kannur Kaithapram murder: Cause of death: Shot in the chest postmortem report, accused Santosh statement

കണ്ണൂർ: കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍റെ മരണ കാരണം നെഞ്ചിൽ വെടിയേറ്റത്. വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. നാടൻ തോക്ക് ഉപയോഗിച്ചാണ്  പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. ഈ തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നൽകി.

തോക്കും കത്തിയുമായാണ് പ്രതി സന്തോഷ് കൈതപ്രത്ത് എത്തിയത്. വെടിവെയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആക്രമിക്കാനാണ് കത്തി കയ്യിൽ കരുതിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നുവെന്നും സന്തോഷ് മൊഴി നൽകി. വീട്ടിലേക്ക് കയറി നിമിഷങ്ങൾക്കുളളിൽ വെടിയുതിർത്തു. ഇന്നലെ രാവിലെ രാധാകൃഷ്ണന്‍റെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണി മുഴക്കി. സന്തോഷ് ഭീഷണിപ്പെടുത്തിയ വിവരം രാധാകൃഷ്ണൻ മകനെ അറിയിച്ചിരുന്നു. ഭാര്യയുമായുളള സൗഹൃദം വിലക്കിയത് പ്രകോപനമായെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് പൊലീസിന് മൊഴി നൽകി. 

Latest Videos

കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തിവിരോധമാണെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ കഴിയാത്തതിലെ വിരോധം കൊണ്ടാണ് കൊലപാതകമെന്നാണ് എഫ്ഐആർ. കൈതപ്രത്തെ രാധാകൃഷ്ണന്‍റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നടന്ന കൊലപാതകം. കരുതിക്കൂട്ടി ഇവിടെക്കെത്തിയാണ് പ്രതിയായ പെരുമ്പടവ് സ്വദേശി സന്തോഷ്‌ വെടിയുതിർത്തതെന്നാണ് പൊലീസ് നിഗമനം. രാധാകൃഷ്ണൻ പതിവായെത്തുന്ന സമയം മനസിലാക്കി വീടിനുള്ളിൽ കാത്തിരുക്കുകയായിരുന്നു സന്തോഷ്‌.

രാധാകൃഷ്ണന്‍റെ ഭാര്യയും സന്തോഷും സഹപാഠികളാണ്. ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും അത് തുടരാൻ സാധിക്കാത്തതിന്‍റെ വിരോധത്തിൽ രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നുമാണ് എഫ്ഐആറിലുള്ളത്. വ്യക്തിപരമായ പ്രശ്നങ്ങളിൽ സന്തോഷിനെതിരെ രാധാകൃഷ്ണൻ രണ്ട് മാസം മുൻപ് പരിയാരം പൊലീസിൽ പരാതിയും നൽകിയിരുന്നു. ഫേസ്ബുക് പോസ്റ്റുകളുടെ പേരിലും പ്രശ്നങ്ങൾ ഉണ്ടായതായാണ് വിവരം. വീടിന്‍റെ നിർമാണ കരാറിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായെന്നും വിവരമുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് നായ സമീപത്തുള്ള വണ്ണാത്തിപ്പുഴയുടെ തീരം വരെ മണം പിടിച്ചു ചെന്നു. പയ്യന്നൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

കൈതപ്രം വെടിവെപ്പ്: രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദം തുടരാനാകാത്തത് കൊലപാതകത്തിന് കാരണം; സന്തോഷ് അറസ്റ്റിൽ

 

vuukle one pixel image
click me!