കരുനാഗപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികൾ കൊലപാതകത്തിന് മുൻപ് റിഹേഴ്സൽ നടത്തിയെന്ന് പോലീസ്. ഓച്ചിറയിൽ വെച്ചായിരുന്നു പരിശീലനം. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു.
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കൊലപാതകം നടത്തുന്നതിന് മുമ്പ് റിഹേഴ്സൽ നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിൽ വെച്ചായിരുന്നു ഈ പരിശീലനം. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചു എന്നാണ് വിവരം.
മനു ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ വീട്ടിൽ വെച്ചുനടന്ന പരിശീലനത്തിന് ശേഷം വീട്ടുമുറ്റത്ത് കിടന്ന കാറിലാണ് പ്രതികൾ കൊലപാതകം നടത്താൻ എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ പ്രധാന പ്രതികൾക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇവർക്കായി അന്വേഷണം നടത്തുന്നത്.
കൊലപാതകത്തിന് മുമ്പ് വലിയ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. നിലവിൽ ഒരാൾ മാത്രമാണ് കസ്റ്റഡിയിലുള്ളത്. കേസിലെ അഞ്ച് പ്രതികളുടെ ചിത്രങ്ങൾ പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതുൽ, ഹരി, പ്യാരി, രാജപ്പൻ എന്നിവരുടെയും ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്.
പങ്കജിനെ നേരത്തെ കൊല്ലപ്പെട്ട സന്തോഷ് ആക്രമിച്ചിരുന്നു. ഈ കേസിലാണ് വധശ്രമം ഉൾപ്പെടെ ചുമത്തപ്പെട്ട സന്തോഷ് ജയിലിൽ കഴിഞ്ഞത്. പങ്കജിനെ സന്തോഷ് കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഇതിന്റെയൊക്കെ പ്രതികാരമായി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാകാമെന്ന് നിഗമനത്തിലാണ് പൊലീസ്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ വർഷങ്ങളായി പക നിലനിൽക്കുന്നുണ്ട്. ഇതും കൊലയ്ക്ക് കാരണമായേക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം