അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് സര്‍ക്കാരിന്‍റെ ക്ലീൻ ചിറ്റ്. എംആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസിൽ എം.ആർ. അജിത് കുമാറിന് സർക്കാറിന്‍റെ ക്ലീൻചിറ്റ്. പി.വി.അൻവറിന്‍റെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതിനിടെ, അന്വേഷണം പൂർത്തിയായ കാര്യം കോടതിയിൽ വിജിലൻസ് മറച്ചുവെച്ചതിന്‍റെ വിവരവും പുറത്തുവന്നു.
പി വിജയനെതിരെ വ്യാജമൊഴി നൽകിയതിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കാതിരിക്കുന്നതിനിടെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടുള്ള അതിവേഗമുള്ള ക്ലീൻചിറ്റ്. എഡിജിപി അജിത് കുമാർ അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന ആരോപണം തള്ളി വിജിലൻസ് ഡയറക്ടർ കഴിഞ്ഞ മാസം 12നാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടാണ് സർക്കാരും അംഗീകരിച്ചത്.
ഇതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന് ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റത്തിന്‍റെ പ്രധാനതടസം മാറി. പി. വിജയനെതിരെ വ്യാജമൊഴി നൽകിയതിൽ കേസെടുക്കാമെന്ന ഡിജിപി ശുപാർശ സർക്കാരിന്‍റെ മുന്നിലുള്ളപ്പോഴാണ് തിടുക്കപ്പെട്ടുള്ള കുറ്റവിമുക്തമാക്കൽ. ഇതിനിടെ, അജിത് കുമാറിന് വേണ്ടി സർക്കാരും വിജിലൻസും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്‍റെ രേഖകളും പുറത്തുവന്നു.
കഴിഞ്ഞ മാസം 12നാണ് വിജിലന്‍സ് ഡയറക്ടർ അന്തിമ റിപ്പോർട്ട് നൽകിയതെന്ന് രേഖകളിൽ വ്യക്തമാണ്. എന്നാൽ, സമാന ആരോപണത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതി കഴിഞ്ഞമാസം 25ന് കേസ് പരിഗണിച്ചിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടപ്പോൾ അന്വേഷണം പൂർത്തിയായില്ലെന്നും 45 ദിവസം കൂടി വേണമെന്നുമായിരുന്നു വിജിലൻസ് മറുപടി.
വിജിലൻസ് റിപ്പോർട്ട് കോടതിയുടെ പരിശോധനക്ക് വിധമായായാൽ കോടതിയുടെ സംശയങ്ങള്‍ക്ക് മറുപടി നൽകേണ്ടിവരും. കോടതി നടപടികള്‍ നീണ്ടുപോയാൽ അത് അജിത് കുമാറിന്‍റെ സ്ഥാനക്കയറ്റത്തെ ബാധിക്കും. അതൊഴിവാക്കാനാണ് അന്വേഷണം പൂർത്തിയായിട്ടും അതു കോടതിയിൽ മറച്ചുവച്ചത്. അജിത് കുമാറിനെതിരായ പൂരം കലക്കലിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും ഡിജിപി തല അന്വേഷണവും മെല്ലെപ്പോക്കിലാണ്.
അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്, ആരോപണങ്ങള്‍ തള്ളി വിജിലൻസ്